മുഹമ്മദ് ബിൻ സായിദ് സാറ്റലൈറ്റ് വിക്ഷേപണത്തിന് ഹംദാൻ ബിൻ മുഹമ്മദ് അംഗീകാരം നൽകി

ദുബായ്, 15 മെയ്, 2024 (WAM) --ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെൻ്റർ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒക്ടോബറിൽ 'മുഹമ്മദ് ബിൻ സായിദ് സാറ്റലൈറ്റ്' വിക്ഷേപിക്കുന്നതിന് ഔദ്യോഗിക അംഗീകാരം നൽകി.

യുഎഇയുടെ എയ്‌റോസ്‌പേസ് വ്യവസായത്തിൽ ഒരു വലിയ മുന്നേറ്റം കുറിക്കുന്നതാണ് എമിറാത്തി എഞ്ചിനീയർമാർ സ്വതന്ത്രമായി വികസിപ്പിച്ച് നിർമ്മിച്ച ഉപഗ്രഹം. ആഗോള എയ്‌റോസ്‌പേസ് സാങ്കേതികവിദ്യയിൽ യുഎഇയുടെ ഈ വിക്ഷേപണം ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും ഇത് മേഖലയിൽ രാജ്യത്തിൻ്റെ മുൻനിര സ്ഥാനം കൂടുതൽ ഉറപ്പിക്കുമെന്നും ശൈഖ് ഹംദാൻ ഊന്നിപ്പറഞ്ഞു.

മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം സന്ദർശിച്ച വേളയിൽ, സാങ്കേതിക വിശദാംശങ്ങളും ദൗത്യ ലക്ഷ്യങ്ങളും മനസിലാക്കാൻ ഉപഗ്രഹ വികസനത്തിൻ്റെ ഉത്തരവാദിത്തമുള്ള ടീമുമായി ശൈഖ് ഹംദാൻ നേരിട്ട് ആശയവിനിമയം നടത്തി. കഠിനമായ ബഹിരാകാശ സാഹചര്യങ്ങളിൽ പ്രവർത്തിക്കാനുള്ള അതിൻ്റെ കഴിവ് വിലയിരുത്തുന്നതിന് പാരിസ്ഥിതിക പരിശോധനകൾ നടത്തുന്നത് ഉൾപ്പെടെ പദ്ധതിയുടെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള ഒരു ബ്രീഫിംഗും ടീം അദ്ദേഹത്തിന് നൽകി. ആഗോള എയ്‌റോസ്‌പേസ് വ്യവസായത്തിൽ യുഎഇയുടെ പദവി ഉയർത്താനും എയ്‌റോസ്‌പേസ് സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ദൃഢനിശ്ചയം പ്രകടിപ്പിക്കാനും ലക്ഷ്യമിട്ട് ഒക്ടോബറിൽ സ്‌പേസ് എക്‌സ് റോക്കറ്റ് വഴി ഉപഗ്രഹം വിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ശൈഖ് ഹംദാൻ്റെ മേൽനോട്ടത്തിൽ നടത്തുന്ന മുഹമ്മദ് ബിൻ സായിദ് സാറ്റലൈറ്റ് വിക്ഷേപണം യുഎഇയുടെ സാങ്കേതിക പുരോഗതി മാത്രമല്ല പ്രതിഫലിപ്പിക്കുന്നതെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെൻ്റർ ഡയറക്ടർ ബോർഡ് ചെയർമാൻ ഹമദ് ആബിദ് അൽ മൻസൂരി പറഞ്ഞു. പുതിയ മേഖലകൾ പര്യവേക്ഷണം ചെയ്യുന്നതിനും ആഗോള എയ്‌റോസ്‌പേസ് സാങ്കേതികവിദ്യയിൽ യുഎഇയുടെ മുൻനിര സ്ഥാനം വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ കേന്ദ്രം തുടരുമെന്നും,അദ്ദേഹം കൂട്ടിച്ചേർത്തു.

എമിറാത്തി ടീം സ്വതന്ത്രമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹം നൂതന ബഹിരാകാശ സാങ്കേതിക വിദ്യയിലെ യുഎഇയുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്റർ ഡയറക്ടർ ജനറൽ സലിം ഹമീദ് അൽ മർറി പറഞ്ഞു.

WAM/അമൃത രാധാകൃഷ്ണൻ