ദുബായ്, 29 ഫെബ്രുവരി 2024 (WAM) -- ബഹിരാകാശ സഞ്ചാരികളും, ലീഡർഷിപ്പ് ടീം, എഞ്ചിനീയർമാർ എന്നിവരുൾപ്പെടെയുള്ള ജീവനക്കാരുടെ സാന്നിധ്യത്തിൽ നടന്ന ഒരു ഗംഭീര ചടങ്ങോടെ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്ററിൻ്റെ(എംബിആർഎസ്‌സി) 18-ാം വാർഷികം മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിൽ, ആഘോഷിച്ചു.
2006-ൽ കേന്ദ്രം സ്ഥാപിക്കാനുള്ള ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ തീരുമാനം എടുത്തുകാണിച്ചുകൊണ്ട് എംബിആർഎസ്‌സി ഡയറക്ടർ ജനറൽ സലേം ഹുമൈദ് അൽമറിയുടെ ഉദ്ഘാടന പ്രസംഗത്തോടെയാണ് പരിപാടി ആരംഭിച്ചത്. ആഗോള ബഹിരാകാശ പര്യവേഷണത്തിൽ രാജ്യത്തിൻ്റെ നേതാവെന്ന നിലയിൽ യുഎഇയുടെ ബഹിരാകാശ മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ കേന്ദ്രത്തിൻ്റെ പങ്കും അദ്ദേഹം എടുത്തു പറഞ്ഞു.
യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ പിന്തുണയില്ലാതെ ഈ നേട്ടങ്ങൾ സാധ്യമാകില്ലെന്നും അദ്ദേഹം അടിവരയിട്ടു.
ചടങ്ങിൽ ബഹിരാകാശ സഞ്ചാരിയും, യുവജനകാര്യ സഹമന്ത്രിയുമായ ഡോ. സുൽത്താൻ അൽ നെയാദി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും വിജയികൾക്കുള്ള സമ്മാനങ്ങളുമായി സെൻ്റർ ടീമിനായി ഒരു മത്സരം നടത്തുകയും ചെയ്തു.
പരിപാടിയിൽ, സായിദ് ആംബിഷൻ 2 മിഷൻ, പിഎച്ച്ഐ-ഡെമോ സാറ്റലൈറ്റ്, എമിറേറ്റ്‌സ് ലൂണാർ മിഷൻ, സ്‌പേസ് ഓപ്‌സ് 2023 എന്നിവയുടെ ടീമുകളെ കേന്ദ്രത്തിൻ്റെ മാനേജ്‌മെൻ്റ് ആദരിച്ചു. 10 വർഷത്തിലധികം സേവനമനുഷ്ഠിച്ച ജീവനക്കാരെയും കേന്ദ്രം ആദരിച്ചു, അതേസമയം എല്ലാ ഡിപ്പാർട്ട്‌മെൻ്റുകളിലെയും വിശിഷ്ട ജീവനക്കാരെയും ആദരിക്കുകയും, സേലം ഹുമൈദ് അൽമറി അവർക്ക് സ്മരണിക ഷീൽഡുകൾ സമ്മാനിക്കുകയും ചെയ്തു.
"എംബിആർഎസ്‌സിയുടെ 18-ാം വാർഷികം ആഘോഷിക്കുമ്പോൾ, ഞങ്ങളുടെ ശ്രദ്ധേയമായ നേട്ടങ്ങളുടെ അടിസ്ഥാനശിലയായ നമ്മുടെ യുവാക്കളെ ശാക്തീകരിക്കുക എന്ന അതിമോഹമായ കാഴ്ചപ്പാടോടെ ആരംഭിച്ച ഒരു യാത്രയുടെ അഭിമാനകരമായ പ്രതിഫലനത്തിലാണ് ഞങ്ങൾ നിൽക്കുന്നത്. ഞങ്ങളുടെ ആദ്യ ദൗത്യം പ്രതിഭകളെ കണ്ടെത്തുക മാത്രമായിരുന്നില്ല. വിവിധ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന മികവിൻ്റെ പൈതൃകം രൂപപ്പെടുത്തുന്ന നേതാക്കളെ വാർത്തെടുക്കുക, നമ്മുടെ രാജ്യത്തെ വ്യത്യസ്തതയോടെ സേവിക്കാൻ കഴിവുള്ള മനസ്സുകളെ പരിപോഷിപ്പിക്കുക എന്നതിലായിരുന്നു തുടക്കം മുതൽ ഞങ്ങളുടെ ശ്രദ്ധ. ഈ സമർപ്പണം നിരവധി വിജയഗാഥകളിൽ ഫലം കണ്ടു, ഈ നേട്ടങ്ങൾ സാക്ഷ്യപ്പെടുത്തുന്നു എംബിആർഎസ്‌സിയിലെ ഞങ്ങളുടെ ടീമിൻ്റെ അചഞ്ചലമായ ചൈതന്യവും കഴിവും. നമ്മുടെ ആളുകളിലുള്ള ഞങ്ങളുടെ ആത്മവിശ്വാസം അതിരുകളില്ലാത്തതാണ്, ഈ അടിത്തറയോടെയാണ് ആഗോള ബഹിരാകാശ ശ്രമങ്ങളിൽ യുഎഇയെ മുൻനിരയിൽ നിർത്തുന്ന ഞങ്ങളുടെ പദ്ധതികളും ദൗത്യങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നത്," അൽമറി പറഞ്ഞു.
WAM/അമൃത രാധാകൃഷ്ണൻ