ഷാർജ, 1 ഏപ്രിൽ 2024 (WAM) -- ദുരിത ബാധിതരായ പലസ്തീൻ ജനതയുടെ കലയേയും, സംസ്കാരത്തേയും ചേർത്തു വെച്ച് മാനുഷിക പ്രവർത്തനങ്ങളുടെ വേറിട്ടൊരു മാതൃക സൃഷ്ടിക്കുകയാണ് കലിമത്ത് ഫൗണ്ടേഷൻ (കെഎഫ്). പരമ്പരാഗത പലസ്തീനിയൻ കെഫിയയും തട്രീസും പ്രചോദനം ഉൾക്കൊണ്ട ചരക്ക് ശേഖരമായ 'സ്റ്റിച്ചിംഗ് ഹോപ്പ് ഫോർ ഗാസ' എന്ന പേരിൽ കലിമത്ത് ഫൗണ്ടേഷൻ (കെഎഫ്) ഒരു പുതിയ സംരംഭം ആരംഭിച്ചു. ഈ സംരംഭത്തിലൂടെ ലഭിക്കുന്ന എല്ലാ വരുമാനവും എമിറേറ്റ്‌സ് റെഡ് ക്രസൻ്റിൻ്റെ 'തറാഹൂം ഫോർ ഗാസ' എന്ന ദുരിതാശ്വാസ ക്യാമ്പയിനിലൂടെ ഗാസയിലെ കുട്ടികളെ സഹായിക്കാൻ ഉപയോഗിക്കും.
ഷാർജ റിസർച്ച് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കിൽ (എസ്ആർടിഐപി) നടന്ന ഷാർജ റമദാൻ മജ്‌ലിസ് പരിപാടിയിലാണ് പുതിയ സംരംഭത്തിന്റെ ലോഞ്ച് നടന്നത്. പലസ്തീനിയൻ സാംസ്കാരിക സ്വത്വം, നാടോടിക്കഥകൾ, പൈതൃകം എന്നിവ പ്രതിഫലിപ്പിക്കുന്ന രൂപകല്പനകളും ഈ ശേഖരത്തിലുണ്ട്. ഫൗണ്ടേഷൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും യുഎഇയിലെ വിവിധ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയും ശേഖരം പൊതുജനങ്ങൾക്ക് ലഭ്യമാകും. വർഷം മുഴുവനും പലസ്തീൻ സംസ്കാരത്തെ പ്രകാശിപ്പിക്കുന്നതിന് സാമൂഹിക പരിപാടികൾ സംഘടിപ്പിക്കാനും ഫൗണ്ടേഷൻ സജ്ജീകരിച്ചിരിക്കുന്നു.
ഗാസയിലെ യുദ്ധം പോലുള്ള സംഘർഷങ്ങൾ മൂലം ജീവിതം അരാജകത്വത്തിലേക്ക് വലിച്ചെറിയപ്പെടുന്ന ദുർബലരായ, പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുകയാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യമെന്ന് കലിമത്ത് ഫൗണ്ടേഷൻ സ്ഥാപകൻ ബോദൂർ അൽ ഖാസിമി പറഞ്ഞു. നിരപരാധികളായ പലസ്തീനികളുടെ ദുരവസ്ഥയിൽ, സാധ്യമായ വിധത്തിൽ അവരെ പിന്തുണയ്ക്കാനാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
സുസ്ഥിരമായ പോസിറ്റീവ് മാറ്റം വരുത്താനും രാജ്യങ്ങൾ തമ്മിലുള്ള ഐക്യവും ധാരണയും വർദ്ധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നതായി കലിമത്ത് ഫൗണ്ടേഷൻ ഡയറക്ടർ അംന അൽ മസ്മി പറഞ്ഞു. ചരക്കുകളുടെ ശേഖരത്തിൽ എംബ്രോയ്ഡറി ചെയ്ത ടി-ഷർട്ടുകൾ, ടോട്ട് ബാഗുകൾ, ഫാബ്രിക്, ലെതർ പൗച്ചുകൾ, സ്കാർഫുകൾ, നോട്ട്ബുക്കുകൾ, സ്റ്റിക്കറുകൾ, പേന ഹോൾഡറുകൾ, ഇനാമൽ പിന്നുകൾ എന്നിവ ഉൾപ്പെടുന്നതായി, അവർ കൂട്ടിച്ചേർത്തു.
“അതിരുകൾക്കപ്പുറം സാംസ്‌കാരികവും കലയും മാനുഷികവും നീതിയുക്തവുമായ സംരംഭങ്ങളെ പിന്തുണയ്‌ക്കുന്നതിനുള്ള ഒരു യഥാർത്ഥ ജീവിത മാതൃകയും ഈ പ്രോജക്‌ട് പ്രദാനം ചെയ്യുന്നു. ഇത് ഷാർജയുടെ സാംസ്‌കാരിക ധാർമ്മികതയുമായി ഒത്തുചേരുന്നു, ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും അവബോധം വളർത്തുന്നതിനും നല്ല പരിവർത്തനം നടത്തുന്നതിനുമുള്ള സംസ്‌കാരത്തിൻ്റെ യഥാർത്ഥ സാധ്യതകൾ തിരിച്ചറിയുകയും ചെയ്യുന്നു," അവർ അഭിപ്രായപ്പെട്ടു.
എംബ്രോയ്ഡറി ചെയ്ത ടി-ഷർട്ടുകൾ, ടോട്ട് ബാഗുകൾ, ഫാബ്രിക്, ലെതർ പൗച്ചുകൾ, പലസ്തീനിയൻ കെഫിയേയുടെയും ടാട്രീസിൻ്റെയും കരകൗശലത്തിൻ്റെ സത്തയും സൗന്ദര്യവും ഉൾക്കൊള്ളുന്ന സങ്കീർണ്ണമായ ഡിസൈനുകളാൽ അലങ്കരിച്ച സ്കാർഫുകൾ തുടങ്ങി വൈവിധ്യമാർന്ന ഇനങ്ങൾ ഈ ശേഖരത്തിലുണ്ട്.
WAM/അമൃത രാധാകൃഷ്ണൻ