33-ാമത് അറബ് ലീഗ് ഉച്ചകോടിക്കിടെ മുഹമ്മദ് ബിൻ റാഷിദ് കുവൈത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദുബായ്, 16 മെയ്, 2024 (WAM) --ബഹ്‌റൈനിൽ നടക്കുന്ന 33-ാമത് അറബ് ലീഗ് ഉച്ചകോടിക്കിടെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി.രാഷ്‌ട്രപതിമാരായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ശൈഖ്‌ മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് എന്നിവരുടെ നേതൃത്വത്തിൽ ഉഭയകക്ഷി ബന്ധത്തിൻ്റെ വളർച്ചയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത അവർ പ്രകടിപ്പിച്ചു. ജിസിസി ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്നതിനും സുസ്ഥിരതയും അഭിവൃദ്ധിയും വർദ്ധിപ്പിക്കുന്നതിനുമുള്ള കുവൈത്തിൻ്റെ പങ്കിനെയും ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു.

അടുത്ത ഏകോപനത്തിലൂടെയും സാമ്പത്തിക വികസന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് സ്വകാര്യ മേഖലയെ ശാക്തീകരിക്കുന്നതിലൂടെയും വിവിധ മേഖലകളിലെ സഹകരണത്തിന് പുതിയ വഴികൾ തുറക്കേണ്ടതിൻ്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. മിഡിൽ ഈസ്റ്റിലെ നിലവിലെ പിരിമുറുക്കങ്ങളും പ്രാദേശികവും ആഗോളവുമായ സുരക്ഷയിൽ അവ ചെലുത്തുന്ന പ്രത്യാഘാതങ്ങളും ഉൾപ്പെടെ പരസ്പര ആശങ്കയുള്ള വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. ശാശ്വതമായ സമാധാനത്തിനും സുരക്ഷയ്ക്കും ഒരു അടിത്തറ സൃഷ്ടിക്കേണ്ടതിൻ്റെ പ്രാധാന്യവും മേഖലയിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾ സേവിക്കുന്നതിനുള്ള പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതിൻ്റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു.


യോഗത്തിൽ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ, ദുബായ് എയർപോർട്ട് ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പിൻ്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, കുവൈത്ത് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ അൻവർ എ അൽ മുദാഫ്, കുവൈത്ത് വിദേശകാര്യ മന്ത്രിഅബ്ദുല്ല അലി അൽ യഹ്‌യ കൂടാതെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.


WAM/അമൃത രാധാകൃഷ്ണൻ