അപൂർവ രോഗങ്ങളെ ചെറുക്കുന്നതിന് സമഗ്രമായ പ്രാദേശിക തന്ത്രം ആവശ്യമാണ് : നഹ്യാൻ ബിൻ മുബാറക്

അബുദാബി, 16 മെയ്, 2024 (WAM) -- പൊതുജനാരോഗ്യത്തിനും വൈദ്യശാസ്ത്ര പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത, അബുദാബിയിൽ നടന്ന അപൂർവ രോഗങ്ങൾക്കായുള്ള മെന കോൺഗ്രസിൽ, സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉയർത്തിക്കാട്ടി. ബുർജീൽ മെഡിക്കൽ സിറ്റിയുടെ (ബിഎംസി) പങ്കാളിത്തത്തോടെ നടക്കുന്ന നാല് ദിവസത്തെ പരിപാടിയിൽ 27 രാജ്യങ്ങളിൽ നിന്നുള്ള 51 അന്താരാഷ്ട്ര വിദഗ്ധർ ഉൾപ്പെടെ 141 സ്പീക്കർമാർ പങ്കെടുക്കുന്നു. സമീപകാല ഗവേഷണങ്ങൾ, ഡയഗ്‌നോസ്റ്റിക്‌സിലെയും ചികിത്സകളിലെയും പുരോഗതി, പ്രാദേശിക അനുഭവങ്ങൾ, അപൂർവ രോഗങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന 41 സെഷനുകൾ കോൺഗ്രസ് ഉൾക്കൊള്ളുന്നു.

അപൂർവ രോഗങ്ങളെ നേരിടാൻ വിവിധ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തിൻ്റെയും പ്രാദേശിക, അന്തർദേശീയ സഹകരണത്തിൻ്റെയും പ്രാധാന്യം ശൈഖ് നഹ്യാൻ ഊന്നിപ്പറഞ്ഞു. അപൂർവ രോഗങ്ങളെ ചെറുക്കുന്നതിന് ദേശീയവും പ്രാദേശികവുമായ ആരോഗ്യ മുൻഗണന നൽകുന്ന ഫലപ്രദമായ പ്രാദേശിക തന്ത്രത്തിൻ്റെ ആവശ്യകതയും അദ്ദേഹം അംഗീകരിച്ചു. കൂടാതെ, ഈ രോഗങ്ങളെക്കുറിച്ചുള്ള പൊതു അറിവും പൊതുവായ അപകട ഘടകങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കണമെന്നും, അദ്ദേഹം അഭിപ്രായപ്പെട്ടു.

മികച്ച ക്ലിനിക്കൽ പ്രാക്ടീസുകളിലൂടെയും ഗവേഷണത്തിലൂടെയും പ്രധാന ആവശ്യങ്ങളും സാധ്യമായ പരിഹാരങ്ങളും ഉയർത്തിക്കാട്ടുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ച്, സമഗ്രമായി അപൂർവ വൈകല്യങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലാണ് കോൺഗ്രസ് അജണ്ട രൂപപ്പെടുത്തിയത്. 38 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 1,100-ലധികം പേർ കോൺഗ്രസിൽ പങ്കെടുത്തു, അതിൽ ഫിസിഷ്യൻമാർ, വിദ്യാർത്ഥികൾ, ഗവേഷകർ, ലബോറട്ടറികളുടെ പ്രതിനിധികൾ, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, ഹെൽത്ത് കെയർ സ്ഥാപനങ്ങൾ, രോഗികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടുന്നു.


WAM/അമൃത രാധാകൃഷ്ണൻ