ദുബായുടെ മറൈൻ ട്രാൻസ്‌പോർട്ട് സേവനങ്ങൾ മെച്ചപ്പെടുത്താനൊരുങ്ങി ആർടിഎ

ദുബായ്, 2024 ഏപ്രിൽ 22 (WAM) -- ദുബായ് മാരിടൈം അതോറിറ്റിയും (ഡിഎംഎ) പോർട്ട്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷനുമായി(പിസിഎഫ്‌സി) സഹകരിച്ച് മറൈൻ ട്രാൻസ്‌പോർട്ട് സേവനങ്ങൾ മെച്ചപ്പെടുത്താനൊരുങ്ങുക്കയാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ).

ഈ കരാർ നിലവിൽ വരുന്നതതോടെ ആർടിഎയുടെ സേവനങ്ങളെ ഡിഎംഎയുടെ സംവിധാനവുമായി സംയോജിപ്പിച്ച് പൊതുജനങ്ങൾക്ക് ഹ്രസ്വകാല ബെർത്ത് വാടകയ്‌ക്കെടുക്കൽ പോലുള്ള സേവനങ്ങൾ ഉപയോഗിക്കാൻ കഴിയും. ഇത് സ്വകാര്യ ബോട്ടുകളെ സമുദ്ര സ്റ്റേഷനുകളിൽ താൽക്കാലികമായി ഡോക്ക് ചെയ്യാൻ അനുവദിക്കുകയും ചെയ്യും.


ഡിഎംഎയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശൈഖ് ഡോ. സയീദ് ബിൻ അഹമ്മദ് ബിൻ ഖലീഫ അൽ മക്തൂം, പൊതുഗതാഗത ഏജൻസിയായ ആർടിഎയുടെ സിഇഒ അഹമ്മദ് ഹാഷിം ബഹ്‌റോസിയാൻ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.


ദുബായുടെ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്ന സുസ്ഥിരവും സുരക്ഷിതവുമായ ഒരു സമുദ്ര ബിസിനസ്സ് വളർത്തിയെടുക്കാൻ ഡിഎംഎ പ്രതിജ്ഞാബദ്ധമാണെന്ന് ഡിഎംഎയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശൈഖ് ഡോ. സയീദ് പറഞ്ഞു. സമുദ്ര സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും പ്രാദേശികവും അന്തർദേശീയവുമായ നിയന്ത്രണങ്ങൾക്ക് അനുസൃതമായി ഹരിത സമുദ്ര സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർടിഎയുടെ സംവിധാനത്തിന് കീഴിലുള്ള ഇൻഷുറൻസ് കമ്പനികളുമായി ഇലക്ട്രോണിക് ലിങ്ക് ചെയ്തുകൊണ്ട് ഡിഎംഎയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സമുദ്ര ഗതാഗത മാർഗങ്ങൾക്കായുള്ള ലൈസൻസിംഗ് സേവനങ്ങൾ നവീകരിക്കാൻ ആർടിഎ ലക്ഷ്യമിടുന്നു. കൂടാതെ, ആർടിഎയുടെ സംവിധാനത്തിലൂടെ കാഴ്ച പരിശോധന ഡാറ്റ ആക്‌സസ് ചെയ്‌ത് സമുദ്ര കപ്പലുകളുടെ ജീവനക്കാർക്കുള്ള ലൈസൻസിംഗ് സേവനങ്ങൾ നവീകരിക്കാനും കരാർ ലക്ഷ്യമിടുന്നതായും ആർടിഎയുടെ സിഇഒ അഹമ്മദ് ഹാഷിം വ്യക്തമാക്കി.


2007-ൽ ഡിഎംഎയുടെ സ്ഥാപനം പ്രാദേശിക സമുദ്ര വ്യവസായത്തിൽ കാര്യമായ പരിവർത്തനം അടയാളപ്പെടുത്തി, സമുദ്ര വ്യവസായത്തിലെ പ്രമുഖരെ ആകർഷിക്കുന്നതിനുള്ള സംരംഭങ്ങളും നിയന്ത്രണ നടപടികളും അവതരിപ്പിച്ചിരുന്നു. ആഗോളതലത്തിൽ സമുദ്രമേഖലയെ നിയന്ത്രിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും സമർപ്പിച്ചിരിക്കുന്ന ഒരു സ്വതന്ത്ര ഗവൺമെൻ്റ് ബോഡി എന്ന നിലയിൽ, സമുദ്ര വ്യവസായം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും പ്രവർത്തന പ്രക്രിയകൾ, ലോജിസ്റ്റിക്കൽ സേവനങ്ങൾ, പ്രാദേശിക തലത്തിൽ കടൽ ബിസിനസിൽ ദുബായുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നിക്ഷേപ അവസരങ്ങൾ വൈവിധ്യവത്കരിക്കുന്നതിനും ഡിഎംഎ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.


WAM/അമൃത രാധാകൃഷ്ണൻ