അടുത്ത അധ്യയന വർഷം മുതൽ പ്രാദേശിക, അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് അക്കാദമിക് സ്കോളർഷിപ്പുകൾ നൽകാൻ ഖലീഫ യൂണിവേഴ്സിറ്റി

അബുദാബി, 3 ഏപ്രിൽ 2024 (WAM) --ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് അക്കാദമിക് പ്രോഗ്രാമുകളും ഗവേഷണങ്ങളും കൂടുതൽ പ്രാപ്യമാക്കുന്നതിന്, ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജി അവരുടെ അക്കാദമിക, ഗവേഷണ വിഭാഗങ്ങൾ വികസിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു. വൈവിധ്യമാർന്ന പ്രോജക്ടുകളിലൂടെ, ഗവേഷണം, നവീകരണം, എൻ്റർപ്രൈസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തൊഴിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഭാവി തലമുറയെ വാർത്തെടുക്കാൻ പുതിയ പഠന രീതിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത അധ്യയന വർഷത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു. എല്ലാ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30ആണ്.

കൂടുതൽ വിദ്യാർത്ഥികൾക്ക് മികച്ച അക്കാദമിക്, ഗവേഷണം, സ്കോളർഷിപ്പ് അവസരങ്ങൾ ലഭ്യമാക്കുന്നതിനോടൊപ്പം അനുയോജ്യമായ പഠന അന്തരീക്ഷം ഖലീഫ സർവകലാശാല അവർക്ക് നൽകുന്നതായി അക്കാദമിക്, സ്റ്റുഡൻ്റ് സർവീസ് സീനിയർ വൈസ് പ്രസിഡൻ്റും ബിരുദ പഠനത്തിൻ്റെ അസിസ്റ്റൻ്റ് വൈസ് പ്രസിഡൻ്റുമായ ഡോ. യൂസുഫ് അൽ ഹമ്മാദി പറഞ്ഞു.

മെറ്റലർജിക്കൽ, ഓയിൽ ആൻഡ് ഗ്യാസ്, പെട്രോകെമിക്കൽ, വളർന്നുവരുന്ന ബഹിരാകാശ മേഖലകൾ എന്നിവ സ്ഥാപനം ആവേശകരമായ തൊഴിൽ, ഇൻ്റേൺഷിപ്പ് സാധ്യതകൾ നൽകുന്ന ചില മേഖലകൾ മാത്രമാണ്. ശക്തമായ അക്കാദമിക് പശ്ചാത്തലവും സാങ്കേതിക വൈദഗ്ധ്യവുമുള്ള ബിരുദധാരികൾക്ക് അന്താരാഷ്‌ട്ര കോൺഫറൻസുകളിൽ ഗവേഷണ കണ്ടെത്തലുകൾ അവതരിപ്പിക്കാനും സ്വകാര്യ, പൊതു, കോർപ്പറേറ്റ് മേഖലകളിൽ മികച്ച ജോലി സാധ്യതക്കുള്ള തൊഴിൽ നൈപുണ്യവും സർവകലാശാല വാഗ്ദാനം ചെയ്യുന്നു.

യുണൈറ്റഡ് അറബ് എമിറേറ്റിലെ മികച്ച സർവകലാശാലകളിലൊന്നായ ഖലീഫ സർവകലാശാലയിൽ സയൻസ്, എഞ്ചിനീയറിംഗ്, മെഡിസിൻ, ലൈഫ് സയൻസസ് എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ കോഴ്‌സുകൾ ലഭ്യമാണ്. ഉയർന്ന പേറ്റൻ്റ് എണ്ണവും അക്കാദമിക് റാങ്കിംഗും കാരണം സർവകലാശാല എപ്പോഴും ലോകത്തിലെ മികച്ച അക്കാദമിക് വിദഗ്ധരെ ആകർഷിക്കുന്നു. വിദ്യാർത്ഥികൾ നടത്തുന്ന ക്ലബ് പ്രവർത്തനങ്ങൾ വിവിധ താൽപ്പര്യങ്ങൾ നിറവേറ്റുകയും നവീകരണം, ടീം വർക്ക് എന്നിവയെ പ്രോത്സാഹിപ്പിക്കുകയും വിദ്യാഭ്യാസ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

WAM/അമൃത രാധാകൃഷ്ണൻ