അബുദാബി, 19 മാർച്ച് 2024 (WAM) -- യുഎഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയം പോഷകാഹാര കേന്ദ്രീകൃത ബോധവൽക്കരണ കാമ്പയിൻ സമാപിച്ചു. ദൈനംദിന ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിലൂടെ സമൂഹത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ
കാമ്പയിൻ ലക്ഷ്യമിടുന്നു.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ യുഎഇയിൽ നടന്ന കാമ്പയിൻ, ആരോഗ്യകരമായ ഭക്ഷണത്തിന് തടസ്സമാകുന്ന താങ്ങാനാവുന്ന വില, ലഭ്യത, സമയ പരിമിതി തുടങ്ങിയ വെല്ലുവിളികളെ അഭിമുഖീകരിച്ച് അവശ്യ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രായോഗിക നുറുങ്ങുകൾ വാഗ്ദാനം ചെയ്തു.
ദിവസേന പഴങ്ങളും പച്ചക്കറികളും കഴിക്കാനും അവയുടെ പോഷക സമ്പുഷ്ടമായ ഉള്ളടക്കവും സുസ്ഥിര പ്രാദേശിക സ്രോതസ്സുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടതിൻ്റെ പ്രാധാന്യവും കാമ്പയിൻ അടിവരയിട്ടു.
മെച്ചപ്പെട്ട ഭക്ഷണ ശീലങ്ങളിലൂടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള ആരോഗ്യ വകുപ്പിൻ്റെ നിലവിലുള്ള തന്ത്രത്തെ ഈ സംരംഭം പിന്തുണയ്ക്കുകയും യുഎഇ നിവാസികൾക്കിടയിൽ നല്ല പോഷകാഹാര രീതികളെ ഇത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. റാസൽഖൈമ, ഫുജൈറ, അജ്മാൻ, ഷാർജ, ദുബായ് എന്നിവയുൾപ്പെടെ യുഎഇയിലെ വിവിധ പ്രമുഖ സ്ഥലങ്ങളിൽ പ്രചാരണം നടന്നു.
പ്രതിരോധ, കമ്മ്യൂണിറ്റി ഹെൽത്ത് കെയർ പരിപാടികൾ ശക്തിപ്പെടുത്തുന്നതിനും മൊത്തത്തിലുള്ള ജീവിത നിലവാരം ഉയർത്തുന്നതിനും പൊതുജനാരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ പ്രതിബദ്ധതയാണ് കാമ്പയിൻ പ്രോത്സാഹിപ്പിക്കുന്നതെന്ന് പബ്ലിക് ഹെൽത്ത് സെക്ടർ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി ഡോ.ഹുസൈൻ അബ്ദുൾ റഹ്മാൻ അൽ റാൻഡ് ഊന്നിപ്പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ബന്ധപ്പെടാനും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് മികച്ച ഉപദേശം നൽകാനുമുള്ള കാമ്പയനിൻ്റെ ലക്ഷ്യത്തെ അദ്ദേഹം എടുത്തുപറഞ്ഞു.
ആരോഗ്യകരമായ ജീവിതശൈലിക്കും സുസ്ഥിരമായ ഭക്ഷണ ശീലങ്ങൾക്കും അത്യന്താപേക്ഷിതമായ പച്ചക്കറികളിലും പഴങ്ങളിലും കാണപ്പെടുന്ന അവശ്യ പോഷകങ്ങൾ കാമ്പയിൻ ഊന്നിപ്പറയുന്നു.
ശരിയായ ഭക്ഷണക്രമത്തിൻ്റെ ഗുണങ്ങളെക്കുറിച്ചും ദൈനംദിന ഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തിൽ അവബോധം വളർത്തുന്നതിൽ കാമ്പയിൻ നിർണായക പങ്കുവഹിച്ചതായി ആരോഗ്യ വകുപ്പിലെ ഹെൽത്ത് പ്രൊമോഷൻ വകുപ്പ് ഡയറക്ടർ നൗഫ് ഖമീസ് അൽ അലി പറഞ്ഞു.
കാമ്പയിനിന് മുന്നോടിയായി നടത്തിയ ഒരു പഠനത്തിൽ, 83% കമ്മ്യൂണിറ്റി അംഗങ്ങളും ഈ അവശ്യ ഭക്ഷണങ്ങൾ ആവശ്യത്തിന് ഉപയോഗിക്കുന്നില്ലെന്ന് വെളിപ്പെടുത്തി, അവരുടെ ദൈനംദിന ഭക്ഷണ പദ്ധതികളിൽ പച്ചക്കറികളും പഴങ്ങളും സംയോജിപ്പിക്കുന്നതിന് അവരെ പ്രചോദിപ്പിക്കുകയും ബോധവൽക്കരിക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകതയും കാമ്പയിൻ ചൂണ്ടിക്കാട്ടി.
WAM/അമൃത രാധാകൃഷ്ണൻ