യുഎഇ-റൊമാനിയ സംയുക്ത സമിതി മൂന്നാമത് മന്ത്രിതല യോഗം നടത്തി

ബുക്കാറെസ്റ്റ്, 29 ഏപ്രിൽ 2024 (WAM) -- യുഎഇ-റൊമാനിയ സംയുക്ത സമിതിയുടെ മൂന്നാമത്തെ മന്ത്രിതല യോഗം ബുക്കാറെസ്റ്റിലെ റൊമാനിയൻ പാർലമെൻ്റ് പാലസിൽ നടന്നു. മറിയം ബിൻ്റ് മുഹമ്മദ് അൽംഹെരിയുടെ നേതൃത്വത്തിലുള്ള യുഎഇ പ്രതിനിധി സംഘത്തോടൊപ്പം റൊമാനിയൻ പ്രധാനമന്ത്രി മാർസെൽ സിയോലാക്കുവും ഗതാഗത, അടിസ്ഥാന സൗകര്യ വികസന മന്ത്രി സോറിൻ ഗ്രിൻഡിയനുവും യോഗത്തിൽ സന്നിഹിതരായിരുന്നു.

വിനോദസഞ്ചാരം, വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, ആരോഗ്യം, വ്യവസായം, ചെറുകിട ഇടത്തരം സംരംഭങ്ങൾ, പുനരുപയോഗ ഊർജം, വ്യോമയാനം, കൃഷി, ഭക്ഷ്യസുരക്ഷ തുടങ്ങിയ സുപ്രധാന മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് യോഗം ലക്ഷ്യമിടുന്നത്.

ഇരു രാജ്യങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങളുടെ ശക്തിയെയും ആഴത്തെയും അൽംഹെരി പ്രശംസിച്ചു. വ്യാപാര വിനിമയം പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെയും വിവിധ മേഖലകളിൽ, പ്രത്യേകിച്ച് ചെറുകിട ഇടത്തരം സംരംഭങ്ങളിൽ ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിൻ്റെയും പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. വ്യാപാരം, ഊർജം, പുനരുപയോഗ ഊർജം, സാങ്കേതികവിദ്യ, കൃഷി, ഗതാഗതം, ലോജിസ്റ്റിക്‌സ് സേവനങ്ങൾ, ടൂറിസം, വിജ്ഞാന വിനിമയം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ പുതിയ നിക്ഷേപ സാധ്യതകൾ പര്യവേക്ഷണം ചെയ്യാൻ അവർ യുഎഇ ബിസിനസ്സ് ഉടമകളോടും നിക്ഷേപകരോടും അഭ്യർത്ഥിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഫെഡറേഷൻ ഓഫ് യുഎഇ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻ്റ് ഇൻഡസ്ട്രിയും റൊമാനിയയിലെ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചതോടെയാണ് യോഗം അവസാനിച്ചത്.


WAM/അമൃത രാധാകൃഷ്ണൻ