ദുബായ് വിമാനത്താവളം സാധാരണ സർവീസുകൾ 24 മണിക്കൂറിനുള്ളിൽ പുനരാരംഭിക്കുമെന്ന് ദുബായ് എയർപോർട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ

അബുദാബി, 2024 ഏപ്രിൽ 18,(WAM)--ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിന്റെ സാധാരണ പ്രവർത്തനങ്ങൾ 24 മണിക്കൂറിനുള്ളിൽ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മാജിദ് അൽ ജോക്കർ പറഞ്ഞു. സുഗമമായ യാത്ര സൗകര്യങ്ങൾ ഉറപ്പാക്കാൻ ടെർമിനലുകൾ 1, 3 എന്നിവ ക്രമേണ പ്രവർത്തനം പുനരാരംഭിക്കുമെന്നും, യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്ന് പറഞ്ഞ അദ്ദേഹം എയർപോർട്ട് ടീമും പങ്കാളികളും എയർലൈനുകളും തമ്മിലുള്ള സഹകരണ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.

സാധാരണ നിലയിലേക്ക് മടങ്ങാനുള്ള എയർപോർട്ടിൻ്റെ ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിനും യാത്രക്കാരെ പിന്തുണയ്ക്കുന്നതിനും, എമർജൻസി റെസ്‌പോൺസ് ടീമുകൾ, വിവിധ വകുപ്പുകളും, തന്ത്രപ്രധാന പങ്കാളികൾ, എയർലൈനുകൾ എന്നിവർ സഹകരിച്ച് പ്രവർത്തിച്ചു. പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള നിരവധി സംഘടനകൾ വിമാനത്താവളം സാധാരണ നിലയിൽ പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിൽ പങ്കാളികളായതായും, അദ്ദേഹം കൂട്ടിച്ചേർത്തു.


യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, എയർപോർട്ട് അവരുമായി സജീവമായി ആശയവിനിമയം നടത്തുകയും, റിഫ്രഷ്‌മെൻ്റുകൾ നൽകുകയും ഫ്ലൈറ്റ് ഷെഡ്യൂൾ ചെയ്യുന്നതിനും റീബുക്കിംഗിനും സഹായിക്കുകയും ചെയ്യുന്നു. യാത്രക്കാരുടെ സുഖവും സുരക്ഷയും ഉറപ്പുനൽകുന്നതിനുള്ള എയർപോർട്ട് ജീവനക്കാരുടെ ശ്രമങ്ങളെ അൽ-ജോക്കർ അഭിനന്ദിച്ചു. ഏറ്റവും പുതിയ ഫ്ലൈറ്റ് വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈനുകളുമായി സമ്പർക്കം പുലർത്താൻ യാത്രക്കാരോട് അദ്ദേഹം അഭ്യർത്ഥിച്ചു.


WAM/അമൃത രാധാകൃഷ്ണൻ