ഇന്ത്യയുമായുള്ള വ്യാപാര, നിക്ഷേപ സാധ്യതകൾ പര്യവേക്ഷണം ചെയ്ത് ഷാർജ ചേംബർ

ഷാർജ, 3 ഏപ്രിൽ 2024 (WAM) -- ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി (എസ്‌സിസിഐ) അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ, ഷാർജയിലെയും ഇന്ത്യയിലെയും ബിസിനസ്സ് കമ്മ്യൂണിറ്റികൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി വ്യാപാര വ്യാപനവും പരസ്പര നിക്ഷേപവും വർധിപ്പിക്കുന്നതിനും ചർച്ച ചെയ്യുന്നതിനായി ഒരു ബിസിനസ് യോഗം നടത്തി. ഇരു വിഭാഗങ്ങളും തമ്മിലുള്ള ഏകോപനം വർധിപ്പിക്കുക, വിവിധ സാമ്പത്തിക മേഖലകളിലെ നിക്ഷേപ സാധ്യതകൾ പര്യവേക്ഷണം ചെയ്യുക, വ്യാപാര വിനിമയങ്ങളിലും സംയുക്ത നിക്ഷേപങ്ങളിലും വളർച്ചയ്ക്ക് ഊർജം പകരാൻ സുസ്ഥിര പങ്കാളിത്തം കെട്ടിപ്പടുക്കുക എന്നിവയിൽ യോഗം ശ്രദ്ധ കേന്ദ്രീകരിച്ചു.

ഷാർജ മീഡിയ സിറ്റി (ഷാംസ്) ചെയർമാൻ ഡോ. ഖാലിദ് ഒമർ അൽ മിദ്ഫ, ഷാർജ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി (ഷുറൂഖ്) സിഇഒ അഹമ്മദ് ഉബൈദ് അൽ ഖസീർ, എയർ അറേബ്യയുടെ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അദേൽ അൽ അലി എന്നിവർ യോഗത്തിൽ പങ്കെടുത്തു. എസ്‌സിസിഐയിലെ കമ്മ്യൂണിക്കേഷൻ ആൻഡ് ബിസിനസ് സെക്ടർ അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ അബ്ദുൾ അസീസ് അൽ ഷംസിയും, ദുബായിലെയും നോർത്തേൺ എമിറേറ്റിലെയും ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനും സന്നിഹിതരായിരുന്നു.

ഷാർജയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക്, പ്രത്യേകിച്ച് ഊർജം, സമുദ്ര വ്യവസായം, ഷിപ്പിംഗ് സേവനങ്ങൾ, കപ്പൽ ഏജൻസികൾ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ ലഭ്യമായ നിക്ഷേപ സഹകരണത്തിൻ്റെ നിലവാരവും വൈവിധ്യമാർന്ന അവസരങ്ങളും ചർച്ചകൾ എടുത്തുകാട്ടി. വാണിജ്യം, ഭക്ഷ്യ വ്യവസായങ്ങൾ, വിനോദസഞ്ചാരം, റിയൽ എസ്റ്റേറ്റ്, കരാർ എന്നിവയിൽ വിദഗ്ധരായ ഇന്ത്യൻ കമ്പനികൾക്ക് ലഭ്യമായ അവസരങ്ങളും യോഗം വിശദീകരിച്ചു.

ഷാർജയിലെയും ഇന്ത്യയിലെയും നിക്ഷേപകർ, കോർപ്പറേറ്റ് മേധാവികൾ, ബിസിനസ്സ് മേധാവികൾ എന്നിവർ തമ്മിൽ ആശയവിനിമയം നടത്തുന്നതിന് ആനുകാലിക ഒത്തുചേരലുകളുടെ പ്രാധാന്യം അബ്ദുൾ അസീസ് അൽ ഷംസി ഊന്നിപ്പറഞ്ഞു. സഹകരണ ബന്ധങ്ങൾ വികസിപ്പിക്കുകയും അതിൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള കൂടുതൽ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുകയുമാണ് കൗൺസിലിൻ്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


WAM/അമൃത രാധാകൃഷ്ണൻ