അബുദാബി, 18 മാർച്ച് 2024 (WAM) - എമിറേറ്റിനുള്ളിലെ ഗതാഗത സുരക്ഷ, കണക്റ്റിവിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി തന്ത്രപ്രധാന പദ്ധതികൾ ആരംഭിക്കുന്നതായി അബുദാബി ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ (ഐടിസി) പ്രഖ്യാപിച്ചു.
3 ബില്യൺ ദിർഹത്തിൽ കൂടുതൽ ബഡ്ജറ്റുള്ള ഈ പദ്ധതികൾ നൂതനമായ മൊബിലിറ്റി സൊല്യൂഷനുകൾ നൽകുകയും സുസ്ഥിരമായ സംയോജിത ഗതാഗത സംവിധാനത്തിന് സംഭാവന നൽകുകയും ചെയ്യും. അബുദാബിയിലെ പ്രധാന ഭൂപ്രദേശത്തെയും ദ്വീപിനെയും ബന്ധിപ്പിക്കുന്ന 25 കിലോമീറ്റർ റോഡായ മിഡ്-ഐലൻഡ് പാർക്ക്‌വേയാണ് പ്രധാന പദ്ധതികളിലൊന്ന്.
ഈ റോഡിന് നാല് മുതൽ അഞ്ച് വരെ പാതകളുണ്ടാകും കൂടാതെ അൽ സമ്മാലിയ്യ, ഉമ്മു യിഫിയാന, അൽ സാദിയാത്ത്, അൽ റീം ദ്വീപ് എന്നിവയുൾപ്പെടെ വിവിധ ദ്വീപുകളിലേക്കുള്ള പ്രവേശനങ്ങളും അനുവദിക്കും.
ഓരോ ദിശയിലും മണിക്കൂറിൽ 8,000 മുതൽ 10,000 വരെ വാഹനങ്ങളുടെ ശേഷി പ്രതീക്ഷിക്കുന്നു. ആദ്യ ഘട്ടത്തിൽ അൽ സാദിയാത്ത് ദ്വീപിനെയും ഉമ്മു യിഫിന സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുക, രണ്ടാം ഘട്ടത്തിൽ ഉമ്മു യിഫീന ഇസ്‌കന്ദിനെ അൽ റാഹ ബീച്ചും മറ്റ് സ്ഥലങ്ങളും ബന്ധിപ്പിക്കും.
മുസഫ റോഡിലെ നിലവിലുള്ള വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിടുന്ന മുസഫ റോഡ് ട്രാഫിക് മെച്ചപ്പെടുത്തൽ പദ്ധതിയാണ് മറ്റൊരു പ്രധാന പദ്ധതി.
ട്രാഫിക് ജംഗ്ഷനുകൾ നീക്കം ചെയ്യുക, നിലവിലുള്ള കവലകളിലെ തിരക്ക് കുറയ്ക്കുക, മുഹമ്മദ് ബിൻ സായിദ് സിറ്റിയും മുസ്സഫയും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിന് രണ്ട് പുതിയ പാലങ്ങൾ നിർമ്മിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
റോഡിൻ്റെ ശേഷി വർധിപ്പിക്കുക, ഗതാഗതം മെച്ചപ്പെടുത്തുക, സുരക്ഷ വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
ഖലീഫ സിറ്റിക്കും സായിദ് സിറ്റിക്കും ഇടയിലുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു പദ്ധതിയാണ് അൽ ഖലീജ് അൽ അറബി സ്ട്രീറ്റ് ഇംപ്രൂവ്‌മെൻറ്
നിലവിലുള്ള ഇൻ്റർസെക്‌ഷനുകൾ മെച്ചപ്പെടുത്തുന്നതും ഖലീഫ സിറ്റിയിലേക്കും സായിദ് സിറ്റിയിലേക്കും പുതിയ കവലയിലൂടെ പുതിയ പ്രവേശനം സൃഷ്‌ടിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
റോഡിൻ്റെ വാഹന ശേഷി വർധിപ്പിക്കുന്നതിനായി പാതകളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചായി ഉയർത്താനും പദ്ധതി വഴിയൊരുക്കും.
കൂടാതെ, അബുദാബി-അൽ ഐൻ റോഡ് ഇൻ്റർസെക്ഷനിൽ മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റുമായി ഐടിസി ഒരു പദ്ധതി ആരംഭിക്കുന്നു.
ഇ22 റോഡിൻ്റെ തെക്ക് ഭാഗത്തിനും മുഹമ്മദ് ബിൻ സായിദ് സിറ്റിക്കും ഇടയിലുള്ള ഗതാഗത ശേഷി വർദ്ധിപ്പിക്കാനും ഒഴുക്ക് മെച്ചപ്പെടുത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു. മസിയാദ് മാളിലെയും ക്യാപിറ്റൽ മാളിലെയും ഇൻ്റർസെക്‌ഷനുകൾ ക്രമീകരിക്കുകയും പ്രദേശത്ത് വാഹനങ്ങളുടെ ഒഴുക്ക് മെച്ചപ്പെടുത്തുന്നതിന് പുതിയ ട്രാഫിക് ജംഗ്ഷനുകൾ അവതരിപ്പിക്കുകയും ചെയ്യും.
അബുദാബിയിലെ പൗരന്മാരുടെയും താമസക്കാരുടെയും ജീവിതനിലവാരം ഉയർത്തുന്നതിനുള്ള അഭിലാഷങ്ങളെ ഈ പദ്ധതികൾ പ്രതിഫലിപ്പിക്കുന്നു. റോഡ് ഇൻഫ്രാസ്ട്രക്ചറും ട്രാഫിക് ഫ്ലോയും മെച്ചപ്പെടുത്തുന്നതിനുള്ള ഐടിസിയുടെ അഭിലാഷ പദ്ധതിയുടെ ഭാഗമാണ് അവ.
പുതിയതും നൂതനവുമായ മൊബിലിറ്റി സൊല്യൂഷനുകൾ നൽകുന്നതിലൂടെ, ഈ പദ്ധതികൾ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്ന സുസ്ഥിരമായ സംയോജിത ഗതാഗത സംവിധാനത്തിന് സംഭാവന നൽകും.
WAM/അമൃത രാധാകൃഷ്ണൻ