മുഹമ്മദ് ബിൻ റാഷിദ് ബഹ്‌റൈനിൽ 33-ാമത് അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുത്തു

മനാമ, 16 മെയ് 2024 (WAM) -- ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബഹ്‌റൈനിലെ മനാമയിൽ നടന്ന 33-ാമത് അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുത്തു. 22 അറബ് ലീഗ് അംഗരാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും പ്രതിനിധികളും പങ്കെടുത്ത പരിപാടി, അറബ് സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനും വെല്ലുവിളികളെ അതിജീവിക്കുന്നതിന് മേഖലയെ സഹായിക്കുന്നതിനുള്ള പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. ഉച്ചകോടിയുടെ അസാധാരണമായ സംഘാടനത്തിന് ബഹ്‌റൈൻ രാജാവിനെ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അഭിനന്ദിക്കുകയും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ തുടർച്ചയായ വളർച്ചയ്ക്കും സമൃദ്ധിക്കും ആശംസകൾ അറിയിക്കുകയും ചെയ്തു.

ഉച്ചകോടിയിൽ, പലസ്തീനിയൻ പ്രശ്നം കേന്ദ്രസ്ഥാനത്തെത്തി, ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിഷയത്തിൽ യുഎഇയുടെ പ്രതിബദ്ധത ആവർത്തിച്ചു. ഗാസയ്ക്ക് ദുരിതാശ്വാസ സഹായം എത്തിക്കുന്നതിനുള്ള ആഗോള ശ്രമങ്ങളിൽ യുഎഇയുടെ പ്രധാന പങ്ക് അദ്ദേഹം ഊന്നിപ്പറയുകയും പലസ്തീന് പൂർണ്ണമായ യുഎൻ അംഗത്വം നൽകുന്നതിന് അനുകൂലമായി നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ സമീപകാല നയതന്ത്ര നടപടികളെ അഭിനന്ദിക്കുകയും ചെയ്തു.

അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണവും സംയോജനവും ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള കൂട്ടായ പ്രവർത്തനത്തിൻ്റെ ഒരു പുതിയ ഘട്ടം ആരംഭിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി അറബ് ലോകത്തെമ്പാടുമുള്ള നേതാക്കൾ ഉച്ചകോടിയിൽ ഒത്തു ചേർന്നു. മേഖലയിലുടനീളം സ്ഥിരത, പുരോഗതി, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്ന സമഗ്രമായ സുസ്ഥിര വികസനത്തിൻ്റെ ഒരു പുതിയ യുഗം തുറക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അറബ് ജനതയുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള വിവിധ തന്ത്രങ്ങൾ അവർ ചർച്ച ചെയ്തു.

ഉച്ചകോടിയുടെ ഉദ്ഘാടന വേളയിൽ, സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് മുഖ്യ പ്രഭാഷണം നടത്തി. പ്രാദേശിക സുരക്ഷ, സമാധാനം, സമൃദ്ധി എന്നിവയുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുകയും സംഘർഷങ്ങളുടെ സമാധാനപരമായ പരിഹാരത്തിനായി വാദിക്കുകയും ചെയ്തു.

ബഹ്‌റൈനിലെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ മിഡിൽ ഈസ്റ്റിലെ സമാധാനത്തിനായി ഒരു അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും അറബ് ലോകത്തെ അതിൻ്റെ ന്യായമായ അഭിലാഷങ്ങളിലേക്ക് അടുപ്പിക്കുന്ന സ്ഥിരതയുടെയും വികസനത്തിൻ്റെയും ഒരു പുതിയ അധ്യായം തുറക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.


WAM/അമൃത രാധാകൃഷ്ണൻ