സാമൂഹിക പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി മആൻ 91 ദശലക്ഷം ദിർഹം സംഭാവനയായി അനുവദിച്ചു

അബുദാബി, 15 മെയ്, 2024 (WAM) --സാമൂഹിക സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള അബുദാബിയുടെ ഔദ്യോഗിക ചാനലായ അതോറിറ്റി ഓഫ് സോഷ്യൽ കോൺട്രിബ്യൂഷൻ (മആൻ) 2023-ലെ സംഭാവന വിഹിതം റിപ്പോർട്ട് പുറത്തിറക്കി.

ഡിപ്പാർട്ട്‌മെൻ്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (ഡിഎംടി), അബുദാബി സിറ്റി മുനിസിപ്പാലിറ്റി, ഫാമിലി കെയർ അതോറിറ്റി, അൽ നൂർ സെൻ്റർ എന്നിവയുൾപ്പെടെ വിവിധ പങ്കാളികളുമായി സഹകരിച്ച് സാമൂഹിക, ആരോഗ്യം, പരിസ്ഥിതി, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസ മേഖലകളിലായി 57 ഫലപ്രദമായ പദ്ധതികൾ കഴിഞ്ഞ വർഷം മആൻ ആരംഭിച്ചു.

മആൻ സ്വീകരിച്ച സാമൂഹിക സംഭാവനകളിലൂടെ സമൂഹത്തിൽ കൈവരിച്ച സ്വാധീനത്തെ കമ്മ്യൂണിറ്റി ഡവലപ്‌മെൻ്റ് വകുപ്പ് ചെയർമാൻ ഡോ.മുഗീർ അൽ ഖൈലി എടുത്ത് കാണിച്ചു. 2023-ൽ, സാമൂഹിക മുൻഗണനകളെ അഭിസംബോധന ചെയ്യുന്ന പ്രോജക്റ്റുകൾക്കായി 91 ദശലക്ഷം ദിർഹം നൽകി, ഇവ ആത്യന്തികമായി കമ്മ്യൂണിറ്റി അംഗങ്ങളുടെ ജീവിത നിലവാരം ഉയർത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹിക മുൻഗണനകൾ അഭിസംബോധന ചെയ്യുന്നതും സാമൂഹിക ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതും അബുദാബിയിലെ ഒന്നിലധികം കമ്മ്യൂണിറ്റി ഗ്രൂപ്പുകളെ ശാക്തീകരിക്കുന്നതുമായ സംരംഭങ്ങളെ പിന്തുണയ്ക്കുന്ന 28 പ്രോജക്ടുകളിലൂടെ സാമൂഹിക മേഖലയ്ക്ക് 41.1 ദശലക്ഷം ദിർഹം അനുവദിച്ചു.മൊത്തം 28.05 മില്യൺ ദിർഹം, ആരോഗ്യ മേഖലയ്ക്കായി വകയിരുത്തി, സാമൂഹിക ആരോഗ്യ സേവനങ്ങൾ ലക്ഷ്യമിട്ടുള്ള 12 പദ്ധതികളെ പിന്തുണച്ചു.

കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനും വിദ്യാഭ്യാസ അവസരങ്ങൾ വർധിപ്പിക്കുന്നതിനും ഊന്നൽ നൽകിക്കൊണ്ടുള്ള 10 പദ്ധതികളിലായി 9.3 ദശലക്ഷം ദിർഹം വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിച്ചു. സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം, താമസക്കാരുടെ ജീവിത നിലവാരം വർധിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയിൽ ഊന്നൽ നൽകുന്ന ഏഴ് പദ്ധതികളെ പിന്തുണച്ച് പരിസ്ഥിതി, അടിസ്ഥാന സൗകര്യ മേഖലയ്ക്ക് 12.7 ദശലക്ഷം ദിർഹം അനുവദിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

WAM/അമൃത രാധാകൃഷ്ണൻ