30 രാജ്യങ്ങൾ 200 ലധികം സർവകലാശാലകൾ, ജിടെക്സ് 2024ന് ദുബായിൽ തുടക്കമായി

ദുബായ്, 24 ഏപ്രിൽ 2024 (WAM) --മേഖലയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ പരിശീലന പരിപാടിയുടെ 2024 പതിപ്പിൻ്റെ സമാരംഭം കുറിക്കുന്ന ഗ്ലോബൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് എക്‌സിബിഷൻ (ജിടെക്സ്) നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ(കെഎച്ച്ഡിഎ) ഡയറക്ടർ ജനറൽ ആയിഷ അബ്ദുല്ല മിറാൻ ഉദ്ഘാടനം ചെയ്തു.

ഏപ്രിൽ 24 മുതൽ 26 വരെ ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ നടക്കുന്ന എക്‌സിബിഷനിൽ ട്രെൻഡിംഗ് കംപ്യൂട്ടിംഗ്, സാങ്കേതിക മുന്നേറ്റം, മെഡിസിൻ, സയൻസിലെ പുരോഗതി, നേതൃത്വം, മറ്റ് ഭാവി കരിയർ പാതകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വളർന്നുവരുന്നതും പരമ്പരാഗതവുമായ തൊഴിലുകളുമായി ബന്ധപ്പെട്ട പഠന വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 2,500 കോഴ്‌സ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു 30 വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം സർവകലാശാലകളാണ് ഈ വർഷം പ്രദർശനത്തിൽ പങ്കെടുക്കുന്നത്.

വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസ യാത്രകളെക്കുറിച്ച് അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കുന്ന സംരംഭങ്ങളെ പിന്തുണയ്ക്കാൻ കെഎച്ച്ഡിഎ പ്രതിജ്ഞാബദ്ധമാണ്. കൂടാതെ, ജിടെക്സ് വിദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും ഒരു സുപ്രധാന വിഭവമായി വർത്തിക്കുന്നു. ലൈസൻസുള്ളതും അംഗീകൃതവുമായ 38 സർവ്വകലാശാലകൾ ബിസിനസ്, ലൈഫ് സയൻസസ് മുതൽ ഗെയിമിംഗ്, എഐ വരെയുള്ള 650-ലധികം പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു. ദുബായിലെ സ്വകാര്യ സർവ്വകലാശാലകളിലെ എൻറോൾമെൻ്റുകൾ ഈ വർഷം 12% വർദ്ധിച്ചു, ഇത് മേഖലയിലെ ഉയർന്ന നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രം എന്ന നിലയിൽ നഗരത്തിൻ്റെ സ്ഥാനം പ്രതിഫലിപ്പിക്കുന്നു.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന് ശക്തമായ ഊന്നൽ നൽകി 'ഭാവിയിലെ നേതാക്കന്മാരെയും ഇന്നൊവേറ്റേഴ്‌സിനെയും പഠിപ്പിക്കുക' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന അക്കാദമിയ ഇൻഡസ്ട്രി ഇന്നൊവേഷൻ കോൺഫറൻസ് ഈ വർഷത്തെ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. ഒന്നിലധികം വർക്ക്‌ഷോപ്പുകൾ, സെമിനാറുകൾ, ചർച്ചകൾ, കൂടാതെ എഐ ഹാക്കത്തോൺ, എഐ സ്റ്റാർട്ടപ്പ് ഷോകേസ്, യൂത്ത് കരിയർ കൗൺസലിംഗ്, യൂത്ത് ഇൻ്റേൺഷിപ്പ് മേള, എഐ ഇന്നൊവേഷൻ അവാർഡുകൾ, അധ്യാപകരുമായും മറ്റ് പ്രൊഫഷണലുകളുമായു റൗണ്ട് ടേബിൾ ചർച്ചകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

ജിടെക്സ് 2024 യുഎഇയിലെ വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും പ്രൊഫഷണലുകൾക്കും 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രാദേശിക, അന്തർദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സംവദിക്കാനുള്ള അവസരം നൽകുന്നു, വൈവിധ്യമാർന്ന അക്കാദമിക് ഓഫറുകളെയും പ്രവേശന ആനുകൂല്യങ്ങളെയും കുറിച്ച് നേരിട്ടുള്ള അറിവ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

WAM/അമൃത രാധാകൃഷ്ണൻ