അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട്; 128 ബില്യൺ യുഎഇ ദിർഹം മൂല്യമുള്ള പാസഞ്ചർ ടെർമിനൽ നിർമ്മാണ പദ്ധതിക്ക് അനുമതി നൽകി മുഹമ്മദ് ബിൻ റാഷിദ്

ദുബായ്, 2024 ഏപ്രിൽ 28, (WAM) -- ദുബായ് ഏവിയേഷൻ എഞ്ചിനീയറിംഗ് പ്രോജക്റ്റുകളുടെ തന്ത്രപരമായ പദ്ധതിക്കും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനലിനുള്ള ഡിസൈനുകൾക്കും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 128 ബില്യൺ ദിർഹം ചെലവിൽ നിർമ്മിക്കാൻ സജ്ജീകരിച്ചിരിക്കുന്ന പദ്ധതി പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ടെർമിനൽ എന്ന പദവി സ്വന്തമാക്കുകയും, കൂടാതെ പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരുടെ ശേഷി കൈകാര്യം ചെയ്യാൻ വിമാനത്താവളത്തെ പ്രാപ്തമാക്കുകയും ചെയ്യും.

ദുബായ് ഏവിയേഷൻ എൻജിനീയറിങ് പ്രോജക്ട് സന്ദർശന വേളയിൽ, ശൈഖ് മുഹമ്മദിനെ, ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായി ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരി, ഉപപ്രധാനമന്ത്രി, ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ അനുഗമിച്ചു.

ദുബായ് ഏവിയേഷൻ കോർപ്പറേഷൻ തന്ത്രത്തിൻ്റെ ഭാഗമാണ് അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ടിൽ പുതിയ പാസഞ്ചർ ടെർമിനൽ നിർമിക്കുന്നതെന്നും 400 എയർക്രാഫ്റ്റ് ഗേറ്റുകൾ ഉൾക്കൊള്ളുന്ന, അഞ്ച് സമാന്തര റൺവേകൾ ഉൾക്കൊള്ളുന്ന നിലവിലെ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ അഞ്ചിരട്ടി വലുപ്പം ഇതിന് ഉണ്ടാകുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. വ്യോമയാന മേഖലയിൽ ആദ്യമായാണ് വിമാനത്താവളം പുതിയ വ്യോമയാന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നത്.

ദുബായ് സൗത്തിലെ വിമാനത്താവളത്തിന് ചുറ്റും ഞങ്ങൾ ഒരു നഗരം മുഴുവൻ പണിയുകയാണ്, ഒരു ദശലക്ഷം ആളുകൾക്ക് പാർപ്പിടത്തിനുള്ള സൗകര്യം ഇവിടെ ഒരുക്കും. ലോജിസ്റ്റിക്‌സ്, എയർ ട്രാൻസ്‌പോർട്ട് മേഖലകളിലെ ലോകത്തെ മുൻനിര കമ്പനികൾക്ക് ഇത് ആതിഥേയത്വം വഹിക്കും. ഭാവി തലമുറകൾക്ക്, നമ്മുടെ കുട്ടികൾക്കും അവരുടെ കുട്ടികൾക്കും തുടർച്ചയായതും സുസ്ഥിരവുമായ വികസനം ഉറപ്പാക്കുന്ന ഒരു പുതിയ പ്രോജക്റ്റ് നിർമ്മിക്കുകയാണെന്ന് ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു, ഇതിലൂടെ ദുബായ് ലോകത്തിലെ വിമാനത്താവളവും തുറമുഖവും നഗര കേന്ദ്രവും പുതിയ ആഗോള കേന്ദ്രവുമാകും.

കൂടാതെ, 260 ദശലക്ഷത്തിലധികം യാത്രക്കാരെയും 12 ദശലക്ഷം ടൺ ആത്യന്തിക ശേഷിയുമുള്ള, 70 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള, ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി ഉയർന്നുവരുന്ന, ഭാവിയിലെ വിമാനത്താവളത്തിനായുള്ള മാസ്റ്റർ പ്ലാൻ ശൈഖ് മുഹമ്മദ് അവലോകനം ചെയ്തു.

ദുബായ് ഏവിയേഷൻ സിറ്റി കോർപ്പറേഷൻ ചെയർമാനും ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പിൻ്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് ജബൽ അലിയിലെ പുതിയ വിമാനത്താവളത്തിൻ്റെ രൂപകല്പനയും നിർമാണ പ്രക്രിയയും ആരംഭിച്ചതായി അറിയിച്ചു. പ്രതിവർഷം 150 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പദ്ധതിയുടെ ആദ്യ ഘട്ടം 10 വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ വിമാനത്താവളം ദുബായ് ഇൻ്റർനാഷണലിൻ്റെ അഞ്ചിരട്ടിയിലധികം വലുപ്പമുള്ളതായിരിക്കും, കൂടാതെ ദുബായുടെ വ്യോമയാന മേഖലയിൽ അടുത്ത 40 വർഷത്തേക്ക് പ്രതീക്ഷിക്കുന്ന വളർച്ചയ്ക്ക് വഴിയൊരുക്കും. അത്യാധുനിക സാങ്കേതിക വിദ്യകൾ, യാത്രക്കാർക്ക് സമാനതകളില്ലാത്ത നിലവാരത്തിലുള്ള സേവനങ്ങൾ, അത്യാധുനിക വ്യോമയാന പിന്തുണാ സൗകര്യങ്ങൾ എന്നിവ നൽകും.

പദ്ധതിയുടെ സാമ്പത്തിക, സാമൂഹിക നേട്ടങ്ങൾ വ്യക്തമാക്കിയ ദുബായ് ഏവിയേഷൻ സിറ്റി കോർപ്പറേഷൻ്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ ഖലീഫ അൽ സഫിൻ, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം ഒരു ലീഡ് ഗോൾഡ് സർട്ടിഫിക്കേഷൻ കൈവരിക്കാൻ ലക്ഷ്യമിടുന്നതായും ചൂണ്ടിക്കാട്ടി.