മലീഹ ഡയറി ഫാമിൻ്റെ ആദ്യഘട്ടം ഷാർജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു

ഷാർജ, 29 ഏപ്രിൽ 2024 (WAM) --സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മലീഹ ഡയറി ഫാമിൻ്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തു. ഫാം പച്ചക്കറി ഉത്പാദനം, ഗോതമ്പ് കൃഷി ഡയറി ഫാമിംഗ്, പൗൾട്രി ഫാമിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മലീഹയിലെ ആദ്യ രണ്ട് പദ്ധതികളായ പച്ചക്കറി ഉത്പാദന പദ്ധതിയും, ഗോതമ്പ് പദ്ധതിയും വിജയിച്ചിത്തിനെ തുടർന്നാണ് മൂന്നാമത് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഏകദേശം 450 ഹെക്ടറിൽ ആരംഭിച്ച ഗോതമ്പ് പദ്ധതി, ആദ്യ വർഷത്തിൽ തന്നെ , ഏറ്റവും ഉയർന്ന പ്രോട്ടീൻ ശതമാനം 18 ശതമാനം നേടി, രണ്ടാം വർഷം 19.1% ആയി ഇത് വർദ്ധിച്ചു.

മൂന്നാമത്തെ പ്രോജക്റ്റായ, കന്നുകാലി പദ്ധതിക്ക്, ഏകദേശം 600 ദശലക്ഷം ദിർഹത്തിൻ്റെ ബജറ്റാണ് വകയിരുത്തിട്ടുള്ളത്. വടക്കൻ ജർമ്മനിയിൽ നിന്നും തെക്കൻ ഡെന്മാർക്കിൽ നിന്നുമുള്ള കന്നുകാലികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആരോഗ്യം, പരിസ്ഥിതി, പോഷകാഹാരം, പ്രകൃതിദത്തമായ വളർച്ച എന്നിവ ഉൾപ്പെടെ എല്ലാ മേഖലകളിലും കന്നുകാലി പദ്ധതിക്ക് പൂർണ്ണമായ പരിചരണം ലഭിക്കും, ശുദ്ധവും പ്രകൃതിദത്തവും ജൈവവുമായ പാൽ ഉറപ്പാക്കാനും ഇത് ലക്ഷ്യമിടുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ശുദ്ധവും പ്രകൃതിദത്തവും ജൈവവുമായ പാൽ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ പദ്ധതിയായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ ഷാർജ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് വിഭാഗം മേധാവി ശൈഖ് മുഹമ്മദ് ബിൻ ഹുമൈദ് അൽ ഖാസിമി, മുനിസിപ്പാലിറ്റി അഫയേഴ്സ് വകുപ്പ് ഡയറക്ടർ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മാജിദ് അൽ ഖാസിമി,ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ്, ഷാർജ കൺസൾട്ടേറ്റീവ് കൗൺസിൽ ചെയർമാൻ ഡോ. അബ്ദുല്ല ബെൽഹൈഫ് അൽ നുഐമിയും മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

WAM/അമൃത രാധാകൃഷ്ണൻ