അബുദാബി, 8 മെയ്, 2024 (WAM) --യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘം, അബുദാബിയിലെ കൾച്ചറൽ ഫൗണ്ടേഷൻ്റെ പങ്കാളിത്തത്തോടെ, 2024 മെയ് 12 മുതൽ 16 വരെ അബുദാബിയിൽ യൂറോപ്യൻ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.ഫ്രാൻസ്, അയർലൻഡ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, മാൾട്ട, സ്ലോവേനിയ, സ്വീഡൻ, ചെക്ക് റിപ്പബ്ലിക്, എസ്തോണിയ ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്നുള്ള 10 യൂറോപ്യൻ സിനിമകൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യമാണ്. എമിറാത്തി പ്രേക്ഷകരെ യൂറോപ്യൻ സാംസ്കാരിക-സിനിമാ വൈവിധ്യങ്ങളിലേക്ക് പരിചയപ്പെടുത്താനാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്.
വളർന്നുവരുന്ന പ്രതിഭകൾക്കും വിദ്യാർത്ഥികൾക്കും തിരക്കഥാകൃത്തുക്കൾക്കും സംവിധായകർക്കുമായി തിരക്കഥാരചന, കഥപറച്ചിൽ എന്നിവയെക്കുറിച്ചുള്ള ശിൽപശാലയും ഫെസ്റ്റിവൽ വാഗ്ദാനം ചെയ്യുന്നു. ഇയു,യുഎഇ വിദഗ്ധർ തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുക, സംഭാഷണവും സാംസ്കാരിക വിനിമയവും പ്രോത്സാഹിപ്പിക്കുക, മികച്ച പരിശീലനങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും പ്രാദേശിക പ്രതിഭകളെ പിന്തുണയ്ക്കുക എന്നിവയാണ് യൂറോപ്യൻ വിദഗ്ദൻ സംഘടിപ്പിക്കുന്ന ഈ ശിൽപശാലയുടെ ലക്ഷ്യം.
ആധുനിക സമൂഹത്തിൽ സിനിമയുടെ പ്രാധാന്യവും സംസ്‌കാരത്തിലൂടെയും കലയിലൂടെയും മനുഷ്യബന്ധം ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യവും യുഎഇയിലെ ഇയു അംബാസഡർ ലൂസി ബെർഗർ ഊന്നിപ്പറഞ്ഞു. അബുദാബിയിലെ കൾച്ചറൽ ഫൗണ്ടേഷനുമായുള്ള പങ്കാളിത്തത്തെ അവർ പ്രശംസിച്ചു, ഇത് എമിറാത്തി സംസ്കാരം, പൈതൃകം, കലകൾ എന്നിവ സംരക്ഷിക്കുന്നതിലും യുഎഇയും ഇയു ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക വിനിമയം ഏകീകരിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.
യൂറോപ്യൻ യൂണിയൻ ആഗോളതലത്തിൽ 90 രാജ്യങ്ങളിൽ സംഘടിപ്പിക്കുന്ന ആഗോള സംരംഭങ്ങളിലൊന്നാണ് യൂറോപ്യൻ ഫിലിം ഫെസ്റ്റിവൽ.
WAM/അമൃത രാധാകൃഷ്ണൻ