കാലാവസ്ഥാ വിലയിരുത്തൽ സംവിധാനം ശക്തിപ്പെടുത്താൻ എൻസിഇഎംഎ

അബുദാബി, 30 ഏപ്രിൽ 2024 (WAM) -- സമീപകാല കാലാവസ്ഥാ സംഭവവികാസങ്ങളെക്കുറിച്ചും അവ രാജ്യത്ത് ഉണ്ടായേക്കാവുന്ന ആഘാതങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ സംയുക്ത കാലാവസ്ഥാ, ഉഷ്ണമേഖലാ വിലയിരുത്തൽ സംഘം യോഗം ചേർന്നു.

നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി (എൻസിഇഎംഎ) യോഗത്തിന് നേതൃത്വം നൽകി, ആഭ്യന്തര മന്ത്രാലയം (എംഒഐ), നാഷണൽ സെൻ്റർ ഫോർ മെറ്റീരിയോളജി (എൻസിഎം), മറ്റ് സർക്കാർ വകുപ്പുകൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

ചൊവ്വാഴ്ച മുതൽ ബുധനാഴ്ച വരെ രാജ്യത്ത് ചെറിയ തോതിൽ മഴയുണ്ടാവാനുള്ള സാധ്യത ദേശീയ ദുരന്ത നിവാരണ സമിതി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാത്രി മുതൽ വ്യാഴം വരെ, ഇടയ്ക്കിടെ മിന്നലോടും ഇടിയോടും കൂടി, ശക്തമായ മഴ പ്രതീക്ഷിക്കുന്നു. വെള്ളി, ശനി ദിവസങ്ങളിൽ , ചില തെക്ക്, കിഴക്കൻ പ്രദേശങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുള്ളതായും സമിതി അറിയിച്ചു.

ദുരിത ബാധിത പ്രദേശങ്ങളിൽ പ്രതീക്ഷിക്കുന്ന പ്രത്യാഘാതങ്ങളും അനന്തരഫലങ്ങളും വിലയിരുത്തുന്നതിന് ആഭ്യന്തര സുരക്ഷാ മന്ത്രാലയം സംയുക്ത കാലാവസ്ഥ, ഉഷ്ണമേഖലാ വിലയിരുത്തൽ ടീമുമായി പൂർണ്ണമായ ഏകോപനം നിലനിർത്തുന്നു. പ്രതികരണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും സുപ്രധാന മേഖലകൾക്കായി പ്രതികരണ പദ്ധതികൾ തയ്യാറാക്കുന്നതിനും മന്ത്രാലയം സജീവമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും നിർദ്ദേശങ്ങൾ പാലിക്കാനും കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാനും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. റോഡുകളും അണക്കെട്ടുകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ജല സംഭരണ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള നടപടികൾ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.


WAM/അമൃത രാധാകൃഷ്ണൻ