അബുദാബി, 30 ഏപ്രിൽ 2024 (WAM) -- യുഎഇ സെൻട്രൽ ബാങ്കിൻ്റെ (സിബിയുഎഇ) ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ യുഎഇ ഫണ്ട് ട്രാൻസ്ഫർ സിസ്റ്റം (UAEFTS) വഴിയുള്ള ഇൻ്റർബാങ്ക് ഫണ്ട് കൈമാറ്റങ്ങളുടെ മൊത്ത മൂല്യം 3 ട്രില്യൺ ദിർഹത്തിലധികമായി ഉയർന്നു.
റഫറൻസ് കാലയളവിൽ നടത്തിയ ബാങ്ക്-ടു-ബാങ്ക് ട്രാൻസ്ഫറുകളും കസ്റ്റമർ-ടു-കസ്റ്റമർ കൈമാറ്റങ്ങളും യഥാക്രമം 1.883 ട്രില്യൺ ദിർഹം, 1.078 ട്രില്യൺ ദിർഹം എന്നിങ്ങനെയാണെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
ഫെബ്രുവരിയിൽ 1.512 ട്രില്യൺ ദിർഹം കൈമാറ്റം ചെയ്യപ്പെട്ടെങ്കിലും ജനുവരി മാസമാണ് ഏറ്റവും തിരക്കേറിയ മാസമെന്ന് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.
2001 മുതൽ പ്രവർത്തനക്ഷമമായ ഈ സംവിധാനം, യുഎഇയിലെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും തമ്മിൽ സെൻട്രൽ ബാങ്കിലുള്ള അവരുടെ അക്കൗണ്ടുകൾ വഴി ഫണ്ട് കൈമാറ്റം സുഗമമാക്കുന്നു. സിസ്റ്റം റൂൾസ് ഡോക്യുമെൻ്റിൽ സിബിയുഎഇ വിശദമാക്കിയിട്ടുള്ള വ്യവസ്ഥകളും ആഭ്യന്തര, അന്തർദേശീയ മാനദണ്ഡങ്ങളും പാലിക്കുന്നതിലൂടെയാണ് സിസ്റ്റത്തിൻ്റെ കാര്യക്ഷമതയും ഭരണവും ഉറപ്പാക്കുന്നത്.
WAM/അമൃത രാധാകൃഷ്ണൻ