ദുബായ്, 13 മാർച്ച് 2024 (WAM) -- കാലാവസ്ഥ സുസ്ഥിരത കൈവരിക്കുന്നതിനുള്ള രാജ്യത്തിൻ്റെ പ്രവർത്തനത്തിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ യുഎഇ കൗൺസിൽ ഫോർ ക്ലൈമറ്റ് ആക്ഷൻ വിലയിരുത്തി. കാലാവസ്ഥ നിഷ്പക്ഷത കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികളും കൗൺസിൽ അവലോകനം ചെയ്തു, ഈ വർഷത്തെ രാജ്യത്തെ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് അതിൻ്റെ പ്രവർത്തന അജണ്ട പരിശോധിക്കുകയും ഒരു കർമ്മ പദ്ധതി ആവിഷ്കരിക്കുകയും ചെയ്തു.
കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്കിൻ്റെ അധ്യക്ഷതയിൽ 2024-ലെ കാലാവസ്ഥ പ്രവർത്തനത്തിനുള്ള യുഎഇ കൗൺസിലിൻ്റെ ആദ്യ യോഗത്തിലായിരുന്നു ഇത്.
യോഗത്തിൻ്റെ തുടക്കത്തിൽ, ആഗോള കാലാവസ്ഥ പ്രവർത്തന അജണ്ടയിൽ ചരിത്രപരമായ സ്വാധീനം ചെലുത്തിയ യുഎഇ സമവായത്തോടെ സമാപിച്ച കക്ഷികളുടെ സമ്മേളനത്തിന് (കോപ്28) മുമ്പും ശേഷവുമുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന ശ്രമങ്ങളുടെ പരിസമാപ്തി ഡോ. അൽ ദഹക്ക് എടുത്തുപറഞ്ഞു.
കോപ്28 കോൺഫറൻസിലുടനീളം, പ്രധാന പങ്കാളികളുടെ കൂട്ടായ പ്രാതിനിധ്യത്തോടെ, എല്ലാ മേഖലകളിലും വ്യാപിച്ചുകിടക്കുന്ന സമഗ്രമായ ആഗോള സുസ്ഥിര മാതൃകയാണ് യുഎഇ അവതരിപ്പിച്ചതെന്ന് ഡോ.അൽ ദഹക്ക് പറഞ്ഞു. ഇത് നമ്മുടെ രാജ്യത്തെ ആഗോള ചർച്ചകളിൽ മുൻപന്തിയിൽ നിർത്തി. കൗൺസിലിൻ്റെ പ്രാഥമിക ശ്രദ്ധ ഇപ്പോൾ യുഎഇയുടെ നെറ്റ് സീറോ 2050 സ്ട്രാറ്റജി പ്രവർത്തനക്ഷമമാക്കുന്നതിലാണ്. വിവിധ പദ്ധതികളിലേക്ക് കടക്കുന്നതിന്, ഈ അഭിലാഷ ലക്ഷ്യത്തിൻ്റെ നേട്ടം ഉറപ്പുനൽകുന്നതിന് പ്രത്യേകിച്ച് നിർണായക സാമ്പത്തിക മേഖലകളിൽ സൂക്ഷ്മമായ നിരീക്ഷണം ആവശ്യമാണ്.
“സഹകരണത്തിലൂടെ, നമ്മുടെ ജ്ഞാനപൂർവകമായ നേതൃത്വത്തിൻ്റെ അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്ന പരിവർത്തനാത്മകമായ മാറ്റം കൊണ്ടുവരാൻ നമുക്ക് കഴിയും. നമ്മുടെ പ്രയത്നങ്ങളിൽ സമൂഹത്തെ ഉൾപ്പെടുത്തുന്നതിലൂടെ, നമ്മുടെ എല്ലാ ലക്ഷ്യങ്ങളും ഫലപ്രദമായി നേടിയെടുക്കാൻ കഴിയും. 2024-നെയും തുടർന്നുള്ള വർഷങ്ങളെയും യുഎഇയുടെ ആഗോള നിലയും കൂടുതൽ സുസ്ഥിരമായ സമൂഹവും സമ്പദ്‌വ്യവസ്ഥയും പരിസ്ഥിതിയും വികസിപ്പിക്കാനുള്ള കഴിവും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പുതിയ അവസരമാക്കി മാറ്റുന്നു," അവർ കൂട്ടിച്ചേർത്തു.
