സുൽത്താൻ അൽ ജാബർ അബുദാബിയിൽ യുഎസ് ഊർജ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

അബുദാബി, 2024 മെയ് 13,(WAM)--വ്യവസായ, അഡ്വാൻസ്‌ഡ് ടെക്‌നോളജി മന്ത്രിയും അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്‌നോക്) മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ ഇന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് എനർജി സെക്രട്ടറി ജെന്നിഫർ ഗ്രാൻഹോമിനെ അഡ്നോക് ആസ്ഥാനത്ത് സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം, പ്രത്യേകിച്ച് ക്ലീൻ എനർജി ത്വരിതപ്പെടുത്തുന്നതിനുള്ള യുഎസ്-യുഎഇ പങ്കാളിത്തം (പേസ്) ചർച്ച ചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്ച.

കൂടിക്കാഴ്ചയിൽ, യുഎഇയും യുഎസും തമ്മിലുള്ള ശക്തവും ദീർഘകാലവുമായ സാമ്പത്തിക, ഊർജ്ജ, വ്യാപാര ബന്ധം ഡോ. അൽ ജാബർ വീണ്ടും ഉറപ്പിച്ചു.

ഡോ. അൽ ജാബറും സെക്രട്ടറി ഗ്രാൻഹോമും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (എഐ) പരിവർത്തന സാധ്യതകളെക്കുറിച്ചും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഊർജ്ജ വിതരണം ഉറപ്പാക്കുന്നതിന് കൂടുതൽ സഹകരണത്തിൻ്റെ ആവശ്യകതയെ കുറിച്ചും ചർച്ച ചെയ്തു.

സെക്രട്ടറി ഗ്രാൻഹോം അഡ്നോക്-ൻ്റെ പനോരമ ഡിജിറ്റൽ കമാൻഡ് സെൻ്റർ സന്ദർശിച്ചു, സുരക്ഷ വർധിപ്പിക്കുന്നതിനും ഉദ്‌വമനം കുറയ്ക്കുന്നതിനും കൂടുതൽ മൂല്യം സൃഷ്‌ടിക്കുന്നതിനും മികച്ച തീരുമാനങ്ങൾ എടുക്കുന്നതിനായി കമ്പനി കൺട്രോൾ റൂമിൽ നിന്ന് ബോർഡ് റൂമിലേക്ക് എഐ സംയോജിപ്പിച്ചത് എങ്ങനെയെന്നും വിലയിരുത്തി.