ഡിഎസ്‌സി യോഗത്തിൽ, ദുബായ് സ്‌പോർട്‌സ് മേഖലയുടെ മികവിനെ പ്രശംസിച്ച് മൻസൂർ ബിൻ മുഹമ്മദ്

ദുബായ്, 2024 ഏപ്രിൽ 25 (WAM) --ദുബായിലെ കായിക മേഖലയിലെ ഗണ്യമായ വളർച്ചയെ ദുബായ് സ്‌പോർട്‌സ് കൗൺസിൽ (ഡിഎസ്‌സി) ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രശംസിച്ചു. സർക്കാരിൻ്റെ പിന്തുണയും നിർദേശങ്ങളും ദീർഘവീക്ഷണമുള്ള നേതൃത്വവുമാണ് ഈ വളർച്ചയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പിന്തുണ നൽകുന്ന നിയമനിർമ്മാണ ചട്ടക്കൂട്, മികച്ച ജീവിത നിലവാരം, കോച്ചിംഗ്, ബിസിനസ്സ്, നിക്ഷേപ വശങ്ങൾ എന്നിവയുൾപ്പെടെ വിവിധ തലങ്ങളിൽ സ്പോർട്സിലുള്ള വർദ്ധിച്ചുവരുന്ന താൽപ്പര്യം ശൈഖ് മൻസൂർ എടുത്തുപറഞ്ഞു. വിവിധ കായിക സംരംഭങ്ങൾക്ക് ഡിഎസ്‌സി 788 പുതിയ വർക്ക് പെർമിറ്റുകൾ നൽകിയിട്ടുണ്ട്, കൂടാതെ അന്താരാഷ്ട്ര ടീമുകൾക്കും പ്രാദേശിക സംഘടനകൾക്കുമായി പരിശീലന ക്യാമ്പുകളുടെ എണ്ണം 200-ലധികമായി വർധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ് ക്ലബ്ബുകളിൽ പ്രതിവർഷം രജിസ്റ്റർ ചെയ്യുന്ന കളിക്കാരുടെ എണ്ണം 5,000 ആയി ഉയർന്നു. ഡിഎസ്‌സിയുമായി സഹകരിച്ച് കഴിവുള്ളവരെ കണ്ടെത്തി അവരുടെ ഭരണസംവിധാനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തീവ്രമാക്കാൻ ക്ലബ്ബുകളോട് ഷെയ്ഖ് മൻസൂർ ആഹ്വാനം ചെയ്തു.

ലോകോത്തര സ്‌പോർട്‌സ് ടൂർണമെൻ്റുകളും ഇവൻ്റുകളും സംഘടിപ്പിക്കാനുള്ള കഴിവുള്ള ദുബായ് അന്താരാഷ്ട്ര പ്രതിഭകളെ ആകർഷിക്കുന്നത് തുടരുന്നു. ദുബായിലെ ലൈസൻസുള്ളതും ക്ലാസിഫൈഡ് ആയതുമായ ഫിറ്റ്നസ് സെൻ്ററുകളുടെ എണ്ണം 338 ആയി ഉയർന്നു, ശിക്ഷാ സ്ഥാപനങ്ങളിൽ നിന്നുള്ള 100-ലധികം അന്തേവാസികൾ പരിശീലനം പൂർത്തിയാക്കി കായിക മേഖലയിൽ വ്യത്യസ്തമായ റോളുകൾ വഹിക്കാനുള്ള യോഗ്യത നേടിയിട്ടുണ്ട്.

സ്‌പോർട്‌സ് ബോഡികളുടെ സുഗമവും കാര്യക്ഷമവുമായ നടത്തിപ്പ് പ്രാപ്‌തമാക്കുന്നതിന് കഴിവുള്ളവരെ കണ്ടെത്തി പിന്തുണയ്‌ക്കാനുള്ള ശ്രമങ്ങൾ തീവ്രമാക്കണമെന്ന് ഷെയ്ഖ് മൻസൂർ ക്ലബ്ബുകളോട് ആവശ്യപ്പെടുകയും ഡിഎസ്‌സിയുമായി സഹകരിച്ചും ഏകോപിപ്പിച്ചും ഭരണസംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ക്ലബ്ബുകൾക്ക് നിർദേശം നൽകുകയും ചെയ്തു.

മാനുഷികവും സാമ്പത്തികവുമായ സ്രോതസ്സുകളുടെ മികച്ച നിക്ഷേപങ്ങൾക്ക് സംഭാവന നൽകുന്നതിന് ഡിഎസ്‌സിയുടെ സഹകരണത്തിലും ഏകോപനത്തിലും ക്ലബ്ബുകൾ അവരുടെ ഭരണസംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഖത്തർ ലീഗ് ചാമ്പ്യൻമാരായ അൽ ദുഹൈലിനെതിരെ 2-1 ന് വിജയിച്ച ഷബാബ് അൽ അഹ്‌ലി ക്ലബ്ബിനെയും സൗദി ക്ലബ് അൽ ഹിലാലിനെതിരെ 5-4 ന് ജയിച്ച് എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയ അൽ ഐൻ സ്‌പോർട്‌സ് ക്ലബ്ബിനെയും കൗൺസിൽ അഭിനന്ദിച്ചു.

WAM/അമൃത രാധാകൃഷ്ണൻ