ഷാർജ, 12 മാർച്ച് 2024 (WAM) -- ഷാർജയിലെ സിവിൽ ഏവിയേഷൻ വകുപ്പിലെ (ഡിസിഎ) ആദ്യത്തെ എമിറാത്തി എയർ ട്രാഫിക് കൺട്രോൾ ഓഫീസറായി (എടിസിഒ) ചുമതലയെടുക്കുകയാണ് മറിയം അൽ ഹമ്മദി.
ഡിസിഎയിലെ എമിറേറ്റൈസേഷൻ പ്രോഗ്രാമിൻ്റെ വിജയം സ്ഥിരീകരിക്കുന്നതാണ് ഈ നേട്ടം. ഇത് പുരുഷ-സ്ത്രീ പൗരന്മാർക്ക് പുതിയ മേഖലകളിൽ പ്രവേശിക്കാനും മികവ് പുലർത്താനും ഉചിതമായ അവസരങ്ങൾ നൽകാനും, പ്രൊഫഷണൽ കഴിവുകൾ വികസിപ്പിക്കാനും പിന്തുണയും തുടർച്ചയായ പരിശീലനവും നൽക്കുന്നു.
അസാധാരണമായ കഴിവുകളും ജോലിയോടുള്ള അർപ്പണബോധവും കാരണം, ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ്റെ (ഐസിഎഒ) ആവശ്യകതകൾക്കും ജോലിയുടെ സ്വഭാവത്തിനും അനുസൃതമായി പരിശീലന പരിപാടികൾ റെക്കോർഡ് സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ അൽ ഹമ്മദിക്ക് കഴിഞ്ഞു. ഐസിഎ0 051, ഐസിഎ0 052, എടിസിഒ പ്രീ-ഒജെട, എടിസിഒ ഒജെടി, കൂടാതെ എടിസിഒ പ്രാവീണ്യ പരിശോധന പരീക്ഷ തുടങ്ങി ഡിപ്പാർട്ട്‌മെൻ്റിൽ ചേർന്ന് 3 വർഷത്തിനുള്ളിൽ അവൾ നിരവധി കോഴ്‌സുകൾ വിജയിക്കുകയും സർട്ടിഫിക്കറ്റുകൾ നേടുകയും ചെയ്തു.
ഡിസിഎയുമായി അഫിലിയേറ്റ് ചെയ്‌ത ഷാർജ എയർപോർട്ടിലെ എയർ ട്രാഫിക് കൺട്രോൾ ടവറിൽ വിമാന പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും വിമാനങ്ങളുടെ സുരക്ഷിതവും കാര്യക്ഷമവുമായ ചലനം ഉറപ്പാക്കുകയും ചെയ്യുന്നതിനാൽ, അൽ ഹമ്മദി തനിക്ക് നൽകിയിട്ടുള്ള എല്ലാ ജോലികളും നിർവഹിക്കുന്നു. കഴിഞ്ഞ വർഷം പ്രതിദിനം 364 വിമാനങ്ങൾ എന്ന നിരക്കിൽ ഷാർജ എയർപോർട്ടിലെ എയർ കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് 104,000-ലധികം വിമാനങ്ങൾ കൈകാര്യം ചെയ്തു.
ഈ അവസരത്തിൽ, എല്ലാ മേഖലകളിലും വിജയിക്കാൻ സ്ത്രീകളെ സഹായിക്കാനും അവരെ പ്രാപ്തരാക്കാനും ഡിസിഎയ്ക്ക് താൽപ്പര്യമുണ്ടെന്നും ജോലി ചെയ്യുന്ന ആദ്യത്തെ എമിറാത്തി വനിതയുടെ സാന്നിധ്യത്തിൽ അഭിമാനമുണ്ടെന്നും ഷാർജ സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെൻ്റ് ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ എസ്സാം അൽ ഖാസിമി പറഞ്ഞു. സ്ത്രീകളെ ശാക്തീകരിക്കുന്നതിലും സുസ്ഥിര സാമ്പത്തിക വികസനത്തിൻ്റെ യാത്രയിൽ അവരുടെ ഫലപ്രദമായ പങ്കാളിത്തം ഉറപ്പാക്കുന്നതിലും നേതൃത്വത്തിൻ്റെ നിർദ്ദേശങ്ങൾക്കും കാഴ്ചപ്പാടുകൾക്കും അനുസൃതമാണ് ഈ നടപടി എന്നതിൽ സംശയമില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാർജയിലെ ആദ്യത്തെ എമിറാത്തി എയർ ട്രാഫിക് കൺട്രോൾ ഓഫീസർ ആയതിൽ അഭിമാനമുണ്ടെന്നും ഈ നേട്ടം തൻ്റെ ഉത്തരവാദിത്തം വർധിപ്പിക്കുകയും യുഎഇയിലെ വ്യോമയാന മേഖലയിലേക്ക് സംഭാവന നൽകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും മറിയം അൽ ഹമ്മദി പറഞ്ഞു.
WAM/അമൃത രാധാകൃഷ്ണൻ