ദുബായ്, ഏപ്രിൽ 23, 2024 (WAM) --ജിസിസി സ്‌പോർട്‌സ് ആഗോളതലത്തിൽ ഉയർത്തുന്നതിനും ജിസിസി രാജ്യങ്ങളിലെ യുവജനങ്ങൾക്കിടയിൽ സഹകരണത്തിൻ്റെയും ഐക്യത്തിൻ്റെയും ബന്ധം വർധിപ്പിക്കുന്നതിനും ജിസിസി സ്‌പോർട്‌സ് ടൂർണമെൻ്റുകളുടെ പ്രാധാന്യം ദുബായ് സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഊന്നിപ്പറഞ്ഞു. ദുബായ് ഓപ്പറയിൽ നടന്ന ആദ്യ ജിസിസി യൂത്ത് ഗെയിംസിൻ്റെ ഔദ്യോഗിക ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിസിസി സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽ ബുദൈവി; ദേശീയ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡൻ്റും ഗെയിംസിൻ്റെ ഉന്നത സംഘാടക സമിതി ചെയർമാനുമായ ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി, നിരവധി അംബാസഡർമാർ, പൊതുപ്രവർത്തകർ, കായിക രംഗത്തെ പ്രമുഖർ, ജിസിസി ദേശീയ ഒളിമ്പിക് കമ്മിറ്റി പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സുസ്ഥിരത, കെട്ടുറപ്പ്, യുവത്വം എന്നിവ പ്രമേയമാക്കി 40 മിനിറ്റ് ദൈർഘ്യമുള്ള കലാപ്രകടനം ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിക്കപ്പെട്ടു. ഏപ്രിൽ 16 ന് ആരംഭിച്ച് മെയ് 2 വരെ നടക്കുന്ന പരിപാടിയിൽ ഏകദേശം 1500 പേർ പങ്കെടുത്തു. കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൻ്റെ സാംസ്കാരികവും സാമൂഹികവുമായ പൈതൃകങ്ങളിൽ നിന്ന് രാഷ്ട്രങ്ങളും സമൂഹങ്ങളും ഉരുത്തിരിയുന്ന സ്ഥായിയായ മൂല്യത്തെ ശൈഖ് മൻസൂർ ഊന്നിപ്പറഞ്ഞു. പരിപാടിയുടെ വിജയത്തിനും മികവിനും സഹകരിച്ച സംഘാടക സമിതികൾക്കും പ്രവർത്തകർക്കും ടീമുകൾക്കും സന്നദ്ധപ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു.
'നമ്മുടെ ഗൾഫ് ഒന്നാണ്... നമ്മുടെ യുവാക്കൾ വാഗ്ദാനമാണ്' എന്ന പ്രമേയത്തിൽ നടന്ന ജിസിസി യൂത്ത് ഗെയിംസിൽ 300 സന്നദ്ധപ്രവർത്തകരും100 മാധ്യമ പ്രതിനിധികളും പങ്കെടുത്തു. 24 വ്യക്തിഗത, ടീം കായിക ഇനങ്ങളിലായി 3,500 അത്ലറ്റുകളാണ് മത്സരിച്ചത്. മത്സരത്തിൽ പങ്കെടുത്ത് മികച്ച പ്രകടനങ്ങൾ നടത്തിയവരെയും മെഡൽ നേടിയ കായികതാരങ്ങളെയും ശൈഖ് മൻസൂർ അഭിനന്ദിച്ചു.
WAM/അമൃത രാധാകൃഷ്ണൻ