പാക്കിസ്ഥാനിലെ സിന്ധിൽ സ്ത്രീകൾക്കായുള്ള ശൈഖ് സായിദ് ആശുപത്രിയുടെ വിപുലീകരണം ഇആർസി ഉദ്ഘാടനം ചെയ്തു

കറാച്ചി, 14 മെയ്, 2024 (WAM) -- എമിറേറ്റ്‌സ് റെഡ് ക്രസൻ്റ് (ഇആർസി) ആരോഗ്യ സംരക്ഷണ മേഖലയിലെ വികസന സംരംഭങ്ങളുടെ ഭാഗമായി പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലർക്കാനയിൽ സ്ത്രീകൾക്കായുള്ള ശൈഖ് സായിദ് ആശുപത്രിയുടെ വിപുലീകരണം ഉദ്ഘാടനം ചെയ്തു.

പാക്കിസ്ഥാനിലെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാനും പുനരധിവസിപ്പിക്കാനും വികസന മേഖലകളെ പിന്തുണയ്ക്കാനുമുള്ള യുഎഇയുടെ ശ്രമങ്ങൾക്ക് അനുസൃതമായാണ് വിപുലീകരണം.

പുതിയ മെഡിക്കൽ സേവനങ്ങൾ അവതരിപ്പിക്കുക, ആശുപത്രിയുടെ നിലവിലെ ശേഷി 200 കിടക്കകളായി വർധിപ്പിക്കുക, നാല് ഓപ്പറേഷൻ റൂമുകൾ, 15 കിടക്കകളുള്ള റിക്കവറി യൂണിറ്റ്, മെഡിക്കൽ ട്രെയിനിംഗ് യൂണിറ്റ് എന്നിവയുള്ള ഒരു ശസ്ത്രക്രിയാ സമുച്ചയം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കൂടാതെ, ലബോറട്ടറി, എൻഡോസ്കോപ്പി വിഭാഗം, മെഡിക്കൽ ഫിറ്റ്നസ് ഏരിയ, വാക്സിനേഷൻ മുറികൾ എന്നിവ ഉൾക്കൊള്ളുന്ന ഡയഗ്നോസ്റ്റിക്സ് സെൻ്റർക്കൊപ്പം എമർജൻസി കേസുകൾ, അൾട്രാസൗണ്ട് പരിശോധനകൾ, ഇലക്ട്രോകാർഡിയോഗ്രാഫി പരിശോധനകൾ എന്നിവ കൈകാര്യം ചെയ്യാൻ സജ്ജീകരിച്ച ആറ് യൂണിറ്റുകൾ അടങ്ങുന്ന മെഡിക്കൽ എമർജൻസി സെൻ്റർ വിപുലീകരണത്തിൽ ഉൾപ്പെടുന്നു.

വിപുലീകരണത്തിന്റെ ഭാഗമായി ആശുപത്രിയിലെ മലിനജല സംവിധാനവും അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുകയും പഴയ മെഡിക്കൽ ഉപകരണങ്ങൾ മാറ്റി ആധുനികമായവ സ്ഥാപിക്കുകയും ചെയ്യും.

ഇആർസി സെക്രട്ടറി ജനറൽ റാഷിദ് മുബാറക് അൽ മൻസൂരിയുടെ നേതൃത്വത്തിൽ ഇആർസി ഡെവലപ്‌മെൻ്റ് ആൻഡ് ഇൻ്റർനാഷണൽ കോപ്പറേഷൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫഹദ് അബ്ദുൾറഹ്മാൻ ബിൻ സുൽത്താൻ,ഇആർസിയിലെ ദുരിതാശ്വാസ, ദുരന്ത തയ്യാറെടുപ്പ് വകുപ്പിൻ്റെ ഡയറക്ടർ ഒബൈദ് അൽ ബലൂഷി, കറാച്ചിയിലെ യുഎഇ കോൺസൽ ജനറൽ ഡോ. ബഖീത് അതീഖ് അൽ റമേത്തി എന്നിവരുൾപ്പെടെ നിലവിൽ പാകിസ്ഥാൻ സന്ദർശിക്കുന്ന ഇആർസി പ്രതിനിധി സംഘമാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്.

സിന്ധ് പ്രവിശ്യയിലെ സ്ത്രീകൾക്കായുള്ള ശൈഖ് സായിദ് ഹോസ്പിറ്റൽ മേഖലയിലെ നിവാസികൾക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. അതിനാൽ, ഇആർസി ആശുപത്രിയുടെ അറ്റകുറ്റപ്പണികളും വിപുലീകരണവും ആരംഭിക്കുകയും അതിൻ്റെ ഗുണഭോക്താക്കൾക്ക് മെഡിക്കൽ, ഹെൽത്ത് കെയർ സേവനങ്ങൾ നൽകുന്നത് തുടരാനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിന് പുതിയ കൂട്ടിച്ചേർക്കലുകൾ അവതരിപ്പിക്കുകയും ചെയ്തു, അൽ മൻസൂരി ഊന്നിപ്പറഞ്ഞു.

പാക്കിസ്ഥാനിലെ, പ്രത്യേകിച്ച് ആരോഗ്യ പരിപാലന മേഖലയിലെ, വികസനപരവും മാനുഷികവുമായ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ആശുപത്രിയുടെ വിപുലീകരണം പ്രതിഫലിപ്പിക്കുന്നതെന്ന് അൽ റെമിതി പറഞ്ഞു.

അഞ്ച് പതിറ്റാണ്ടുകളായി പ്രദേശവാസികൾക്ക് ആരോഗ്യ സേവനങ്ങൾ നൽകിയ ഈ ആശുപത്രി മേഖലയിലെ ഒരു പ്രമുഖ മെഡിക്കൽ സേവന കേന്ദ്രമാണ്. ഈ വിപുലീകരണം സിന്ധിലെ ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന, ആരോഗ്യ, ചികിത്സാ പരിപാടികളിലെ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

1974 മാർച്ച് 12-നാണ് ശൈഖ് സായിദ് ഹോസ്പിറ്റൽ ഫോർ വിമൻ സ്ഥാപിതമായത്. കഴിഞ്ഞ അൻപത് വർഷമായി ഈ മേഖലയിലെ ഏകദേശം 500,000 പേർക്ക് ഇത് പ്രതിവർഷം വൈദ്യ-ചികിത്സാ സേവനങ്ങൾ നൽകുന്നുണ്ട്, കൂടാതെ ഓരോ വർഷവും 120,000 പ്രസവ കേസുകൾ ആശുപത്രി കൈകാര്യം ചെയ്യുന്നു.


WAM/അമൃത രാധാകൃഷ്ണൻ