ഷാർജ, 15 മെയ്, 2024 (WAM) -- ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയും പ്രാദേശിക എമർജൻസി മാനേജ്‌മെൻ്റ് ടീമുമായി ഭരണാധികാരികളുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി.
അസാധാരണമായ കാലാവസ്ഥയിൽ ബാധിതരായ ആളുകളെ പിന്തുണയ്ക്കുന്നതിൽ ടീം, പ്രാദേശിക സ്ഥാപനങ്ങൾ, കമ്മ്യൂണിറ്റി സന്നദ്ധപ്രവർത്തകർ എന്നിവരുടെ ശ്രമങ്ങളെ കിരീടാവകാശി അംഗീകരിച്ചു. അടിയന്തര സാഹചര്യങ്ങളിലും ദുരന്തങ്ങളിലും പ്രതികരിക്കുന്നതിൽ പ്രാദേശിക, ഫെഡറൽ സർക്കാരുകൾ തമ്മിലുള്ള സഹകരണത്തെ അദ്ദേഹം അഭിനന്ദിച്ചു.
കമ്മ്യൂണിറ്റി അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണ നൽകുന്നതിനും വിദ്യാസമ്പന്നരായ സന്നദ്ധപ്രവർത്തകരുടെ പ്രാധാന്യവും കിരീടാവകാശി എടുത്തുപറഞ്ഞു. എല്ലാവരുടെയും അഭിവൃദ്ധിയും സുരക്ഷിതത്വവും ആശംസിച്ചുകൊണ്ട് ദുരിത ബാധിത കുടുംബങ്ങൾക്ക് പാർപ്പിടം, അടിസ്ഥാന സാധനങ്ങൾ തുടങ്ങിയ നിർണായക ആവശ്യങ്ങൾ നൽകിക്കൊണ്ട് സമൂഹത്തോടുള്ള നേതൃത്വത്തിൻ്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.
സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ സ്‌കൂളുകളിലും റിമോട്ട് വർക്ക്, പഠന നയങ്ങൾ നടപ്പിലാക്കുന്നത് ഉൾപ്പെടെയുള്ള അവരുടെ ശ്രമങ്ങളെക്കുറിച്ചുള്ള പ്രാദേശിക ടീമിൻ്റെ വിശദീകരണങ്ങൾ ഷാർജയിലെ ഡെപ്യൂട്ടി ഭരണാധികാരി ശ്രദ്ധിച്ചു. ഇത് സാമ്പത്തിക നഷ്ടം കുറയ്ക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സഹായിച്ചതായി യോഗം വിലയിരുത്തി.
WAM/അമൃത രാധാകൃഷ്ണൻ