ഹംദാൻ ബിൻ മുഹമ്മദ് അറേബ്യൻ ട്രാവൽ മാർക്കറ്റ് 2024 സന്ദർശിച്ചു

ദുബായ്, 8 മെയ്, 2024 (WAM) -- ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ നടക്കുന്ന പ്രമുഖ ആഗോള ട്രാവൽ ആൻഡ് ടൂറിസം ഇവൻ്റായ 31-ാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് സന്ദർശിച്ചു. വികസനത്തിനായുള്ള പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു വേദിയെന്ന നിലയിൽ ദുബായുടെ ആഗോള പങ്ക് ശൈഖ് ഹംദാൻ എടുത്തുപറഞ്ഞു. ടൂറിസം ദുബായുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന സ്തംഭമാണെന്നും അടുത്ത ദശകത്തേക്കുള്ള അതിൻ്റെ സാമ്പത്തിക തന്ത്രത്തിൻ്റെ നിർണായക ചാലകമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

ദുബായിലെ ആദ്യ ഉപഭരണാധികാരി, ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസിഎഎ) പ്രസിഡൻ്റ്, ദുബായ് എയർപോർട്ട്സ് ചെയർമാനും, എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പിൻ്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം എന്നിവർ സന്ദർശന വേളയിൽ ശൈഖ് ഹംദാനെ അനുഗമിച്ചു.

ഈ വർഷത്തിൻ്റെ ആദ്യ പാദത്തിൽ രാജ്യാന്തര സന്ദർശകരുടെ ഗണ്യമായ വർധന, യാത്രയിലും വിനോദസഞ്ചാരത്തിലും ദ്രുതഗതിയിലുള്ള വളർച്ച നിലനിർത്താനുള്ള ദുബായിയുടെ കഴിവ് തെളിയിക്കുന്നു. എല്ലാ പങ്കാളികൾക്കും അഭിവൃദ്ധി പ്രാപിക്കാനും വ്യവസായത്തിൻ്റെ ദ്രുതഗതിയിലുള്ള വിപുലീകരണത്തിന് സംഭാവന നൽകാനും കഴിയുന്ന ഒരു അന്തരീക്ഷം വളർത്തിയെടുക്കാൻ ദുബായ് ശ്രമിക്കുന്നു. ലോകത്തിലെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളിലൊന്നായി ദുബായ് അതിൻ്റെ പദവി ഉറപ്പിക്കുന്നതിനാൽ, സഞ്ചാരികൾക്കും വിനോദസഞ്ചാരികൾക്കും അസാധാരണമായ പുതിയ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നൂതന ആശയങ്ങളും തന്ത്രങ്ങളും പര്യവേക്ഷണം ചെയ്യുന്നത് എമിറേറ്റ് തുടരുന്നു.

പര്യടനത്തിനിടെ,ശൈഖ് ഹംദാൻ എമിറേറ്റ്‌സ് എയർലൈൻസ്, ഫ്ലൈദുബായ്, അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ്, സൗദി അറേബ്യ, ഖത്തർ എന്നീ പവലിയനുകൾ സന്ദർശിച്ചു.

ഈ വർഷത്തെ എടിഎം ഇവൻ്റിലെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലുതാണ്. 1994-ൽ 300 പ്രദർശകരും 7,000 വ്യാപാര സന്ദർശകരുമായി ആരംഭിച്ച എടിഎം ഇപ്പോൾ വിനോദം, ആഡംബര ഹോസ്പിറ്റാലിറ്റി, കോർപ്പറേറ്റ് യാത്രകൾ വരെയുള്ള എല്ലാ യാത്രാ മേഖലകളെയും സമന്വയിപ്പിക്കുന്ന ഒരു ആഗോള പ്രശസ്തമായ ഇവൻ്റായി സ്വയം സ്ഥാപിച്ചു.

ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, വിനോദ മേഖലകളിലെ ദീർഘവീക്ഷണമുള്ള സംരംഭകരെ കേന്ദ്രീകരിച്ച് 165 രാജ്യങ്ങളിൽ നിന്നുള്ള 2,300 എക്സിബിറ്റർമാരാണ് ഇവൻ്റിൻ്റെ ഈ പതിപ്പിൽ പങ്കെടുക്കുന്നത്.

WAM/അമൃത രാധാകൃഷ്ണൻ