ഗുണമേന്മയും മത്സരശേഷിയും ഉയർത്തുന്നതിനുള്ള ശ്രമങ്ങളുടെ തുടർനടപടികൾക്കായി 'വിദ്യാഭ്യാസ കൗൺസിലിൻ്റെ' യോഗത്തിൽ അബ്ദുല്ല ബിൻ സായിദ് അധ്യക്ഷനായി

അബുദാബി, 9 മെയ്, 2024 (WAM) --വിദ്യാർത്ഥികളുടെ ഗുണമേന്മയും മത്സരശേഷിയും ഉയർത്തുന്നതിനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള യോഗത്തിൽ വിദേശകാര്യ മന്ത്രിയും വിദ്യാഭ്യാസ, മാനവ വിഭവശേഷി കൗൺസിൽ ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസത്തെ ദേശീയ ആവശ്യങ്ങളുമായി യോജിപ്പിക്കുകയും അക്കാദമിക് മികവിൽ ഒരു നേതാവെന്ന നിലയിൽ രാജ്യത്തിൻ്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം. വിദ്യാർത്ഥികളുടെ അക്കാദമിക് നേട്ടം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും അധ്യാപക ജീവനക്കാരുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഇരട്ടിയാക്കേണ്ടതിൻ്റെ ആവശ്യകത ശൈഖ് അബ്ദുല്ല ഊന്നിപ്പറഞ്ഞു. വിദ്യാർത്ഥികളുടെ പഠന ഫലങ്ങളുടെ സമഗ്ര വിലയിരുത്തൽ നടത്തുന്നത്തിൽ സുതാര്യതയും വ്യക്തതയും പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം അടിവരയിട്ടു.

വിദ്യാർത്ഥികൾക്കിടയിൽ ശക്തമായ അറബി ഭാഷാ വൈദഗ്ധ്യം വളർത്തിയെടുക്കേണ്ടതിൻ്റെ പ്രാധാന്യം ശൈഖ് അബ്ദുല്ല എടുത്തുപറഞ്ഞു, ഇത് ദേശീയ ഐഡൻ്റിറ്റിയെ ശക്തിപ്പെടുത്തുക മാത്രമല്ല, ഭാവിയിലെ പ്രൊഫഷണൽ വിജയത്തിന് ആവശ്യമായ ഉപകരണങ്ങളായ ഗണിതം, ഇംഗ്ലീഷ് തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നതിനുള്ള ശക്തമായ അടിത്തറയും നൽകുന്നു. ഈ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന്, പ്രസക്തമായ സ്ഥാപനങ്ങളുമായുള്ള ഏകോപനത്തിലൂടെ വിദ്യാഭ്യാസ മേഖലയ്‌ക്കായി സഹകരിച്ച് വികസിപ്പിച്ച പങ്കിട്ട കാഴ്ചപ്പാടിൻ്റെ നിർണായക ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

2024-2025 അധ്യയന വർഷം മുതൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പൊതു, സ്വകാര്യ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായി അറബിക് ഭാഷാ മൂല്യനിർണയം ഏർപ്പെടുത്താനുള്ള നിർദ്ദേശം വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് ബിൻ അബ്ദുല്ല ഹുമൈദ് ബെൽഹൂൽ അൽ ഫലാസി അവലോകനം ചെയ്തു. പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസിൽ ചേരുമ്പോൾ അറബി സംസാരിക്കുന്ന എല്ലാ വിദ്യാർത്ഥികളും നേടിയ അറബി ഭാഷാ വൈദഗ്ധ്യത്തിൻ്റെ സമഗ്രമായ അളവെടുപ്പ് ദേശീയ മൂല്യനിർണ്ണയത്തിൽ ഉൾപ്പെടും. ഒന്നാം ഗ്രേഡിൽ വിദ്യാർത്ഥികളുടെ എൻറോൾമെൻ്റിൻ്റെ ആദ്യ എട്ട് ആഴ്ചകളിൽ നടത്തപ്പെടുന്ന മൂല്യനിർണ്ണയ ഫലങ്ങൾ തീരുമാനമെടുക്കുന്നവർക്കും സ്‌കൂളുകൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികളുടെ ഭാഷ പരിജ്ഞാനം അളക്കുന്നതിന് സഹായിക്കും.

പൊതുവിദ്യാഭ്യാസ, നൂതന സാങ്കേതികവിദ്യ സഹമന്ത്രി സാറാ അൽ അമീരി, പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി 2023-2024 അധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ വിശകലനവും പഠനവും അവതരിപ്പിച്ചു.

മൂന്ന് സെമസ്റ്ററുകളിലുടനീളമുള്ള വിദ്യാർത്ഥികളുടെ ഫലങ്ങൾ അവരുടെ യഥാർത്ഥ ലെവലുകൾ തിരിച്ചറിയുന്നതിനും മികച്ച സമ്പ്രദായങ്ങൾക്ക് അനുസൃതമായി അവരുടെ അക്കാദമിക് നേട്ടങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പിന്തുണാ പദ്ധതികൾ വികസിപ്പിക്കുന്നതിനും എമിറേറ്റ്‌സ് സ്‌കൂൾസ് എസ്റ്റാബ്ലിഷ്‌മെൻ്റ് (ഇഎസ്ഇ) തുടർച്ചയായി പഠിക്കുന്നുണ്ടെന്ന് അവർ വിശദീകരിച്ചു.

WAM/അമൃത രാധാകൃഷ്ണൻ