ഭൂകമ്പം ബാധിച്ച സിറിയക്കാരെ സഹായിക്കാൻ ഇആർസി പുതിയ ഘട്ട വികസന പദ്ധതികൾ ആരംഭിച്ചു

ലതാകിയ, 13 മെയ്, 2024 (WAM)--എമിറേറ്റ്‌സ് റെഡ് ക്രസൻ്റ് അതോറിറ്റി (ഇആർസി) സിറിയയിലെ ലതാകിയ ഗവർണറേറ്റിൽ ഒരു പുതിയ ഘട്ട വികസന പദ്ധതികൾക്ക് തുടക്കമിട്ടു. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന 3,500-ലധികം ആളുകൾക്ക് സുസ്ഥിരമായ ജലവിതരണം നൽകുന്ന അൽ-മുഷൈർഫെയിലെ ജലസേചന പദ്ധതിയും, സൗരോർജത്തിൽ പ്രവർത്തിക്കുന്ന ജലസംഭരണികൾ, കന്നുകാലി വളർത്തൽ എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നു.

സിറിയയിലെ യുഎഇ അംബാസഡർ ഹസൻ അൽ ഷെഹിയുടെ സാന്നിധ്യത്തിൽ ഇആർസിയുടെ പ്രാദേശിക കാര്യ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഹമൂദ് അബ്ദുല്ല അൽ ജുനൈബിയുടെ നേതൃത്വത്തിലുള്ള ഇആർസിയുടെ പ്രതിനിധി സംഘം പദ്ധതികൾ ഉദ്ഘാടനം ചെയ്തു.

ഇആർസിയും സിറിയൻ ട്രസ്റ്റ് ഫോർ ഡവലപ്‌മെൻ്റും മാനുഷിക, ദുരിതാശ്വാസ, വികസന മേഖലകൾ ഉൾക്കൊള്ളുന്ന ഒരു സഹകരണ കരാറിൽ ഒപ്പുവച്ചു.

ഭൂകമ്പത്തെത്തുടർന്ന് സിറിയൻ ജനതയെ പിന്തുണയ്ക്കുന്നതിനും അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള യുഎഇയുടെ നീക്കത്തിൻ്റെ ഭാഗമായി ആരോഗ്യം, വിദ്യാഭ്യാസം, ഭവനം തുടങ്ങിയ സുപ്രധാന മേഖലകൾ ഉൾപ്പെടുന്ന സിറിയയിലെ ഇആർസിയുടെ സംരംഭങ്ങളുടെ തുടർച്ചയാണ് ഈ പദ്ധതികളെന്ന് അൽ ജുനൈബി പറഞ്ഞു.

“ഞങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ സിറിയൻ ജനതയെ പിന്തുണയ്ക്കാനുള്ള ഇആർസിയുടെ ശ്രമങ്ങളിൽ ഒരു പുതിയ ഘട്ടത്തെയും ഒരു പരിവർത്തന മാറ്റത്തെയും പ്രതിനിധീകരിക്കുന്നു. നഷ്‌ടപ്പെട്ട വിഭവങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും ഉൽപാദന മാർഗ്ഗങ്ങൾ നൽകിക്കൊണ്ട് സുസ്ഥിരത വർദ്ധിപ്പിക്കാനും ദുരിത ബാധിത കുടുംബങ്ങളെ ശാക്തീകരിക്കാനും ലക്ഷ്യമിട്ട് സിറിയൻ ജനതയെ പിന്തുണയ്ക്കുന്നതിനായി ഇആർസി പുതിയ പദ്ധതികൾ ആരംഭിക്കുന്നു," അദ്ദേഹം വിശദീകരിച്ചു.

പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ സിറിയൻ ജനതയെ പിന്തുണയ്ക്കുന്നതിനായി നിരവധി സംരംഭങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

WAM/അമൃത രാധാകൃഷ്ണൻ