മഴയുടെ ആഘാതം നേരിടാനുള്ള പുതിയ തീരുമാനങ്ങൾക്ക് അംഗീകാരം നൽകി ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ

ഷാർജ, 23 ഏപ്രിൽ 2024 (WAM) -- കനത്ത മഴ നഗരത്തിലുണ്ടാക്കിയ ആഘാതം ചർച്ച ചെയ്യാൻ ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗം ചേർന്നു. . സ്ഥിതിഗതികൾ നേരിടുന്നതിൽ സർക്കാർ വകുപ്പുകളുടെയും സ്വകാര്യമേഖലയുടെയും പൗരന്മാരുടെയും ശ്രമങ്ങളെ കൗൺസിൽ അഭിനന്ദിച്ചു.

ഷാർജ ഭരണാധികാരിയായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി, കുടുംബങ്ങൾക്കും വ്യക്തികൾക്കും സുരക്ഷാ നടപടികൾ വർദ്ധിപ്പിക്കുന്നതിന് കൗൺസിൽ നിരവധി തീരുമാനങ്ങൾ എടുത്തു. ഭാവി സാഹചര്യങ്ങൾക്കായി പദ്ധതികളും മുൻകൈയെടുക്കുന്ന നടപടികളും വികസിപ്പിച്ചെടുക്കുന്നതിനിടയിൽ സുരക്ഷിതമായി തങ്ങളുടെ വീടുകളിലേക്ക് മടങ്ങുന്നതിന് അനുയോജ്യമായ അന്തരീക്ഷം തയ്യാറാക്കുന്നത് വേഗത്തിലാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുകയും അവ കണക്കാക്കുകയും, ഭാവിയിൽ ഇത് ഒഴിവാക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയും ദുരിതബാധിതരെ അവരുടെ വീടുകളിലേക്ക് തിരികെ എത്തിക്കുകയും ചെയ്യുന്നതാണ് കൗൺസിലിൻ്റെ തീരുമാനങ്ങൾ. പൗരന്മാരുടെയും താമസക്കാരുടെയും സ്ഥിരത ഉറപ്പുവരുത്തുന്നതിനായി ബന്ധപ്പെട്ട അധികാരികൾ അവരുടെ സ്പെഷ്യലൈസേഷനുകളെ അടിസ്ഥാനമാക്കി ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കും.

ഷാർജയിൽ പ്രകൃതിക്ഷോഭം ബാധിച്ച വീട്ടുടമകൾക്ക് http://e.shj.ae/inquiry എന്ന ലിങ്ക് ഉപയോഗിച്ച് ഷാർജ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ സഹായത്തിന് അപേക്ഷിക്കാം.

കനത്ത മഴയിൽ ഉണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുത്ത് വാണിജ്യ, സാമ്പത്തിക സ്ഥാപനങ്ങൾക്ക് പുതുക്കൽ, നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ട ഫീസ് അടയ്ക്കുന്നത് ഒരു മാസത്തേക്ക് മാറ്റിവയ്ക്കാനും കൗൺസിൽ അവസരം നൽകിയിട്ടുണ്ട്.


WAM/അമൃത രാധാകൃഷ്ണൻ