ഷാർജ, 6 മാർച്ച് 2024 (WAM) -- ഇത്തിഹാദ് റെയിലിൻ്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ സാന്നിധ്യത്തിൽ അൽ ഖാസിമി സെൻ്ററിൽ നടന്ന യുഎഇയുടെ ദേശീയ റെയിൽവേ ശൃംഖലയുടെ പ്രധാന ട്രാക്ക് ഷാർജയിലെ ഭാവി പാസഞ്ചർ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിൻ്റെ പ്രഖ്യാപന ചടങ്ങിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സാക്ഷ്യം വഹിച്ചു.
ഇത്തിഹാദ് റെയിൽ വികസിപ്പിച്ച് പ്രവർത്തിപ്പിക്കുന്ന യുഎഇയുടെ ദേശീയ റെയിൽവേ നെറ്റ്‌വർക്ക് നടപ്പിലാക്കുന്നതിനുള്ള തന്ത്രത്തിൻ്റെ ഭാഗമാണ് പ്രഖ്യാപനം. പാസഞ്ചർ ട്രെയിൻ സേവനങ്ങൾ മെച്ചപ്പെടുത്തുക, രാജ്യത്തെ നഗരങ്ങളെയും പാർപ്പിട പ്രദേശങ്ങളെയും സുരക്ഷിതവും വിശ്വസനീയവും ഫലപ്രദവുമായ നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഷാർജയിലെ പാസഞ്ചർ സ്റ്റേഷനുമായി നെറ്റ്‌വർക്ക് ട്രാക്ക് ബന്ധിപ്പിക്കുന്നതിനുള്ള ഡിസൈൻ-ബിൽഡ് കരാറിൽ ഒപ്പുവെക്കുന്നതാണ് പ്രഖ്യാപന പരിപാടി. ഇത്തിഹാദ് റെയിൽ സിഇഒ ഷാദി മലക്കും ട്രൈസ്റ്റാർ എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയുടെ ചെയർമാൻ നാജി അൽ ഹർത്തിയും കരാറിൽ ഒപ്പുവച്ചു.
യുഎഇ ദേശീയ റെയിൽ ശൃംഖല വികസിപ്പിക്കുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും കമ്പനി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ശൈഖ് തിയാബ് ബിൻ മുഹമ്മദ് അഭിപ്രായപ്പെട്ടു. നിലവിൽ, നെറ്റ്‌വർക്കിൻ്റെ പ്രധാന ട്രാക്ക് ഷാർജ എമിറേറ്റിലെ പാസഞ്ചർ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിലാണ് ശ്രമങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ നടപടി എമിറേറ്റ്‌സിലെ റെസിഡൻഷ്യൽ കമ്മ്യൂണിറ്റികൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും ശൃംഖലയിലെ സ്‌റ്റേഷനുകൾക്കിടയിൽ യാത്ര ചെയ്യുന്നത് യാത്രക്കാർക്ക് എളുപ്പമാക്കുകയും ചെയ്യുന്നു.
ഷാർജയിലെ പാസഞ്ചർ സ്റ്റേഷനുമായി പ്രധാന റെയിൽ ശൃംഖല ബന്ധിപ്പിക്കുന്നത് വിവിധ എമിറേറ്റുകളിൽ നിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാരുടെ ഗതാഗതം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവൃത്തിദിവസങ്ങളിൽ പ്രതിദിനം 14,000 യാത്രക്കാരാവുമെന്നാണ് കണകാക്കുന്നത്.
ഷാർജ പാസഞ്ചർ സ്‌റ്റേഷനെ യൂണിവേഴ്‌സിറ്റി സിറ്റിക്ക് സമീപമുള്ള പ്രമുഖ സ്ഥാനം കൊണ്ട് വ്യത്യസ്‌തമാക്കുന്നു, ഷാർജ എമിറേറ്റിലെയും മറ്റ് എമിറേറ്റുകളിലെയും പ്രധാനപ്പെട്ട സൗകര്യങ്ങൾ, ലാൻഡ്‌മാർക്കുകൾ, ജനസംഖ്യാ കേന്ദ്രങ്ങൾ എന്നിവയിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകുന്നു. നെറ്റ്‌വർക്കിലെ പാസഞ്ചർ സ്റ്റേഷനുകൾക്കിടയിലുള്ള യാത്രാ ദൂരം കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.
ഭാവിയിൽ മത്സരാധിഷ്ഠിത യാത്രാ ഗതാഗത സേവനങ്ങൾ ഉറപ്പുനൽകുന്നതിനായി യുഎഇയുടെ ദേശീയ റെയിൽവേ ശൃംഖല വികസിപ്പിക്കുകയും 900 കിലോമീറ്ററിലധികം വ്യാപിക്കുകയും ചെയ്യും. അൽ റുവൈസ്, അൽ മിർഫ, ഫുജൈറ, ഷാർജ, അൽ ദൈദ്, അബുദാബി, ദുബായ് എന്നിവയുൾപ്പെടെ അൽ സിലയിൽ നിന്ന് ഫുജൈറയിലേക്ക് രാജ്യത്തുടനീളമുള്ള 11 നഗരങ്ങളെയും പ്രദേശങ്ങളെയും റെയിൽവേ പാസഞ്ചർ ഗതാഗത സേവനങ്ങൾ ഉടൻ ബന്ധിപ്പിക്കും.
WAM/അമൃത രാധാകൃഷ്ണൻ