യുഎഇയുടെ നെറ്റ് സീറോ 2050 സ്ട്രാറ്റജി നടപ്പാക്കുന്നതിലെ പുരോഗതിയെക്കുറിച്ചും വിവിധ മന്ത്രാലയങ്ങളുമായും ഫെഡറൽ, ലോക്കൽ അതോറിറ്റികളുമായും സഹകരിച്ച് നടത്തുന്നതിനെക്കുറിച്ചും യുഎഇ കൗൺസിൽ ഫോർ ക്ലൈമറ്റ് ആക്ഷൻ യോഗം ചർച്ച ചെയ്തു.
ഇടക്കാല ലക്ഷ്യങ്ങൾ നിശ്ചയിക്കുക, സംരംഭങ്ങളും പദ്ധതികളും നടപ്പിലാക്കുക, ആവശ്യമായ സർക്കാർ നടപടികൾ കൈക്കൊള്ളുക എന്നിവയിലൂടെ ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിലാണ് തന്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിനുള്ള ഒരു നിർദ്ദിഷ്ട ഭരണ സംവിധാനവും തന്ത്രത്തിൽ ഉൾപ്പെടുന്നു.
യോഗത്തിൽ, കോപ്28 കോൺഫറൻസിലെ വിദ്യാഭ്യാസ പവലിയൻ്റെ ഫലങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം, പ്രകൃതി, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും അവബോധം വർദ്ധിപ്പിക്കുന്നതിലെ പ്രാധാന്യത്തെക്കുറിച്ചും കൗൺസിലിനെ വിശദീകരിച്ചു. യുഎഇയുടെ സാമൂഹിക, സാമ്പത്തിക, കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യം യോഗം ഊന്നിപ്പറഞ്ഞു.
കാർബൺ ട്രേഡിംഗ് സംരംഭത്തിൻ്റെ ഭാഗമായി നിലവിലുള്ള പുരോഗതിയും വരാനിരിക്കുന്ന തന്ത്രങ്ങളും ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രാദേശിക വിപണികളിൽ കാർബണിൻ്റെ വാണിജ്യവൽക്കരണത്തിനുള്ള ഒരു പ്ലാറ്റ്ഫോം സ്ഥാപിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദ പദ്ധതികൾക്കായി സുസ്ഥിരവും അത്യാധുനികവുമായ സാമ്പത്തിക ചട്ടക്കൂടുകൾ വികസിപ്പിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. പാരീസ് ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളോട് വിന്യാസം ഉറപ്പ് വരുത്തുന്നതിന്, പങ്കാളിത്തത്തിൻ്റെ കാര്യത്തിൽ പ്രോജക്റ്റ് ഓപ്ഷണൽ പങ്കാളിത്തവും നിർബന്ധിത അപേക്ഷയും വാഗ്ദാനം ചെയ്യും.
കാർബൺ പുറന്തള്ളൽ, ട്രേഡിംഗ് കാർബൺ ക്രെഡിറ്റുകൾ, അല്ലെങ്കിൽ ഒരു ഹൈബ്രിഡ് സിസ്റ്റം എന്നിവയിലൂടെ കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിന് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന കാർബൺ വിലനിർണ്ണയ പഠനം കൗൺസിൽ അവലോകനം ചെയ്തു. രാജ്യത്തെ ഫെഡറൽ, ലോക്കൽ ഗവൺമെൻ്റ് ബോഡികളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന കാർബൺ പ്രൈസിംഗ് പോളിസി കമ്മിറ്റി, വിശദമായ പഠനം തയ്യാറാക്കുന്നതിനായി 2023 നവംബറിലും 2024 ഫെബ്രുവരിയിലും യോഗം ചേർന്നു. നിലവിലെ സംവിധാനങ്ങളുടെ വിലയിരുത്തലും ദീർഘകാല സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളുടെ വിലയിരുത്തലും പഠനത്തിൽ ഉൾപ്പെടുന്നു. പഠന ഫലങ്ങൾ വിശകലനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമുള്ള നിർണായകമായ മാതൃകകളും സമിതി വികസിപ്പിച്ചെടുത്തു.
