മേക്ക് ഇറ്റ് ഇൻ എമിറേറ്റ്സ് സ്റ്റാർട്ടപ്പ് പിച്ച് മത്സരത്തിൻ്റെ അപേക്ഷ സമയപരിധി മെയ് 5 വരെ നീട്ടി

അബുദാബി, 29 ഏപ്രിൽ 2024 (WAM) --ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, 3D പ്രിൻ്റിംഗ്, ഡീകാർബണൈസേഷൻ എന്നിവയിൽ വൈദഗ്ധ്യമുള്ള പ്രാദേശിക, അന്തർദേശീയ സാങ്കേതിക കമ്പനികൾക്കായുള്ള "മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് (MIITE) സ്റ്റാർട്ട്-അപ്പ് പിച്ച് മത്സരത്തിനുള്ള അപേക്ഷ സമയപരിധി വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രാലയം (MoIAT) മെയ് 5 വരെ നീട്ടി. കമ്പനികളെ പിന്തുണയ്‌ക്കാനും ശാക്തീകരിക്കാനും നൂതനമായ പരിഹാരങ്ങൾ പ്രദർശിപ്പിക്കാനും നിക്ഷേപകരുമായും ധനകാര്യ സ്ഥാപനങ്ങളുമായും നെറ്റ്‌വർക്കിംഗിന് ഒരു പ്ലാറ്റ്ഫോം പ്രദാനം ചെയ്യാനും മത്സരം ലക്ഷ്യമിടുന്നു. ഏവിയേഷൻ, ഹെൽത്ത് കെയർ, ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്‌സ്, എനർജി, കസ്റ്റമൈസ്ഡ് മാനുഫാക്ചറിംഗ്, ഡീകാർബണൈസേഷൻ, റിന്യൂവബിൾ എനർജി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡിജിറ്റൈസേഷൻ, കാർബൺ ക്യാപ്‌ചർ, സ്റ്റോറേജ് തുടങ്ങി മത്സരം വിവിധ വ്യവസായങ്ങളെ ഉൾക്കൊള്ളുന്നു.

നൂതന സാങ്കേതികവിദ്യകളുടെ സ്വീകാര്യത ത്വരിതപ്പെടുത്തുക, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്കായി ദേശീയ വ്യവസായ തന്ത്രത്തിൻ്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് മത്സരം രൂപകൽപന ചെയ്തിട്ടുള്ളത്.യുഎഇ നെറ്റ് സീറോ തന്ത്രത്തിന് അനുസൃതമായി വ്യവസായത്തിൻ്റെ ഹരിത പരിവർത്തനത്തെ പിന്തുണയ്ക്കാൻ കഴിയുന്ന തകർപ്പൻ നവീകരണങ്ങൾ പ്രദർശിപ്പിക്കാൻ സ്റ്റാർട്ടപ്പുകളെ ക്ഷണിക്കുന്നു. വ്യവസായ പങ്കാളികൾ, നിക്ഷേപകർ, നയരൂപകർത്താക്കൾ എന്നിവരുമായി നെറ്റ്‌വർക്ക് ചെയ്യാനും വിദഗ്ധരിൽ നിന്ന് ഉൾക്കാഴ്‌ചകൾ നേടാനും പിന്തുണയുള്ള സംരംഭകത്വ പരിതസ്ഥിതിയിൽ ഉപദേശകരുമായി ഇടപഴകാനും ഈ മത്സരം സ്റ്റാർട്ടപ്പുകൾക്ക് ഒരു വേദി നൽകുന്നു.


മത്സരത്തിൽ രണ്ട് വിഭാഗങ്ങളും ഉപവിഭാഗങ്ങളുമാണുള്ളത്. ഓരോന്നും വ്യവസായ-നിർദ്ദിഷ്‌ട വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള വ്യത്യസ്ത സമീപനങ്ങളെ പ്രതിനിധീകരിക്കുന്നു. വിവിധ വ്യവസായങ്ങളിൽ ഉടനീളം പ്രോട്ടോടൈപ്പിംഗിലും ത്രീഡി പ്രിൻ്റിംഗ് സൊല്യൂഷനുകളിലും ഏർപ്പെട്ടിരിക്കുന്ന സ്റ്റാർട്ടപ്പുകൾക്കായി അഡിറ്റീവ് മാനുഫാക്ചറിംഗ് വിഭാഗം തുറന്നിരിക്കുന്നു. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് വിജയികൾക്ക് ക്യാഷ് അവാർഡുകളും പൈലറ്റ് പ്രോജക്ടുകളിൽ വ്യവസായ പങ്കാളികളുമായി പ്രവർത്തിക്കാനുള്ള അവസരങ്ങളും ലഭിക്കും.

അബുദാബി എനർജി സെൻ്ററിൽ മെയ് 27, 28 തീയതികളിൽ നടക്കുന്ന മൂന്നാമത് മേക്ക് ഇറ്റ് ഇൻ എമിറേറ്റ്സ് ഫോറത്തിലാണ് പ്രാദേശിക, ആഗോള സ്റ്റാർട്ടപ്പുകൾക്കായുള്ള മത്സരം നടക്കുക. നവീകരണം, വിപണി സാധ്യത, മത്സര വിഭാഗങ്ങളുമായുള്ള വിന്യാസം എന്നിവയെ അടിസ്ഥാനമാക്കിയാണ് അപേക്ഷകൾ വിലയിരുത്തുന്നത്.


WAM/അമൃത രാധാകൃഷ്ണൻ