ദുബായ്, 1 ഏപ്രിൽ 2024 (WAM) -- യുഎഇ ആതിഥേയത്വം വഹിച്ച യുഎൻ കാലാവസ്ഥ ഉച്ചകോടി കോപ്28ലെ ഓരോ സന്ദർശകനും 10 കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കാനുള്ള ഘർസ് അൽ ഇമാറാത്ത് (യുഎഇ നടീൽ) പദ്ധതിയുടെ ഭാഗമായി അബുദാബി പരിസ്ഥിതി ഏജൻസി(ഇഎഡി) അബുദാബിയുടെ തീരപ്രദേശങ്ങളിൽ 850,000 കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചു. മരവ മറൈൻ ബയോസ്ഫിയർ റിസർവ്, അൽ മിർഫ സിറ്റി, ജുബൈൽ ദ്വീപ് തുടങ്ങിയ അനുയോജ്യമായ വളർച്ചാ സാഹചര്യങ്ങളുള്ള സ്ഥലങ്ങളിലാണ് മരങ്ങൾ നട്ടുപിടിപ്പിച്ചത്. ഇത് പ്രതിവർഷം 170 ടൺ കാർബൺ ആഗിരണം ചെയ്യാൻ സഹായിക്കും. അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും ഇഎഡിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ്റെ രക്ഷാകർതൃത്വത്തിലാണ് ഈ സംരംഭം നടപ്പാക്കിയത്.
കാലാവസ്ഥ നിഷ്പക്ഷത കൈവരിക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് പ്രകൃതി അധിഷ്‌ഠിത പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട്, 5,000 കണ്ടൽക്കാടുകൾക്ക് ഒരു ടൺ എന്ന നിരക്കിലാണ് മരങ്ങൾ കാർബൺ ആഗിരണം ചെയ്യുന്നത്. ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുന്നതിലും കാലാവസ്ഥ വ്യതിയാന പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിലും അതീവ പ്രാധാന്യമുള്ള നീല കാർബണിൻ്റെ തീരദേശവും സുപ്രധാനമായ ആവാസവ്യവസ്ഥയുമാണ് യുഎഇ ഇപ്പോഴും വിലമതിക്കുന്നതെന്ന് ഇഎഡിയുടെ സെക്രട്ടറി ജനറൽ ഡോ.ശൈഖ സലേം അൽ ദഹേരി പറഞ്ഞു.
കാലാവസ്ഥ വ്യതിയാനം പരിഹരിക്കുന്നതിനും അതിൻ്റെ പ്രത്യാഘാതങ്ങളുമായി പൊരുത്തപ്പെടുന്നതിനുമുള്ള അടിയന്തര നടപടികളും 2050-ഓടെ തന്ത്രപ്രധാനമായ യുഎഇ നെറ്റ് സീറോ ഉൾപ്പെടെയുള്ള ദേശീയ സംരംഭങ്ങളും ആവശ്യപ്പെടുന്ന കാലാവസ്ഥ പ്രവർത്തനവുമായി ബന്ധപ്പെട്ട 13-ാമത് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യത്തെയും ഇത് പിന്തുണയ്ക്കുന്നു. 2030 ഓടെ 100 ദശലക്ഷം കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന യുഎഇയുടെ ലക്ഷ്യത്തിന് അനുസൃതമായാണ് ഈ സംരംഭം.
ലോകത്തിലെ ഏറ്റവും ഉൽപ്പാദനക്ഷമതയുള്ള തീരദേശ ആവാസവ്യവസ്ഥകളിൽ ഒന്നാണ് കണ്ടൽക്കാടുകൾ, കാർബൺ സംഭരിക്കാനും വേർതിരിക്കാനുമുള്ള അവയുടെ കഴിവ് കാരണം ഹരിതഗൃഹ വാതകങ്ങൾ ആഗിരണം ചെയ്യുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഫലങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു. അബുദാബിയിലെ കണ്ടൽ മരങ്ങൾക്ക് പ്രതിവർഷം ഒരു ഹെക്ടറിന് 0.5 ടൺ എന്ന തോതിൽ കാർബൺ സംഭരിക്കാൻ കഴിയുമെന്നും എമിറേറ്റ് തലത്തിൽ 8,750 ടണ്ണിന് തുല്യമായ കാർബൺ സംഭരിക്കാൻ കഴിയുമെന്നും പ്രതിവർഷം 1,000 വീടുകളുടെ ഊർജ്ജ ഉപഭോഗത്തിന് തുല്യമാണ് ഇതെന്നും ഇഎഡി നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തി.
കണ്ടൽക്കാടുകളുടെ പ്രാധാന്യത്തെക്കുറിച്ചും അവ പുനഃസ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും അവബോധം വളർത്തുന്നതിനൊപ്പം കാലാവസ്ഥ വ്യതിയാന പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും നൂതനമായ കണ്ടൽ നടീൽ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം പ്രദാനം ചെയ്യുന്ന 2022 ഫെബ്രുവരിയിൽ ആരംഭിച്ച അബുദാബി കണ്ടൽ ഇനീഷ്യേറ്റീവിനെ ഘർസ് അൽ ഇമാറാത് ഇനീഷ്യേറ്റീവ് പിന്തുണയ്ക്കുന്നു.
WAM/അമൃത രാധാകൃഷ്ണൻ