ബാഗ്ദാദ്, 22 ഏപ്രിൽ, 2024 (WAM)-- ഡെവലപ്‌മെൻ്റ് റോഡ് പദ്ധതിയിൽ സഹകരണത്തിനായി യുഎഇ, ഇറാഖ്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങൾ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് എസ് അൽ സുഡാനിയും തുർക്കി രാഷ്‌ട്രപതി റജബ് തയ്യിബ് എർദോഗനും തിങ്കളാഴ്ച ഒപ്പുവെക്കൽ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ഈ ധാരണാപത്രം തന്ത്രപ്രധാനമായ 'ഡെവലപ്‌മെൻ്റ് റോഡ്' പദ്ധതിയുടെ സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കരാറിൽ ഒപ്പിട്ട നാല് രാജ്യങ്ങളിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തതായി ഇറാഖി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
യുഎഇ ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്‌റൂയി, ഇറാഖ് ഗതാഗത മന്ത്രി റസാഖ് മുഹിബിസ്, തുർക്കിയുടെ അബ്ദുൾകാദിർ ഉറലോഗ്‌ലു, ഖത്തർ ഗതാഗത മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തി എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഡെവലപ്മെൻ്റ് റോഡ് പദ്ധതി നടപ്പിലായാൽ അത് സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും സാമ്പത്തിക ഏകീകരണത്തിലൂടെ പ്രാദേശികവും അന്തർദേശീയവുമായ സഹകരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പദ്ധതി വിവിധ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സുസ്ഥിര സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനും അന്താരാഷ്ട്ര വ്യാപാരം വർദ്ധിപ്പിക്കാനും വാണിജ്യ സുഗമമാക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
WAM/അമൃത രാധാകൃഷ്ണൻ