വ്യാപാരവും നിക്ഷേപ പ്രവാഹവും മെച്ചപ്പെടുത്താനുള്ള ജിസിസിയുടെ ശ്രമങ്ങളെ പിന്തുണച്ച് യുഎഇ

ദോഹ, 1 മെയ് 2024 (WAM) --ഖത്തറിലെ ദോഹയിൽ നടന്ന 66-ാമത് ജിസിസി ട്രേഡ് കോ-ഓപ്പറേഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ഉന്നതതല യുഎഇ പ്രതിനിധി സംഘത്തെ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി നയിച്ചു.

ഉപഭോക്തൃ സംരക്ഷണം, മത്സര നിയന്ത്രണങ്ങൾ, ഇ-കൊമേഴ്‌സ്, ഡിജിറ്റൽ വ്യാപാരം എന്നിവയെക്കുറിച്ചുള്ള വാണിജ്യ നിയമങ്ങളിൽ സാധ്യമായ ഭേദഗതികൾ സെഷൻ പരിശോധിച്ചു.ഇറക്കുമതി, കയറ്റുമതി പ്രക്രിയകൾ കാര്യക്ഷമമാക്കേണ്ടതിൻ്റെ ആവശ്യകത, സർക്കാർ ടെൻഡറുകളിൽ ജിസിസി എസ്എംഇകൾക്ക് മുൻഗണന നൽകേണ്ടതിൻ്റെ ആവശ്യകത, സംരംഭകരെ സഹായിക്കുന്നതിനുള്ള തന്ത്രങ്ങൾ നടപ്പിലാക്കുക തുടങ്ങിയ കാര്യങ്ങൾ കമ്മിറ്റി ചർച്ച ചെയ്തു.

യുഎഇ പ്രതിനിധി സംഘത്തിൽ സാമ്പത്തിക മന്ത്രാലയം അണ്ടർസെക്രട്ടറി അബ്ദുല്ല അഹമ്മദ് അൽ സാലിഹ്, കൺട്രോൾ ആൻഡ് കൊമേഴ്‌സ്യൽ ഗവേണൻസ് വിഭാഗത്തിനായുള്ള സാമ്പത്തിക മന്ത്രാലയം അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി അബ്ദുല്ല സുൽത്താൻ അൽ ഫാൻ അൽ ഷംസി, അന്താരാഷ്ട്ര വ്യാപാരകാര്യ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ജുമാ മുഹമ്മദ് അൽ കൈത്തും എന്നിവർ ഉൾപ്പെടുന്നു.ജിസിസിയുടെ പ്രാദേശിക സംയോജനത്തിനും സമൃദ്ധിക്കും പിന്തുണ നൽകുന്നതിനും അംഗരാജ്യങ്ങളുടെ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക ബിസിനസ്സ് മത്സരക്ഷമതയ്ക്കും പ്രധാന സാമ്പത്തിക മേഖല പങ്കാളിത്തത്തിനുള്ള യുഎഇയുടെ പ്രതിബദ്ധതയും ഡോ താനി അൽ സെയൂദി സ്ഥിരീകരിച്ചു.

കൊമേഴ്‌സ്യൽ ആർബിട്രേഷൻ സെൻ്ററിൻ്റെ സമീപകാല മുന്നേറ്റങ്ങൾ സമിതി അവലോകനം ചെയ്യുകയും ജിസിസി അംഗരാജ്യങ്ങളിലെ വാണിജ്യ നിയമങ്ങളിലും ചട്ടങ്ങളിലും വരുത്തിയ ഭേദഗതികൾ വിലയിരുത്തുകയും ചെയ്തു. അംഗരാജ്യങ്ങൾക്കിടയിൽ വ്യാപാരമുദ്രയും ഫ്രാഞ്ചൈസി വിപുലീകരണവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വാണിജ്യ ഫ്രാഞ്ചൈസിംഗിനായി ഒരു ഏകീകൃത ജിസിസി നിയമനിർമ്മാണം സ്ഥാപിക്കേണ്ടതിൻ്റെ പ്രാധാന്യവും കമ്മിറ്റി ഊന്നിപ്പറഞ്ഞു. രണ്ടാമത്തെ ചൈന-ജിസിസി സാമ്പത്തിക, വാണിജ്യ മന്ത്രിതല യോഗത്തിൻ്റെയും വ്യാവസായിക, നിക്ഷേപ സഹകരണത്തിനായുള്ള ചൈന-ജിസിസി ഫോറത്തിൻ്റെ ആദ്യ സമ്മേളനത്തിൻ്റെയും ക്രമീകരണങ്ങളും സമിതി വിലയിരുത്തി.


WAM/അമൃത രാധാകൃഷ്ണൻ