സമാധാനവും സമൃദ്ധിയും നേർന്നുകൊണ്ട് യുഎഇ-ഒമാൻ സംയുക്ത പ്രസ്താവന

അബുദാബി, 2024 ഏപ്രിൽ 23, (WAM) -- ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻ്റെ യുഎഇ സന്ദർശനത്തെ തുടർന്ന് യുഎഇയും ഒമാൻ സുൽത്താനേറ്റും സംയുക്ത പ്രസ്താവന പുറത്തിറക്കി.

പ്രസ്താവനയുടെ പൂർണ്ണരൂപം:

യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ക്ഷണത്തിന് മറുപടിയായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് 2024 ഏപ്രിൽ 22, 23 തീയതികളിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദർശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ മേഖലകളിലും തന്ത്രപരമായ സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ സന്ദർശന വേളയിൽ നേതാക്കൾ ചർച്ച ചെയ്തു. 2022 സെപ്തംബറിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒമാൻ സുൽത്താനേറ്റിൽ നടത്തിയ സന്ദർശനത്തിൻ്റെ ഫലങ്ങൾ ആവർത്തിച്ച് ഉറപ്പിച്ചുകൊണ്ട് സാഹോദര്യത്തിൻ്റെയും സൗഹാർദത്തിൻ്റെയും മനോഭാവത്തോടെ നടത്തിയ സന്ദർശനം ഫലപ്രദമായിരുന്നു.

ശൈഖ് മുഹമ്മദ് ബിൻ സായിദും ഒമാൻ സുൽത്താനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ ചർച്ച ചെയ്തു. തങ്ങളുടെ പരസ്പര താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനും മേഖലയിലെ സ്ഥിരതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനും ഏകോപനം ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. സംഘർഷത്തിന്‍റെയും അസ്ഥിരതയുടെയും പ്രത്യാഘാതങ്ങളിൽ നിന്ന് പ്രദേശത്തെയും അതിലെ ജനങ്ങളെയും സംരക്ഷിക്കാൻ എല്ലാ കക്ഷികളോടും പരമാവധി സംയമനം പാലിക്കാൻ അവർ ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിലും നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും തർക്കങ്ങൾ പരിഹരിക്കുന്നതിലുള്ള തങ്ങളുടെ വിശ്വാസം അവർ വീണ്ടും ഉറപ്പിച്ചു, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസഭയോടും സുരക്ഷാ സമിതിയോടും ആവശ്യപ്പെട്ടു.

സാമ്പത്തിക, നിക്ഷേപ മേഖലകളിൽ തങ്ങളുടെ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു, വ്യാപാര വിനിമയവും നിക്ഷേപവും വികസിപ്പിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും പൊതു-സ്വകാര്യ മേഖലകളെ പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്തുകാട്ടി. സന്ദർശനത്തിനൊടുവിൽ, സുൽത്താൻ ഹൈതം ബിൻ താരിഖ്, ശൈഖ് മുഹമ്മദ് ബിൻ സായിദിനോടും യുഎഇ സർക്കാരിനോടും ജനങ്ങളോടും അവരുടെ ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യത്തിനും നന്ദിയും അഭിനന്ദനവും അറിയിച്ചു.

യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒമാൻ സുൽത്താനേറ്റിനും അവിടത്തെ ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുന്നു.