ഖത്തറിൽ നടന്ന ജിസിസി വ്യവസായ യോഗങ്ങളിൽ പങ്കെടുത്ത യുഎഇ പ്രതിനിധി സംഘത്തെ വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രി നയിച്ചു

ദോഹ,2 മെയ് 2024 (WAM) --ജിസിസി രാജ്യങ്ങൾ തമ്മിലുള്ള വ്യാവസായിക, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഖത്തറിലെ ദോഹയിൽ നടന്ന പ്രാദേശിക വ്യാവസായിക യോഗത്തിൽ പങ്കെടുത്ത യുഎഇ പ്രതിനിധി സംഘത്തെ വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ നയിച്ചു. ജിസിസി ഇൻഡസ്ട്രിയൽ കോ-ഓപ്പറേഷൻ കമ്മിറ്റിയും സ്റ്റാൻഡേർഡൈസേഷൻ അഫയേഴ്‌സിനായുള്ള മിനിസ്റ്റീരിയൽ കമ്മിറ്റിയും വ്യവസായം, മാനദണ്ഡങ്ങൾ, അളവുകോൽ എന്നിവയിൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ യോഗങ്ങൾ നടത്തി. ജിസിസി അംഗരാജ്യങ്ങളുടെ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും കൂടുതൽ സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിനും നൂതന സാങ്കേതികവിദ്യ വിന്യസിച്ചുകൊണ്ട് വ്യാവസായിക മേഖലയുടെ വളർച്ചയും വികസനവും വർദ്ധിപ്പിക്കുന്നതിന് നിക്ഷേപവുമായി ബന്ധപ്പെട്ട സഹകരണം ശക്തിപ്പെടുത്തുകയാണ് യുഎഇയുടെ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിൻ്റെ ലക്ഷ്യം.

നിക്ഷേപത്തിലും സുപ്രധാന മേഖലകളിലെ പങ്കാളിത്തത്തിലും ജിസിസിയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത ഡോ. അൽ ജാബർ എടുത്തുപറഞ്ഞു. യുഎഇയുടെ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയം വിവിധ പ്രോത്സാഹനങ്ങളിലൂടെയും ധനസഹായം ഉൾപ്പെടെയുള്ള സഹായങ്ങളിലൂടെയും ദേശീയ വ്യാവസായിക മേഖലയിൽ നൂതന സാങ്കേതികവിദ്യയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സ്റ്റാൻഡേർഡൈസേഷൻ അഫയേഴ്‌സിനായുള്ള മിനിസ്റ്റീരിയൽ കമ്മിറ്റിയുടെ ഏഴാമത്തെ യോഗത്തിലും ഡോ. അൽ ജാബർ പങ്കെടുത്തു, ഈ സമയത്ത് ജിസിസി സ്റ്റാൻഡേർഡൈസേഷൻ ഓർഗനൈസേഷൻ്റെ (ജിഎസ്ഒ) ചെയർമാൻ 2023 സെപ്റ്റംബർ മുതൽ 2024 മാർച്ച് വരെയുള്ള ജിഎസ്ഒയുടെ പുരോഗതിയെയും പരിശ്രമങ്ങളെയും കുറിച്ച് ഒരു അവതരണം നടത്തി.


2023 സാമ്പത്തിക വർഷത്തിലെ അക്കൗണ്ടുകളും ജിസിസി അക്രഡിറ്റേഷൻ സെൻ്ററിൻ്റെ (ജിഎസി) അപ്‌ഡേറ്റുകളും ഉൾപ്പെടുന്ന ജിഎസ്ഒയുടെ പ്രസിഡൻസിയിൽ നിന്നുള്ള നിരവധി മെമ്മോറാണ്ടങ്ങൾ മന്ത്രിമാർ പരിശോധിച്ചു. ജിഎസ്ഒയും റഷ്യൻ ഫെഡറൽ ഏജൻസി ഫോർ ടെക്നിക്കൽ റെഗുലേഷൻ ആൻഡ് മെട്രോളജിയും തമ്മിലുള്ള ധാരണാപത്രം (എംഒയു) ഒപ്പുവെക്കുന്നത് സംബന്ധിച്ച ജിഎസ്ഒയുടെ പ്രസിഡൻസിയിൽ നിന്നുള്ള ഒരു മെമ്മോറാണ്ടവും യോഗം ചർച്ച ചെയ്തു.

WAM/അമൃത രാധാകൃഷ്ണൻ