അബുദാബി, 24 ഏപ്രിൽ 2024 (WAM) --ഖനന, സാങ്കേതിക മേഖലകളിലെ സഹകരണത്തിന് വഴിയൊരുക്കി യുഎഇയുടെ നിക്ഷേപ മന്ത്രാലയവും കെനിയയുടെ സാമ്പത്തിക മന്ത്രാലയവും ദേശീയ ട്രഷറിയും നിക്ഷേപ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
അബുദാബി ആസ്ഥാനമായുള്ള എഡിക്യു പ്രഖ്യാപിച്ച കരാർ, കെനിയയുടെ സമ്പദ്‌വ്യവസ്ഥയുടെ മുൻഗണനാ മേഖലകളിലെ നിക്ഷേപം സുഗമമാക്കാൻ ലക്ഷ്യമിടുന്നു. കരാർ അനുസരിച്ച് 500 ദശലക്ഷം യുഎസ് ഡോളർ വരെ നിക്ഷേപം സാധ്യമാണ്. 'സിലിക്കൺ സവന്ന' എന്നറിയപ്പെടുന്ന കെനിയയുടെ ഖനന മേഖലയ്ക്ക് സ്വർണ്ണം, ചെമ്പ്, ഇൽമനൈറ്റ്, ടാൻ്റലം, ലോഹേതര ധാതുക്കൾ എന്നിവയുടെ സമൃദ്ധമായ ശേഖരം കാരണം ഗണ്യമായ വളർച്ച സാധ്യതയാണുള്ളത്.
കെനിയയിലെ ധാതു പര്യവേക്ഷണം, ഖനി വികസനം, സംസ്കരണം, ശുദ്ധീകരണം, വിപണനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ധാരണാപത്രം, നവീകരണത്തിനും വളർച്ചയ്ക്കുമുള്ള സാങ്കേതിക കൈമാറ്റ അവസരങ്ങളിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പരിസ്ഥിതി, സാമൂഹിക, ഭരണ സമ്പ്രദായങ്ങൾക്ക് അനുസൃതമായി ധാതു മേഖലയുടെ ഉത്തരവാദിത്ത പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹകരണവും ഇരു രാജ്യങ്ങളും വിലയിരുത്തും.
യുഎഇയുടെയും കെനിയയുടെയും സാമ്പത്തിക യാത്രയിലെ ഒരു പുതിയ അധ്യായമാണ് ഈ ധാരണാപത്രം അടയാളപ്പെടുത്തുന്നതെന്ന് യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽസുവൈദി പറഞ്ഞു. ധാതു മേഖലയെ മുന്നോട്ട് കൊണ്ടുപോകാൻ മാത്രമല്ല, നമ്മുടെ രാജ്യങ്ങളുടെ മൊത്തത്തിലുള്ള അഭിവൃദ്ധി ഉറപ്പാക്കാനും ശേഷി വർദ്ധിപ്പിക്കുന്നതിനും കരുത്തുറ്റ ഭരണ സമ്പ്രദായങ്ങൾ സ്ഥാപിക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം കെനിയയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ മേഖലയുടെ പുരോഗതിക്കായി ഇരു രാജ്യങ്ങളും ഒപ്പുവച്ച ഉഭയകക്ഷി നിക്ഷേപ സഹകരണത്തിൻ്റെ ചുവടുപിടിച്ചാണ് ഈ ധാരണാപത്രം.
WAM/അമൃത രാധാകൃഷ്ണൻ