ഫുജൈറ, 14 മെയ് 2024 (WAM) -- എമിറേറ്റിൻ്റെ തന്ത്രപരമായ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ പാരിസ്ഥിതിക സംരംഭങ്ങൾ നിർണായക പങ്ക് വഹിക്കുന്നതായി ഫുജൈറയുടെ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, അഭിപ്രായപ്പെട്ടു. ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന പ്രത്യേക പരിപാടികൾ നടപ്പിലാക്കുന്നതിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കാനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാനും കഴിയുമെന്ന്, അദ്ദേഹം വ്യക്തമാക്കി.
ശൈഖ് മുഹമ്മദിൻ്റെ അധ്യക്ഷതയിൽ നടന്ന ഫുജൈറ എൻവയോൺമെൻ്റ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് യോഗത്തിലാണ്,അദ്ദേഹം ഇതു സംബന്ധിച്ച് പ്രസ്താവന നടത്തിയത്. അതോറിറ്റിയുടെ പ്രവർത്തന റിപ്പോർട്ടുകൾ, നിലവിലുള്ളതും വരാനിരിക്കുന്നതുമായ വിവിധ പദ്ധതികൾ, പ്രോജക്ടുകൾ എന്നിവ യോഗം വിലയിരുത്തി.
പരിസ്ഥിതി സംരക്ഷണത്തിനായുള്ള രാജ്യത്തിൻ്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുകയെന്ന ലക്ഷ്യത്തോടെ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുടെ നിർദേശങ്ങൾ ശൈഖ് മുഹമ്മദ് ബിൻ ഹമദ് എടുത്തുപറഞ്ഞു. സുസ്ഥിര വികസനത്തിൽ പരിസ്ഥിതി സംരക്ഷണത്തിൻ്റെ നിർണായക പങ്കിനെ അടിസ്ഥാനമാക്കിയുള്ള ഈ ദർശനം, കാലാവസ്ഥയിലും പാരിസ്ഥിതിക പ്രവർത്തനങ്ങളിലുമുള്ള ആഗോള ശ്രമങ്ങളുമായി ഒത്തുചേരുന്നു.
ഫുജൈറയുടെ പാരിസ്ഥിതിക അഭിലാഷങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കുന്നതിനായി പ്രവർത്തിക്കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച് ഉറപ്പിച്ചുകൊണ്ട് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ കിരീടാവകാശിയുടെ തുടർച്ചയായ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി.
WAM/അമൃത രാധാകൃഷ്ണൻ