യുഎഇ രാഷ്ട്രപതിയുമായി ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് സ്പെയിൻ പ്രധാനമന്ത്രി

അബുദാബി, 24 ഏപ്രിൽ 2024 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഇന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായി ഫോൺ സംഭാഷണം നടത്തി. ഉഭയകക്ഷി ബന്ധം വികസിപ്പിക്കാനുള്ള വഴികളെക്കുറിച്ച് പര്യവേക്ഷണം ചെയ്തു. യുഎഇയും സ്‌പെയിനും തമ്മിലുള്ള പരസ്പര താൽപ്പര്യങ്ങൾ കൈവരിക്കുന്നതിനായി വിവിധ മേഖലകളിൽ സഹകരണം ഇരു നേതാക്കളും ചർച്ച ചെയ്തു.

പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന സംഘർഷങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രാദേശികവും അന്തർദേശീയവുമായ ആശങ്കകൾ ചർച്ച ചെയ്തു. ഗാസ നിവാസികളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും വർദ്ധിച്ചുവരുന്ന മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനും വേഗത്തിൽ സമാധാനം കൈവരിക്കേണ്ടതിൻ്റെയും അടിയന്തര വെടിനിർത്തലിൻ്റെയും പ്രാധാന്യത്തിന് ഇരു പാർട്ടികളും ഊന്നൽ നൽകി.

ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി നീതിയും സമഗ്രവും ശാശ്വതവുമായ സമാധാനത്തിനായി രാഷ്ട്രീയ ചക്രവാളത്തിലേക്ക് മുന്നേറുന്നതിന് അടിയന്തര അന്താരാഷ്ട്ര നടപടിയുടെ ആവശ്യകത ഇരുപക്ഷവും അടിവരയിട്ടു.

ഈ സാഹചര്യത്തിൽ, ഐക്യരാഷ്ട്രസഭയിൽ പലസ്തീൻ്റെ പൂർണ അംഗത്വത്തിന് തൻ്റെ രാജ്യത്തിൻ്റെ പിന്തുണ സ്പെയിൻ പ്രധാനമന്ത്രി സ്ഥിരീകരിച്ചു. മേഖലയിലും ലോകമെമ്പാടും സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് യുഎഇയും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും നടത്തുന്ന ശ്രമങ്ങളെ സ്പാനിഷ് പ്രധാനമന്ത്രി പ്രശംസിച്ചു.

WAM/അമൃത രാധാകൃഷ്ണൻ