യുഎഇയിൽ കോർപ്പറേറ്റ് നികുതി സമ്പ്രദായത്തെക്കുറിച്ച് ശിൽപശാല സംഘടിപ്പിച്ച് ഷാർജ ചേംബർ

ഷാർജ, 1 മെയ് 2024 (WAM) -- ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്‌സിസിഐ) യുഎഇയിലെ കോർപ്പറേറ്റ് നികുതി സമ്പ്രദായത്തെക്കുറിച്ച് കാഷ്‌വാനി നിയമ സ്ഥാപനവുമായി സഹകരിച്ച് ഒരു ശിൽപശാല സംഘടിപ്പിച്ചു.

അഭിഭാഷകനായ അഹമ്മദ് അബ്ദുൾ അസീസ് കഷ്‌വാനിയുടെ നേതൃത്വത്തിൽ നടന്ന ശിൽപശാലയിൽ യുഎഇയുടെ കോർപ്പറേറ്റ് നികുതി വ്യവസ്ഥയുടെ നിയമ, അക്കൗണ്ടിംഗ്, സാങ്കേതിക വശങ്ങൾ എന്നിവ ഉൾപ്പെടുത്തി. നികുതി റസിഡൻസി, കോർപ്പറേറ്റ് നികുതി കണക്കുകൂട്ടലുകൾ, നികുതി റിട്ടേൺ ഫയലിംഗ്, പാലിക്കൽ നടപടിക്രമങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

നികുതി ലംഘനങ്ങളും നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങളും ശിൽപശാല ചർച്ച ചെയ്തു. എസ്‌സിസിഐയുടെ ഷാർജ എക്‌സ്‌പോർട്ട്‌സ് ഡെവലപ്‌മെൻ്റ് സെൻ്റർ ഡയറക്ടർ അലി അൽ ജാരി, ബിസിനസ് മേഖലയുടെ വഴക്കവും അന്താരാഷ്‌ട്ര സാമ്പത്തിക മാനദണ്ഡങ്ങളോടുള്ള യുഎഇയുടെ അനുരൂപതയും ഊന്നിപ്പറഞ്ഞു.

രാജ്യത്തെ കോർപ്പറേറ്റ് നികുതി സമ്പ്രദായത്തിൻ്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലാണ് ശിൽപശാലയുടെ അജണ്ട തയ്യാറാക്കിയത്. സാമ്പത്തിക സുതാര്യത വർദ്ധിപ്പിക്കുന്നതിലും ഷാർജയിലേക്കും യുഎഇയിലേക്കും നിക്ഷേപകരെ ആകർഷിക്കുന്നതിലും കോർപ്പറേറ്റ് നികുതി നിയമം പാലിക്കേണ്ടതിൻ്റെ പ്രാധാന്യം വിദഗ്ധർ എടുത്തുപറഞ്ഞു. യുഎഇ കോർപ്പറേറ്റ് നികുതി വ്യവസ്ഥകൾ എളുപ്പത്തിൽ മനസ്സിലാക്കാൻ പങ്കെടുക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്.

WAM/അമൃത രാധാകൃഷ്ണൻ