കെനിയയിലെ പ്രളയബാധിതർക്ക് യുഎഇ 15 മില്യൺ യുഎസ് ഡോളർ ദുരിതാശ്വാസ സഹായമായി അനുവദിച്ചു

അബുദാബി, 9 മെയ്, 2024 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദ്ദേശത്തെ തുടർന്ന്, പ്രളയക്കെടുതിയിലും കനത്ത മഴയുടെ ആഘാതത്തിലും ദുരിതമനുഭവിക്കുന്ന കെനിയയിലെ ജനങ്ങൾക്ക് യുഎഇ 15 ദശലക്ഷം യുഎസ് ഡോളർ അനുവദിച്ചു.

യുഎഇ രാഷ്ട്രപതിയുടെ നിർദേശപ്രകാരം, പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ മാനുഷിക ആവശ്യങ്ങളോട് അടിയന്തിരമായി പ്രതികരിക്കുന്നതിനും ജീവൻ സംരക്ഷിക്കുന്നതിനും ഏറ്റവും ദുർബലരായവരെ സഹായിക്കുന്നതിനുള്ള സഹായ ശ്രമങ്ങൾ സമാഹരിക്കുന്നതിനും യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് ഇൻ്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ ആൻഡ് ഫിലാന്ത്രോപിക് കൗൺസിൽ ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്ഥിരീകരിച്ചു.

ലോകമെമ്പാടുമുള്ള കടുത്ത കാലാവസ്ഥയുടെയും പാരിസ്ഥിതിക മാറ്റങ്ങളുടെയും വെളിച്ചത്തിൽ, ദുരന്തബാധിതരെ അവരുടെ ദേശീയത പരിഗണിക്കാതെ തന്നെ സഹായിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.

സമീപകാല വെള്ളപ്പൊക്കത്തിൻ്റെ രൂക്ഷമായ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും കെനിയയുമായുള്ള യുഎഇയുടെ ഐക്യദാർഢ്യം പ്രതിഫലിപ്പിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിൻ്റെ ഭാഗമായാണ് യുഎഇ ഈ പിന്തുണ നൽകുന്നതെന്ന് സഹമന്ത്രി ശൈഖ് ശഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ പറഞ്ഞു.


WAM/അമൃത രാധാകൃഷ്ണൻ