ദുബായ്, 2024 മാർച്ച് 04, (WAM) -- ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ഡെവലപ്‌മെൻ്റ് ആൻ്റ് സിറ്റിസൺസ് അഫയേഴ്‌സ് ഹയർ കമ്മിറ്റി ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉൽപ്പാദനക്ഷമമായ കാർഷിക പദ്ധതികളുടെ ഉടമകളായ എമിറാറ്റി കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി സേവനങ്ങളും പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്യുന്ന 'ദുബായ് ഫാംസ്' പ്രോഗ്രാമിന് ഔദ്യോഗികമായി തുടക്കംകുറിച്ചു.
ദുബായിയെ ജീവിതാനുഭവങ്ങളുടെ മുൻനിര നഗരമാക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ദുബായ് സോഷ്യൽ അജണ്ട 33-ൻ്റെ ലക്ഷ്യങ്ങളുമായി 'ദുബായ് ഫാംസ്' പ്രോഗ്രാം യോജിക്കുന്നു. പ്രസ്തുത അജണ്ട പൗരന്മാരെ ശാക്തീകരിക്കുകയും എമിറേറ്റിൻ്റെ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള അവരുടെ സംഭാവന വർദ്ധിപ്പിക്കുകയും അവരുടെ സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹിക സ്ഥിരതയും ഉറപ്പാക്കുകയും ചെയ്യുന്നു.
ദുബായിലെ പ്രാദേശിക കൃഷിയുടെ പ്രാധാന്യവും, ജീവിക്കാനും ജോലി ചെയ്യാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബായിയെ സ്ഥാപിക്കാനുള്ള ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതിന് അത് വികസിപ്പിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകത ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ഊന്നിപ്പറഞ്ഞു.
എമിറേറ്റിലെ കാർഷിക മേഖലയുടെ വികസനത്തിനും വിളകളുടെ സുസ്ഥിരത വർധിപ്പിക്കുന്നതിനും സഹായിക്കുന്ന പ്രോത്സാഹനങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് ഉൽപ്പാദനക്ഷമതയുള്ള എമിറാറ്റി കർഷകരെ പിന്തുണയ്ക്കുന്നതിനായി ഞങ്ങൾ ഇന്ന് 'ദുബായ് ഫാംസ്' പ്രോഗ്രാം ആരംഭിച്ചു. ദുബായിലെ കൃഷി കൂടുതൽ ഉൽപ്പാദനക്ഷമവും സുസ്ഥിരവുമാക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ തുടരും,’ ശൈഖ് ഹംദാൻ പറഞ്ഞു.
“ദുബായുടെ ഭാവി കാഴ്ചപ്പാടിൻ്റെ കേന്ദ്രബിന്ദു ജനങ്ങളാണ്, അതേസമയം സുസ്ഥിരതയും നേതൃത്വവും മത്സരശേഷിയുമാണ് അതിൻ്റെ പ്രധാന സ്തംഭങ്ങൾ. ഞങ്ങളുടെ തന്ത്രപ്രധാനമായ മുൻഗണനകളിൽ എമിറാറ്റി കർഷകരെ പിന്തുണയ്ക്കുന്നതും പ്രാദേശിക കാർഷിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതും ഉൾപ്പെടുന്നു, ഇത് ദുബായിലെ ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും അടുത്ത തലമുറകൾ സ്വയംപര്യാപ്തതയുള്ള സുസ്ഥിരമായ ഭാവി ഉറപ്പാക്കുന്നതിനും സഹായിക്കുന്നു," അദ്ദേഹം അഭിപ്രായപ്പെട്ടു.
“കാർഷിക മേഖലയിലെ തൊഴിലുകളുടെ തുടർച്ച ഉറപ്പാക്കുന്നതിന് അമച്വർമാരെയും പ്രൊഫഷണലുകളെയും ഒരുപോലെ ഉൾക്കൊള്ളുന്ന ഒരു കർഷക അസോസിയേഷൻ സ്ഥാപിക്കാൻ ഞങ്ങൾ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ദുബായുടെ സുസ്ഥിര ഭാവിയുടെ താക്കോലാണ് കൃഷി, നമ്മുടെ പൗരന്മാരും വരും തലമുറകളും മികച്ച ജീവിതം ആസ്വദിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്,” അദ്ദേഹം പറഞ്ഞു.
കർഷകർക്ക് വർക്ക്ഷോപ്പുകൾ, പതിവ് ലാബ് പരിശോധന, പങ്കാളിത്തം, സാമൂഹിക പിന്തുണ എന്നിവയുൾപ്പെടെ സമഗ്രമായ സേവനങ്ങളും പ്രോത്സാഹനങ്ങളും നൽകാനാണ് ദുബായ് മുനിസിപ്പാലിറ്റി നടപ്പാക്കുന്ന 'ദുബായ് ഫാംസ്' പരിപാടി ലക്ഷ്യമിടുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രി പറഞ്ഞു.
