റമദാനിൽ 360,000 ഇഫ്താർ ഭക്ഷണ പൊതികൾ വിതരണം ചെയ്ത് ഡിപി വേൾഡ് ഫൗണ്ടേഷൻ

ദുബായ്, 20 മാർച്ച് 2024 (WAM) -- ഡിപി വേൾഡ് ഫൗണ്ടേഷൻ (ഡിപിഡബ്ല്യൂഎഫ്) ദുബായ് ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് വിശുദ്ധ റമദാനിൽ ജഫ്‌സ കമ്മ്യൂണിറ്റിയിലെ തൊഴിലാളികൾക്ക് പ്രതിദിനം 12,000 ഇഫ്താർ ഭക്ഷണം പൊതികളാണ് വിതരണം ചെയ്യുന്നത്. വിശുദ്ധ റമദാൻ മാസത്തിൽ 360,000 ഇഫ്താർ ഭക്ഷണ പൊതികൾ വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റമദാനുമായി ബന്ധപ്പെട്ട സഹിഷ്ണുതയുടെയും അനുകമ്പയുടെയും മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന യുഎഇയിലെ വൈവിധ്യമാർന്ന സംസ്‌കാരങ്ങൾക്കും വിശ്വാസങ്ങൾക്കും ഇടയിൽ സൗഹാർദം വളർത്താനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഡിപി വേൾഡിൻ്റെയും ദുബായ് ചാരിറ്റി അസോസിയേഷൻ്റെയും സീനിയർ മാനേജ്‌മെൻ്റ് കമ്മ്യൂണിറ്റിയുടെ സന്നദ്ധപ്രവർത്തകരുമായും അംഗങ്ങളുമായും ഇടപഴകുന്നതിനായി ജഫ്‌സയിലെ മൂന്ന് ഇഫ്താർ ടെൻ്റുകളിൽ ഒന്ന് സന്ദർശിച്ചു.

ഈ സംരംഭം എമിറാത്തി സംസ്കാരത്തിൻ്റെ സഹവർത്തിത്വത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളെ പ്രതിഫലിപ്പിക്കുകയും സാംസ്കാരിക വൈവിധ്യത്താൽ സവിശേഷമായ യുഎഇയുടെ തനതായ സാമൂഹിക ഘടനയെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു. പങ്കാളിത്തം വിപുലീകരിക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സന്നദ്ധപ്രവർത്തനത്തിൻ്റെ സംസ്‌കാരം വളർത്തുന്നതിനും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായുള്ള സാമൂഹികവും മാനുഷികവുമായ ഇടപഴകൽ വർധിപ്പിക്കുന്നതിലുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്ന ദുബായ് ചാരിറ്റിയുടെ പ്രധാന തന്ത്രവും മൂല്യങ്ങളും ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നു.

യുഎഇയിൽ 200-ലധികം ദേശീയതകളെയും ഭാഷകളെയും പ്രതിനിധീകരിക്കുന്ന ഈ സംരംഭം രാജ്യത്തെ നിർവചിക്കുന്ന വൈവിധ്യങ്ങൾക്കിടയിലുള്ള ഐക്യത്തിന് അടിവരയിടുന്നു. ഡിപിഡബ്ല്യുഎഫും ഡിപി വേൾഡും സാമൂഹിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും വ്യക്തികളെയും കമ്മ്യൂണിറ്റികളെയും ശാക്തീകരിക്കുന്നതിനും വിഭവങ്ങൾ, വൈദഗ്ധ്യം, നെറ്റ്‌വർക്കുകൾ എന്നിവ പ്രയോജനപ്പെടുത്തുന്നു.


WAM/അമൃത രാധാകൃഷ്ണൻ