യുഎഇയിലെ സാംസ്കാരിക വൈവിധ്യം ശക്തിയുടെയും വഴക്കത്തിൻ്റെയും നൂതനത്വത്തിൻ്റെയും ഉറവിടം: സാകി നുസൈബെ

അബുദാബി, 20 മെയ്, 2024 (WAM) -- സാംസ്‌കാരിക വൈവിധ്യത്തിനായുള്ള ലോക ദിനാചരണം സംഭാഷണത്തിനും വികസനത്തിനുമുള്ള വൈവിധ്യത്തെ ആശ്ലേഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ ഉയർത്തിക്കാട്ടുന്നുവെന്ന് യുഎഇയുടെ ചാൻസലറും രാഷ്ട്രപതിയുടെ സാംസ്‌കാരിക ഉപദേഷ്ടാവുമായ സാക്കി നുസ്സൈബെ ഊന്നിപ്പറഞ്ഞു

എല്ലാ വർഷവും മെയ് 21-ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച സംഭാഷണത്തിനും വികസനത്തിനുമുള്ള സാംസ്കാരിക വൈവിധ്യത്തിനായുള്ള ലോക ദിനത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇയുടെ സാംസ്കാരിക വൈവിധ്യം ശക്തിയുടെയും പൊരുത്തപ്പെടലിൻ്റെയും സർഗ്ഗാത്മകതയുടെയും ഉറവിടമാണെന്ന് നുസ്സെയ്ബെ പറഞ്ഞു.

യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നേതൃത്വത്തിലുള്ള യുഎഇ സർക്കാർ, രാജ്യത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ സുസ്ഥിര വികസനത്തിലും ആഗോള മത്സരക്ഷമതയിലും പ്രധാന ഘടകമായി അംഗീകരിക്കുന്നു. ഈ പൈതൃകത്തെ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാനും നിക്ഷേപങ്ങൾ ആകർഷിക്കാനും സുസ്ഥിര ടൂറിസം സംരംഭങ്ങളെ പ്രചോദിപ്പിക്കാനും നേതൃത്വം ഉപയോഗപ്പെടുത്തിയതായും, അദ്ദേഹം കൂട്ടിച്ചേർത്തു.

ദ്രുതഗതിയിലുള്ള ആഗോളവൽക്കരണവും സാങ്കേതിക പുരോഗതിയും ഉള്ള ഒരു ലോകത്ത്, വിഭജനം, അസഹിഷ്ണുത, തീവ്രവാദം എന്നിവയ്‌ക്കെതിരായ ഒരു സംരക്ഷണമാണ് സാംസ്കാരിക വൈവിധ്യമെന്ന് യുഎഇ മനസ്സിലാക്കുന്നു, ഒപ്പം സ്വത്വബോധം, പൊതു മാനവികത എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു, നുസൈബെ പറഞ്ഞു.

"നമ്മൾ ഭാവിയിലേക്ക് നോക്കുമ്പോൾ, ഞങ്ങളുടെ നേതൃത്വ സമീപനത്തിൽ സാംസ്കാരിക വൈവിധ്യത്തിനും സഹിഷ്ണുതയ്ക്കും മുൻഗണന നൽകുന്നത് തുടരേണ്ടത് അത്യാവശ്യമാണ്, വ്യത്യസ്ത ശബ്ദങ്ങൾ കേൾക്കുന്ന, കാഴ്ചപ്പാടുകൾ വിലമതിക്കുന്ന, വ്യത്യാസങ്ങൾ മാനിക്കുന്ന അന്തരീക്ഷം വളർത്തിയെടുക്കേണ്ടതുണ്ട്,"
യുഎഇയു ചാൻസലർ ഉപസംഹരിച്ചു.


WAM/അമൃത രാധാകൃഷ്ണൻ