കാലാവസ്ഥ വ്യതിയാനത്തെയും അതിൻ്റെ ആഘാതത്തെയും ഫലപ്രദമായി നേരിടുന്നതിന് ഫെഡറൽ തലത്തിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ കൗൺസിൽ യോഗത്തിൽ അംഗങ്ങൾ ചർച്ച ചെയ്തു. പുറന്തള്ളൽ സുസ്ഥിരമായി കുറയ്ക്കുന്നതിലും കാലാവസ്ഥ നിഷ്പക്ഷതയിലെത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. കാലാവസ്ഥ അഭിലാഷത്തിനായുള്ള ദേശീയ സംവാദവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റുകളും യോഗം ഉൾപ്പെടുത്തി, അത് അലുമിനിയം മേഖലയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഉടൻ ഒരു പുതിയ വട്ടമേശ സമ്മേളനം നടത്തും. യുഎഇ കാലാവസ്ഥ-ഉത്തരവാദിത്തമുള്ള കമ്പനികളുടെ പ്രതിജ്ഞയുടെ വിപുലീകരണ സാധ്യതകളെക്കുറിച്ചും കൗൺസിൽ വിശദമായ ചർച്ചകൾ നടത്തി.
പാരീസ് ഉടമ്പടിയുടെ മെച്ചപ്പെടുത്തിയ സുതാര്യത ചട്ടക്കൂടിന് അനുസൃതമായി നാഷണൽ മെഷർമെൻ്റ്, റിപ്പോർട്ടിംഗ്, വെരിഫിക്കേഷൻ സിസ്റ്റം പ്രോജക്ടിൻ്റെ രണ്ടാം ഘട്ടത്തിലെ പുരോഗതിയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അവതരിപ്പിച്ചു. കൂടാതെ, സർക്കാർ-സ്വകാര്യ മേഖലകളിൽ അവബോധം വർദ്ധിപ്പിക്കാനും ദേശീയ കർമ്മ പരിപാടികളിലെ വിജ്ഞാന വിടവ് നികത്താനും ലക്ഷ്യമിട്ടുള്ള നാഷണൽ അഡാപ്റ്റേഷൻ ആക്ഷൻ പ്രോഗ്രാം പ്രോജക്റ്റിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
യോഗത്തിൽ വിദേശകാര്യ സഹമന്ത്രി സുൽത്താൻ മുഹമ്മദ് അൽ ഷംസി, യുഎഇ സാമ്പത്തിക മന്ത്രാലയത്തിലെ പോളിസി ആൻഡ് ഇക്കണോമിക് സ്റ്റഡീസ് സെക്ടർ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മരിയ ഹനീഫ് അൽ ഖാസിം, വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രാലയത്തിലെ വ്യവസായ വളർച്ചയുടെ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി അബ്ദുല്ല സാമി അൽ ഷംസി, ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തിലെ എണ്ണ, വാതക, ധാതു വിഭവശേഷി അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി എൻജിനീയർ അഹമ്മദ് അൽ കാബി, വിദ്യാഭ്യാസ മന്ത്രാലയത്തിലെ അക്രഡിറ്റേഷൻ ആൻഡ് എജ്യുക്കേഷണൽ സർവീസസ് അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി ഡോ. ഹസൻ അൽ മേരി ഒപ്പം യുഎഇ അംബാസഡറും ഡയറക്ടർ ജനറലും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുഎൻ ചട്ടക്കൂട് കൺവെൻഷനിലെ പാർട്ടികളുടെ 28-ാമത് കോൺഫറൻസിൻ്റെ പ്രത്യേക പ്രതിനിധിയും അഡ്നോകിലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റുമായ അംബാസഡർ മാജിദ് അൽ സുവൈദി എന്നിവർ പങ്കെടുത്തു.
WAM/അമൃത രാധാകൃഷ്ണൻ