പുതിയ ഗവേഷണ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് സ്തനാർബുദത്തെ പ്രതിരോധിക്കാൻ എം42,ആസ്ട്രസെനെക്ക എന്നിവയുമായി കരാർ ഒപ്പുവച്ച് അബുദാബി ആരോഗ്യ വകുപ്പ്

അബുദാബി, 15 മെയ്, 2024 (WAM) -- യുഎഇയുടെ ആദ്യത്തെ ബ്രെസ്റ്റ് ക്യാൻസർ ക്വാളിറ്റി ഇംപ്രൂവ്‌മെൻ്റ് പ്രോഗ്രാമും (ക്യുപി) റിസർച്ച് പ്ലാറ്റ്‌ഫോമും വികസിപ്പിക്കുന്നതിന് എം42 ഗ്രൂപ്പിൻ്റെ ഭാഗമായ അബുദാബി ഹെൽത്ത് ഡാറ്റാ സർവീസസ് (എഡിഎച്ച്ഡിഎസ്), ആഗോള ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രസെനെക്ക എന്നിവയുമായി അബുദാബി ആരോഗ്യ വകുപ്പ് കരാർ ഒപ്പിട്ടു. ക്ലിനിക്കൽ വിശകലനം ഉപയോഗിച്ച് നൂതനമായ ഗവേഷണത്തിലൂടെ സ്തനാർബുദ രോഗനിർണയവും ചികിത്സാ തന്ത്രങ്ങളും മെച്ചപ്പെടുത്താൻ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നു. ആരോഗ്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ.നൂറ അൽ ഗൈത്തി, എഡിഎച്ച്ഡിഎസ് സിഇഒ കരീം ഷാഹിൻ, ആസ്ട്രസെനെക്കയിലെ ജിസിസി, പാകിസ്ഥാൻ ക്ലസ്റ്റർ പ്രസിഡൻ്റ് സമേഹ് എൽഫംഗരി എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

പ്രതിരോധം, നേരത്തെയുള്ള രോഗ നിർണ്ണയം, നൂതന ചികിത്സകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമഗ്രമായ പരിപാടികൾ നടപ്പിലാക്കുന്നതിനുള്ള ആരോഗ്യ വകുപ്പിൻ്റെ പ്രതിബദ്ധതയാണ് കരാർ പ്രതിഫലിപ്പിക്കുന്നത്. സ്തനാർബുദത്തിൻ്റെ ആഘാതം ലഘൂകരിക്കാനും നല്ല ആരോഗ്യവും ഗുണമേന്മയുള്ള പരിചരണവും സാർവത്രിക മാനദണ്ഡമാക്കാനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു. സ്തനാർബുദ ഡാറ്റ, തത്സമയ പരിചരണ ഗുണനിലവാര ട്രാക്കിംഗ്, ഗവേഷണ ഇൻഫ്രാസ്ട്രക്ചർ എന്നിവ ഏകീകരിക്കുന്നതിന് കക്ഷികൾ എമിറേറ്റിൻ്റെ മുൻനിര ആരോഗ്യ പരിരക്ഷാ ഇൻഫ്രാസ്ട്രക്ചർ പ്രയോജനപ്പെടുത്തും. മെന മേഖലയിലെ ആദ്യത്തെ ഹെൽത്ത് ഇൻഫർമേഷൻ എക്സ്ചേഞ്ച് (എച്ച്ഐഇ) പ്ലാറ്റ്ഫോമായ മലാഫി, ക്ലിനിക്കൽ ഗവേഷണത്തിലൂടെ ഈ സംരംഭത്തിൽ നിർണായക പങ്ക് വഹിക്കും.

എമിറേറ്റിലെ ക്യാൻസർ ആരോഗ്യ സംരക്ഷണത്തിനായി സഹകരിച്ചുള്ള ശ്രമങ്ങളുടെയും വിഭവ വിനിയോഗത്തിൻ്റെയും ആവശ്യകത ഈ കരാർ ഉയർത്തിക്കാട്ടുന്നു. റിസർച്ച് പ്ലാറ്റ്‌ഫോം സ്തനാർബുദ പരിചരണം മെച്ചപ്പെടുത്താനും ആരോഗ്യ സംരക്ഷണത്തിലെ ട്രെൻഡുകൾ തിരിച്ചറിയാനും സ്ഥിതിവിവരക്കണക്കുകൾ നൽകാനും ലക്ഷ്യമിടുന്നു, ഇത് മെച്ചപ്പെട്ട ചികിത്സാ ഫലങ്ങളിലേക്ക് നയിക്കുന്നു. എമിറേറ്റിനെ ഒരു ആഗോള ലൈഫ് സയൻസസ് ഹബ്ബായും ഉത്തരവാദിത്തമുള്ള ആരോഗ്യ സംരക്ഷണ നവീകരണത്തിനുള്ള ഇൻകുബേറ്ററായും സ്ഥാപിക്കുന്നതിൽ ആരോഗ്യ വകുപ്പിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ പ്ലാറ്റ്‌ഫോം. ഗവേഷകർ, അക്കാദമിക്, ഹെൽത്ത് കെയർ പ്രൊഫഷണലുകൾ എന്നിവർക്ക് ഈ മേഖലയിലെ പ്രസിദ്ധീകരണങ്ങളുടെ സമഗ്രമായ ലിസ്റ്റ് സൃഷ്ടിക്കാനുള്ള അവസരം പ്ലാറ്റ്‌ഫോം നൽകുന്നു.

WAM/അമൃത രാധാകൃഷ്ണൻ