അബുദാബി, 6 മാർച്ച് 2024 (WAM) -- യുഎഇയിൽ സേവനമനുഷ്ഠിക്കുന്ന പുതിയ വിദേശ അംബാസഡർമാരുടെ യോഗ്യതാപത്രങ്ങൾ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഏറ്റുവാങ്ങി. മ്യാൻമറിലെ യുഎഇ അംബാസഡർ മൊതാസ് അബ്ദുല്ല അൽ ഫാഹിമും രാഷ്ട്രപതിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.
അബുദാബിയിലെ ഖാസർ അൽ ബഹറിൽ നടന്ന ചടങ്ങിൽ, അദ്ദേഹംഅംബാസഡർമാരെ സ്വാഗതം ചെയ്തു. അവരുടെ ചുമതലകളിൽ വിജയിക്കുന്നതിനും യുഎഇയും അതത് രാജ്യങ്ങളും തമ്മിലുള്ള എല്ലാ മേഖലകളിലും ബന്ധം മെച്ചപ്പെടുത്താനും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസിച്ചു. യുഎഇ സ്ഥാപനങ്ങൾ അവരുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും സുഗമമാക്കുകയും ചെയ്യുമെന്ന് ശൈഖ് മുഹമ്മദ് സ്ഥിരീകരിച്ചു.
പരസ്പര ബഹുമാനം, സഹകരണം, പങ്കിട്ട താൽപ്പര്യങ്ങൾ എന്നിവയിൽ അധിഷ്ഠിതമായ, ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള യുഎഇയുടെ സമർപ്പണത്തെ ശൈഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു. എല്ലാവരുടെയും പ്രയോജനത്തിനായി വികസനവും സമൃദ്ധിയും വളർത്തുന്നതിനുള്ള യുഎഇയുടെ ശ്രമങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു.
സ്വീഡൻ കിംഗ്ഡം അംബാസഡർ ഫ്രെഡ്രിക്ക് ഫ്ലോറൻ, ബ്രസീലിൻ്റെ അംബാസഡർ സിഡ്നി ലിയോൺ റൊമേറോ, സൗദിയുടെ അംബാസഡർ സുൽത്താൻ ബിൻ അബ്ദുല്ല അൽ അൻഖാരി, സെയ്ഷെൽസിൻ്റെ അംബാസഡർ ഗെർവൈസ് മൗമോ; ഫിൻലൻഡ് അംബാസഡർ തുലാ യർജോല, ഡൊമിനിക്കൻ അംബാസഡർ റെൻസോ ഹെരേര ഫ്രാങ്കോ, മൊറോക്കോ അംബാസഡർ അഹമ്മദ് എൽ താസി, ബുർക്കിന ഫാസോയുടെ അംബാസഡർ സൗലെമാൻ കൊണേറ്റ്, ഓസ്‌ട്രേലിയൻ അംബാസഡർ റിദ്‌വാൻ ജദ്‌വത്, ഗിനിയയുടെ അംബാസഡർ സെകൗ ചെറിഫ്കെ കാമറയും എന്നീ അംബാസഡർമാരുടെ യോഗ്യതാപത്രങ്ങൾ രാഷ്‌ട്രപതി സ്വീകരിച്ചു;.
തങ്ങളുടെ രാജ്യങ്ങളിലെ നേതാക്കളുടെ ആശംസകളും യുഎഇക്കും അവിടുത്തെ ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കാനുള്ള ആശംസകളും അംബാസഡർമാർ രാഷ്ട്രപതിയെ അറിയിച്ചു. യുഎഇയിൽ ആയിരിക്കുന്നതിലുള്ള സന്തോഷവും രാജ്യവുമായുള്ള തങ്ങളുടെ രാജ്യങ്ങളുടെ ബന്ധം എല്ലാ തലത്തിലും ശക്തിപ്പെടുത്താനുള്ള തങ്ങളുടെ ദൃഢനിശ്ചയവും അവർ പ്രകടിപ്പിച്ചു.
യുഎഇ സഹമന്ത്രി ശൈഖ് ശഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ, സഹമന്ത്രി അഹമ്മദ് അലി അൽ സയേഗ്, വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഖാലിദ് ബെൽഹൂൽ അൽ ഫലാസി, കൂടാതെ നിരവധി ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
WAM/അമൃത രാധാകൃഷ്ണൻ