അൽ ലിയ്യ വാട്ടർ കനാൽ പദ്ധതി സന്ദർശിച്ച് ഷാർജ ഭരണാധികാരി

ഷാർജ, 6 മെയ് 2024 (WAM) --അറേബ്യൻ ഗൾഫിൽ നിന്ന് ഖാലിദ് തടാകത്തിലേക്കുള്ള നീരൊഴുക്ക് വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഷാർജയിലെ അൽ ലിയ്യ വാട്ടർ കനാൽ പദ്ധതി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സന്ദർശിച്ചു.

2023 ജനുവരിയിൽ ആരംഭിച്ച പദ്ധതിയിൽ ഖനനം, പാലം നിർമ്മാണം, കനാലിനെ അൽ-അലം ദ്വീപ്, ഖാലിദ് തടാകം തുടങ്ങിയ സമീപ പദ്ധതികളുമായി ബന്ധിപ്പിക്കുന്നത് എന്നിവ ഉൾപ്പെടുന്നു. പദ്ധതിയുടെ സമയക്രമം, വാസ്തുവിദ്യാ രൂപകല്പനകൾ, കനാലിന് സമീപമുള്ള സേവന പദ്ധതികളുടെ ഭാവി പദ്ധതികൾ എന്നിവ ഷാർജ ഭരണാധികാരി അവലോകനം ചെയ്തു. 320 മീറ്റർ നീളമുള്ള വേവ് ബ്രേക്കർ, പ്രദേശത്തെ സൗകര്യങ്ങൾ, ഖാലിദ് തടാകത്തിൽ നിന്ന് അറേബ്യൻ ഗൾഫിലേക്കുള്ള ജലചലനം എന്നിവയെക്കുറിച്ച് അദ്ദേഹം പഠിച്ചു.


സമീപത്തെ സർക്കാർ സ്ഥാപനങ്ങളുടെയും അൽ ജുബൈൽ മാർക്കറ്റ് കെട്ടിടത്തിൻ്റെയും വാസ്തുവിദ്യാ ശൈലിയുമായി യോജിപ്പിച്ച് ഇസ്ലാമിക് വാസ്തുവിദ്യയിൽ ഒരു പുതിയ വാട്ടർഫ്രണ്ട് നിർമ്മിക്കുന്നതാണ് പദ്ധതിയുടെ അടുത്ത ഘട്ടം.

WAM/അമൃത രാധാകൃഷ്ണൻ