ദുബായ് മുനിസിപ്പാലിറ്റിയുടെ ദൗത്യത്തിൻ്റെ ഭാഗവും സുസ്ഥിരമായ ഭക്ഷണ സംവിധാനങ്ങൾ നിർമ്മിക്കുന്നതിനും ഭക്ഷ്യ സ്രോതസ്സുകളുടെ സുസ്ഥിരത വർദ്ധിപ്പിക്കുന്നതിനുമുള്ള തന്ത്രപരമായ മുൻഗണനകളുടെ ഭാഗമാണ് പ്രോഗ്രാമിൻ്റെ ലക്ഷ്യങ്ങൾ, ഇത് ആത്യന്തികമായി ദുബായുടെ സമൃദ്ധിയും ജീവിത നിലവാരവും ഉയർത്തുന്നു.
എമിറാറ്റി കർഷകരെ പിന്തുണയ്ക്കുന്നതിനും പ്രാദേശിക കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര പരിപാടി, ദുബായ് മുനിസിപ്പാലിറ്റി, ഫാമിംഗ് കൺസൾട്ടേഷൻ സേവനങ്ങൾ, സബ്‌സിഡിയുള്ള കാർഷിക സാമഗ്രികൾ, ആവശ്യമായ ലാബ് പരിശോധന, കീടനിയന്ത്രണ സേവനങ്ങൾ, പ്രാദേശിക വിപണി ആവശ്യങ്ങൾ നിറവേറ്റാൻ കർഷകർക്ക് നിർദ്ദേശം നൽകൽ എന്നിവയിലൂടെ 'ദുബായ് ഫാംസ്' വാഗ്ദാനം ചെയ്യുന്നു.
'ബെസ്റ്റ് ഹോം ഗാർഡൻ' മത്സരം, ഗൾഫുഡ് അഗ്രോടെക് എക്സിബിഷൻ, കൂടാതെ ജനപ്രിയ പഴങ്ങൾ ആഘോഷിക്കുന്നതിനായി അടുത്ത ജൂലൈയിൽ സംഘടിപ്പിക്കുന്ന 'ലോക്കൽ ഡേറ്റ്സ് വീക്ക്' എന്നിവയുൾപ്പെടെ നിരവധി പരിപാടികളും പ്രോഗ്രാം ആരംഭിക്കും.
കാർഷിക സാമഗ്രികൾ, യന്ത്രസാമഗ്രികൾ, ജലസേചന സംവിധാനങ്ങൾ എന്നിവയ്ക്ക് മത്സരാധിഷ്ഠിത വില വാഗ്ദാനം ചെയ്യുന്നതാണ് മറ്റ് ആനുകൂല്യങ്ങൾ. ദുബായ് ഫാംസ് പ്രോഗ്രാമിൽ പ്ലാൻ്റ് യുവർ ഫുഡ് എന്ന സംരംഭത്തിൻ്റെ ഓർഗനൈസേഷനും കാണാം, ഇത് ഗാർഡനിംഗ്, ഹത്ത ഫാമിംഗ് ഫെസ്റ്റിവൽ, മറ്റ് സീസണൽ കർഷക വിപണി പരിപാടികൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു.
കർഷകരുടെ കൂട്ടായ്മ ആരംഭിക്കുന്നതിനു പുറമേ, ദുബായ് മുനിസിപ്പാലിറ്റിയുടെ ഡിജിറ്റൽ പരിവർത്തന ശ്രമങ്ങളെ പിന്തുണയ്ക്കുന്ന സ്മാർട്ട് ഫാമിംഗ് പ്ലാറ്റ്ഫോം സാങ്കേതിക വിശദാംശങ്ങൾ നൽകാനും കാര്യക്ഷമത മെച്ചപ്പെടുത്താനും കർഷകർക്കിടയിൽ അവബോധം വളർത്താനും സഹായിക്കും.
അടുത്തിടെ നടന്ന ഗൾഫുഡ് എക്‌സിബിഷനിൽ, ദുബായ് മുനിസിപ്പാലിറ്റി കർഷകരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനും വിൽക്കുന്നതിനുമായി ജിഎംജിയുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു. പ്രാദേശിക ഔട്ട്‌ലെറ്റുകളിലുടനീളം ജിഎംജി വിളകൾ ശേഖരിക്കുകയും പാക്കേജ് ചെയ്യുകയും വിപണനം ചെയ്യുകയും ചെയ്യും.
WAM/അമൃത രാധാകൃഷ്ണൻ