ദുബായ്, 2024 ഏപ്രിൽ 22 (WAM) - സാമ്പത്തിക മന്ത്രാലയം സംഘടിപ്പിക്കുന്ന ചെറുകിട സ്ഥാപനങ്ങൾക്കുള്ള ദേശീയ ഫോറം നാളെ ദുബായിലെ ജുമൈറ എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടലിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഫെഡറൽ സ്ഥാപനങ്ങളും ദേശീയ കമ്പനികളും വാഗ്ദാനം ചെയ്യുന്ന ടെൻഡറുകളും കരാറുകളും നേടുന്നതിൽ എമിറാത്തി സംരംഭകരെ പരമാവധി പ്രാപ്തരാക്കാനാണ് ഫോറം ലക്ഷ്യമിടുന്നത്. നിരവധി
ചെറുകിട സ്ഥാപന ഉടമകൾ ഉൾപ്പെടെ 80-ലധികം സ്ഥാപനങ്ങളും 30 പങ്കാളിത്ത സ്ഥാപനങ്ങളും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗവൺമെൻ്റ് സംഭരണത്തിലൂടെ പദ്ധതികളുടെ വളർച്ചയെ പിന്തുണയ്ക്കുന്ന നിയമനിർമ്മാണങ്ങളും നയങ്ങളും ചർച്ച ചെയ്യുന്ന 26 സ്പീക്കർമാരെ ഉൾക്കൊള്ളുന്ന ഇൻക്ലൂസീവ് ചർച്ചകളും ഫോറം സംഘടിപ്പിക്കും.
സെഷനുകൾ ദേശീയ ബിസിനസ്സ് ഉടമകളുടെ വിജയഗാഥകൾ ഉയർത്തിക്കാട്ടുകയും സർക്കാർ ടെൻഡറുകൾ സുരക്ഷിതമാക്കുന്നതിൽ അവർ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും ചെയ്യും. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള ദേശീയ പ്രോഗ്രാം, ഡിജിറ്റൽ സംഭരണ പ്ലാറ്റ്ഫോം (ഡിപിപി), ഹഫീസ്, നഫീസ് പ്രോഗ്രാമുകൾ തുടങ്ങി എമിറാത്തി സംരംഭകരെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്ത പരിപാടികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുള്ള ഒരു വേദിയായി ഫോറം പ്രവർത്തിക്കും.
ഈ സംരംഭങ്ങൾ നൽകുന്ന നേട്ടങ്ങളിലേക്കും ദേശീയ ബിസിനസുകളെ പിന്തുണയ്ക്കുന്ന ഏറ്റവും പുതിയ അപ്‌ഡേറ്റുകളിലേക്കും പങ്കെടുക്കുന്നവർക്ക് ആക്‌സസ് ഉണ്ടായിരിക്കും.
ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിനും പ്രാദേശിക, ആഗോള തലങ്ങളിലെ സംരംഭകരുടെ മത്സരക്ഷമതയ്ക്കും, സംഭാവനകൾ വർദ്ധിപ്പിക്കുന്നതിനും പരിപാടിയിൽ പങ്കെടുക്കാൻ എല്ലാ സംരംഭകരെയും സാമ്പത്തിക മന്ത്രാലയം ക്ഷണിച്ചു.
WAM/അമൃത രാധാകൃഷ്ണൻ